ജൂണ്‍ 14 അന്താരാഷ്‌ട്ര രക്ത ദാന ദിനം, രക്തദാനത്തിന്‍റെ ചരിത്രത്തിലൂടെ..




രക്തദാനം എന്ത്? എങ്ങനെ?

കാൾ ലാന്റ്സ്റ്റെനർ എന്ന ശാസ്ത്രജ്ഞനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 14ന് ആണ് ലോക രക്തദാന ദിനമായി ആചരിക്കുന്നത്. രക്ത ഗ്രൂപ്പുകൾ കണ്ടെത്തി തരം തിരിച്ച ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. 2020ലെ രക്തദാനദിനത്തിന്റെ തീം 'Safe Blood Saves Lives' എന്നതാണ്. രക്തം നൽകി ലോകത്തെ ഒരു ആരോഗ്യമുള്ളയിടമാക്കി മാറ്റൂ എന്നതാണ് ഈ വർഷത്തെ WHOയുടെ രക്തദാനദിന മുദ്രാവാക്യം. ദേശീയ സന്നദ്ധ രക്തദാന ദിനമായി ഇന്ത്യയിൽ ഒക്ടോബർ 1ന് ആചരിക്കുന്നു.

ആരോഗ്യമുള്ള മനുഷ്യ ശരീരത്തിൽ ശരാശരി 5 മുതൽ 6 ലിറ്റർ വരെ രക്തമുണ്ടാകും. ഇവ കുറയുംതോറും പുനർനിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കും. അസ്ഥിമജ്ജ കളിലാണ് രക്തം നിർമിക്കപ്പെടുന്നത്. രക്തത്തിലെ പ്രധാന 3 ഘടകങ്ങളായ പ്ലാസ്മ, പ്ലേറ്റ്ലെറ്റ്കൾ, ചുവന്ന രക്താണുക്കൾ എന്നിവയെ തരംതിരിച്ചാണ് നിലവിൽ സൂക്ഷിക്കുക.ദാതാവിന്റെ രക്തം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി ദാതാവിന്റെ പൂർണ സമ്മതത്തോടെയാണ് രക്തം സ്വീകരിക്കുന്നത്. 350 മി.ലി ആണ് ഒരു തവണ ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്. ഒരു യൂണിറ്റ് രക്തം (525 മി.ലി) ഉപയോഗിച്ച് 4 വ്യക്തികളുടെ ജീവൻ നിലനിർത്താൻ സാധിക്കും. അപ്രകാരം ഒരു വ്യക്തിയുടെ ജീവിതകാലയളിൽ 300 ജീവനുകൾ രക്ഷിക്കാൻ സാധിക്കും.

ഹീമോഗ്ലോബിന്റെ ശതമാനം, RH, മലേറിയൽ പാരസൈറ്റ്, സിഫിലിസ്, ഹെപ്പറ്റൈറ്റിസ് B/C, HIV എന്നീ പരിശോധനകൾക്ക് ശേഷമാണ് രക്തം സൂഷിച്ചുവയ്ക്കുകയുള്ളൂ. ചില സാഹചര്യങ്ങളിൽ നാറ്റ് ടെസ്റ്റ് കൂടി നടത്താറുണ്ട്. സ്വീകരിക്കുന്ന രക്തം മൂന്നു തരത്തിൽ വേർതിരിച്ചാണ് സൂക്ഷിക്കുക.

◼️ രക്തമായിത്തന്നെ
◼️ പ്ലേറ്റ് ലെറ്റുകളായി
◼️ പ്ലാസ്മയായി

രക്തമായി 4 മുതൽ 8 ഡിഗ്രീ സെൽഷ്യസ് ഊഷ്മാവിൽ 35 മുതൽ 42 ദിവസം വരെ സൂക്ഷിക്കാനാകും. മൈനസ് 40 ഡിഗ്രിയിൽ പ്ലാസ്മ ഒരു വർഷം വരെ സൂക്ഷിക്കാനാകും. പ്ലേറ്റ്ലെറ്റ്സ് സാധാരണ ഊഷ്മാവിൽ 5 ദിവസം വരെയേ സുക്ഷിക്കാൻ കഴിയൂ.

ശേഖരിക്കുന്ന രക്തം ആവശ്യമായ രോഗിക്ക് ക്രോസ് മാച്ചിംഗ് ടെസ്റ്റിന് ശേഷമാണ് നൽകുന്നത്. ദാതാവിന്റെ രക്തവും രോഗിയുടെ രക്തവും ലാബിൽ കൂട്ടിക്കലർത്തി കട്ടപിടിക്കുന്നുണ്ടോ എന്നുള്ള ശാസ്ത്രിയ പരീക്ഷണമാണ് ഇത്. ചേരാത്ത രക്തം നൽകിയാൽ രോഗി ഗുരുതരാവസ്ഥയിലായി മരണം വരെ സംഭവിച്ചേക്കാം. അതിനാൽ രക്തം സ്വീകരിക്കുന്നതിന് മുൻപ് ക്രോസ് മാച്ചിംഗ് ടെസ്റ്റ് അത്യന്താപേക്ഷിതമാണ്.

രക്ത ദാനത്തെ മഹാദാനം എന്നാണ് വിശേഷിപ്പിക്കുന്നത്. മുറിവുകൾ, അപകടങ്ങൾ, ശസ്ത്രക്രിയകൾ, ജീവന് ഭീഷണിയാവുന്ന രോഗങ്ങൾ, പ്രസവം തുടങ്ങി ഒട്ടേറെ അവസരങ്ങളിൽ രക്തത്തിന് ആവശ്യകതയുണ്ടാവാറുണ്ട്. വ്യക്തികൾ ദാനം ചെയ്യുന്ന രക്തം തന്നെയാണ് ഈ അവസരങ്ങളിലെല്ലാം ജീവൻ രക്ഷിക്കുന്നത്. കൃത്രിമ മാർഗത്തിൽ രക്തം നിർമിക്കാനും ഉപയോഗിക്കാനും ഇത് വരെ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. രണ്ടു രീതികളിലാണ് രക്തം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് സ്വീകരിക്കപ്പെടുന്നത്.

◼️ നേർരേഖാ രീതി  സ്വീകർത്താവിന്റെ ആവശ്യനുസരണം രക്തം ദാനം ചെയ്യപ്പെടുന്നു.
◼️ അലോജനിക് രീതി രക്ത ബാങ്കുകൾ വഴി (സന്നദ്ധ രക്തദാനം)

രക്തം കൂടുതലായും ആവശ്യമായി വരുന്നത് രണ്ടാമത്തെ രീതിയിൽ നിന്നാണ്. ഇന്ത്യയിൽ 30% ശതമാനം മാത്രമേ നിലവിൽ സന്നദ്ധ രക്തദാനം നടക്കുന്നുള്ളൂ. ഇത് 60 ശതമാനമായി ഉയർത്തേണ്ടിയിരിക്കുന്നു. പുരുഷൻമാർ ആണ് കൂടുതലായും രക്തം ദാനം ചെയ്യുന്നത്. സ്വയം സന്നദ്ധമാകുന്നുണ്ടെങ്കിലും സ്ത്രീകളിൽ പൊതുവെ കാണപ്പെടുന്ന വിളർച്ചയും ഭാരക്കുറവും ഹിമോഗ്ലോബിൻ അളവ് കുറവ് എന്നിവ ഇവരെ രക്തദാനത്തിൽ നിന്ന് അയോഗ്യരാക്കാറുണ്ട്.

തുടരും >>