സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചു. | Trawling Banned in Kerala Coast

തിരുവനന്തപുരം : സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ചൊവ്വാഴ്‌ച അർധരാത്രിമുതൽ ആരംഭിച്ചു. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ബോട്ടുകൾ അതത്‌ സ്ഥലങ്ങളിലേക്ക്‌ മടങ്ങി. ട്രോളിങ്‌  നിരോധനസമയത്തുള്ള പട്രോളിങ്ങിനും കടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി 20 സ്വകാര്യ ബോട്ടിന്റെ സേവനം ലഭ്യമാക്കി.

പരിശീലനം ലഭിച്ച  80 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ രക്ഷാപ്രവർത്തനങ്ങൾക്ക്‌ നിയോഗിച്ചു‌. ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലുമുള്ള പെട്രോൾ ബങ്കുകൾ നിരോധന കാലയളവിൽ പ്രവർത്തിക്കില്ല. മറൈൻ ആംബുലൻസിന്റെ സേവനം ജൂൺ, ജൂലൈ മാസങ്ങളിൽ ലഭ്യമാക്കി‌.

സംസ്ഥാനത്ത് ചൊവ്വാഴ്‌ച അർധരാത്രി ആരംഭിച്ച ട്രോളിങ്‌ നിരോധനവുമായി മത്സ്യത്തൊഴിലാളികളും ട്രേഡ് യൂണിയൻ - സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ. കടലിൽ പോയ എല്ലാ ബോട്ടും ചൊവ്വാഴ്‌ച അർധരാത്രിക്കുമുമ്പ്‌  കരയിൽ എത്തണം. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ്‌ നിരോധനം ആരംഭിക്കുംമുമ്പ്‌ കേരള തീരം വിടണം. വലിയ വള്ളങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. മണ്ണെണ്ണ ഉപയോഗിക്കുന്ന എൻജിനുകളുടെ വലുപ്പം കുറച്ചുകൊണ്ടുവരാൻ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം. ട്രോളിങ്‌ നിരോധന കാലയളവിലുള്ള സമാശ്വാസ സഹായധന വിഹിതം സമയബന്ധിതമായി നൽകാന്‍ നടപടി ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

പട്രോളിങ്ങിനും കടൽ സംരക്ഷണ പ്രവർത്തനത്തിനും 20 സ്വകാര്യ ബോട്ടിന്റെ സേവനം ലഭ്യമാക്കി. ആവശ്യമെങ്കില്‍ കൂടുതൽ ബോട്ട് ലഭ്യമാക്കും. ഹാർബറുകളിലും ലാൻഡിങ്‌ സെന്ററുകളിലുമുള്ള പെട്രോൾ ബങ്കുകളുടെ പ്രവർത്തനം ചൊവ്വാഴ്‌ച അവസാനിക്കും. ട്രോളിങ്‌ നിരോധനപ്രവർത്തനം ഏകീകരിക്കാനും സംരക്ഷണപ്രവർത്തനം ശക്തമാക്കാനും മറൈൻ ആംബുലൻസ് ലഭ്യമാക്കും. നിർമാണം പൂർത്തിയാക്കിയ മറൈൻ ആംബുലൻസ് കടലിൽ ഇറക്കുന്ന തീയതി ഉടൻ നിശ്ചയിക്കും.

ജില്ലാ ഭരണകൂടത്തിന്റെ ട്രോളിങ്‌ നിരോധനം സംബന്ധിച്ച നിർദേശങ്ങൾ വള്ളത്തില്‍ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ കൃത്യമായി പാലിക്കണം. മൺസൂൺ ആരംഭിച്ചതിനാൽ മത്സ്യത്തൊഴിലാളികൾക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ കണക്കിലെടുത്തേ കടലിൽ പോകാവൂ. 2016 - 17ൽ 4.88 ലക്ഷം മെട്രിക് ടണ്ണായിരുന്ന സമുദ്ര മത്സ്യോല്പാദനം 2019 - 20ൽ 6.09 ലക്ഷമായി വർധിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി.