സംസ്ഥാനത്ത് ഇന്ന് (18 ജൂലൈ 2020) 593 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്ക് രോഗം, ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്കാണ് രോഗം പിടിപെട്ടത്. 204 പേര്‍ രോഗമുക്തരായി.

11659 പേര്‍ക്കാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 116 പേര്‍ക്കും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

19 ആരോഗ്യപ്രവര്‍ത്തര്‍, ഒരു ഡിഎസ്ഇ, ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരാണ് ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചത്. 70 വയസുള്ള അരുള്‍ദാസ്, 60 വയസുള്ള ബാബുരാജ് എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇവരുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

പോസിറ്റീവ് കേസുകൾ: തിരുവനന്തപുരം -173, കൊല്ലം -53, പാലക്കാട് -49, എറണാകളും -44, ആലപ്പുഴ -42, കണ്ണൂർ -39, കാസർകോട് -29, പത്തനംതിട്ട, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിൽ 26 പേർ, തൃശ്ശൂർ – 21, മലപ്പുറം -19 കോട്ടയം -16.

കഴിഞ്ഞ 24 മണിക്കൂറിൽ 18,937 സാംപിളുകൾ പരിശോധിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,73,932 പേരാണ്. ആശുപത്രികളിൽ 6,841 പേരുണ്ട്. ഇന്ന് പുതുതായി 1,053 പേരെ ആശുപത്രിയിലാക്കി. 6413 പേർ നിലവിൽ കൊവിഡ് ചികിത്സ തേടുന്നു. ഇതുവരെ ആകെ 2,85,158 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതിൽ 7016 സാംപിളുകളുടെ ഫലം വരാനുണ്ട്. സെൻ്റിനൽസ് സർവ്വൈലൻസിൻ്റെ ഭാഗമായി 92,312 സാംപിളുകൾ ശേഖരിച്ചു. അതിൽ 87,653 എണ്ണം നെഗറ്റീവായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 299 ആയി.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

സംസ്ഥാനത്തെ കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിൻ്റെ രണ്ടാം പാദത്തിലെത്തിയെന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നു. മെയ് നാലിന് 499 രോഗികളും മൂന്ന് മരണങ്ങളുമാണ് കേരളത്തിലുണ്ടായിരുന്നത്. ലോക്ക് ഡൗണിന് മുൻപ് കേരളത്തിന് പുറത്ത് കൊവിഡ് വ്യാപനം ശക്തമായിരുന്നില്ല. അതിനാൽ കേരളത്തിലേക്ക് വന്നവരിൽ രോഗവും കുറവായിരുന്നു.

മാത്രമല്ല ബ്രേക്ക ദ് ചെയിൻ ജീവിതശൈലി ജനം കൃത്യമായി പാലിച്ചു. ഇപ്പോൾ രോഗികളുടെ പതിനായിരം കടന്നു. എന്നാൽ മരണനിരക്ക് കുത്തനെ ഉയർന്നിട്ടില്ല. എന്നാൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം അറുപത് ശതമാനത്തിന് മുകളിലാണ് ഉറവിടമറിയാത്ത കേസുകളും കൂടി. നിരവധി ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു.

ലോകാരോഗ്യസംഘടന പറയുന്നത് നാല് തരത്തിലുള്ള ഘട്ടങ്ങളാണ് രോഗവ്യാപനത്തിനുള്ളത് എന്നാണ്. ഒന്ന് രോഗികളില്ലാത്ത അവസ്ഥ, രണ്ട് പുറത്തു നിന്നും ആളുകൾ വന്ന് രോഗം വ്യാപിക്കുന്ന അവസ്ഥ, മൂന്ന് ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടാകുന്ന അവസ്ഥ, മൂന്ന് വ്യാപകമായി സാമൂഹിക വ്യാപനം ഉണ്ടാകുന്ന അവസ്ഥ.

വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാലും മാസ്ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും തയ്യാറാവണം. ക്ലസ്റ്ററുകളിൽ രോഗവ്യാപനം പഠനം നടത്തിയും കൃത്യമായി ടെസ്റ്റിംഗ് നടത്തിയും വ്യാപനം തടയാനുള്ള ശ്രമം പൊന്നാനി പോലുള്ള സ്ഥലങ്ങളിൽ വിജയിച്ചിരുന്നു.