ഏറെക്കാലമായി കാത്തിരുന്ന 'പഴയ വാഹനം പൊളിക്കൽ നയ'ത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്ത് നിക്ഷേപക സംഗമത്തിൽ വച്ച് നിർവഹിച്ചു. 2021-ലെ ബഡ്ജറ്റിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനാണ് ആദ്യം ഈ നയം അവതരിപ്പിച്ചത്. അതിനുശേഷം വൈകാതെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഈ നയത്തിന്റെ വിശദാംശങ്ങൾ ലോകസഭാ സമ്മേളനത്തിൽ വെളിപ്പെടുത്തി. ഈ നയ പ്രകാരം, നിശ്ചിത കാലാവധിയ്ക്ക് ശേഷം വാഹനങ്ങൾ നിർബന്ധിത ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കണം. ഈ പുതിയ നയത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്നും അത് നൽകുന്ന പ്രതീക്ഷകൾ എന്താണെന്നും നമുക്ക് പരിശോധിക്കാം.
എന്താണ് 'പഴയ വാഹനം പൊളിക്കൽ നയം'?
പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷൻ കാലാവധി പൂർത്തിയായാലാണ് വാഹനം പൊളിക്കൽ നയം പ്രാബല്യത്തിൽ വരിക. പൊതുവെ, ഒരു യാത്രാ വാഹനത്തിന് 15 വർഷത്തെ ആയുസും വാണിജ്യ വാഹനത്തിന് 10 വർഷത്തെ ആയുസുമാണ് കണക്കാക്കപ്പെടുന്നത്. ഈ കാലയളവിന് ശേഷം പഴക്കം ചെന്ന വാഹനങ്ങൾ മലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങളുടെ ആക്കം കൂട്ടുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ പഴക്കം ചെന്ന വാഹനങ്ങൾ പൊളിച്ച് അത് നിർമിക്കാൻ ഉപയോഗിച്ച സ്റ്റീൽ പുനരുപയോഗം ചെയ്യുകയാണ് പതിവ്. എന്നാൽ ഇന്ത്യയിൽ ഇത് സംബന്ധിച്ച നയങ്ങളൊന്നും നിലവിലില്ല, പഴക്കം ചെന്ന മിക്ക വാഹനങ്ങളും പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കിക്കൊണ്ട് തുടർന്നും നിരത്തുകളിൽ ഓടുകയോ പാതയോരങ്ങളിൽ ഉപേക്ഷിച്ച നിലയിൽ കിടക്കുകയോ ചെയ്യുന്നു.
എന്താണ് ഈ പോളിസിയുടെ ലക്ഷ്യം?
മുകളിൽ വിശദീകരിച്ചതുപോലെ, ഒരു വാഹനം അതിന്റെ കാലാവധി കഴിയുമ്പോൾ ഉപേക്ഷിക്കണം. വായു മലിനീകരണം കുറയ്ക്കുന്നതിനായി അവ റോഡുകളിൽ ഓടുന്നത് നിർത്തും. കൂടാതെ, പഴയ വാഹനങ്ങളെ മാറ്റി പുതിയ വാഹനങ്ങൾക്ക് ഇടം നൽകും. ഇത് ഇന്ത്യൻ വാഹന വ്യവസായത്തിൽ വിൽപ്പന വർദ്ധിപ്പിക്കും. വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞാൽ, നിർബന്ധമായും ഫിറ്റ്നസ് ടെസ്റ്റ് ആവശ്യമാണെന്നും നിതിൻ ഗഡ്കരി വിശദീകരിച്ചു.
എല്ലാ വാഹനങ്ങളും സമയ പരിധിക്കപ്പുറം പൊളിക്കേണ്ടതുണ്ടോ?
ഇല്ല, എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമല്ല. എന്നാൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ നിർബന്ധിത ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം. ഒരു വാഹനം ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ, പുതുക്കൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല. അതായത് പിന്നീട് റോഡിൽ ഓടാൻ കഴിയില്ല. എന്നാൽ ഫിറ്റ്നസ് ടെസ്റ്റ് വിജയിക്കുകയാണെങ്കിൽ, റോഡ് യോഗ്യത കാണിക്കാൻ ഓരോ 5 വർഷത്തിലും വീണ്ടും ഫിറ്റ്നസ് ടെസ്റ്റ് നടത്തണം.
വാഹനം പൊളിക്കുന്നത് വഴി എനിക്ക് എന്ത് പ്രയോജനം ലഭിക്കും?
പോളിസിയിൽ നിന്ന് ഒരാൾക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങളെക്കുറിച്ചും നിതിൻ ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
1) വാഹനം പൊളിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, വാഹനത്തിന്റെ എക്സ്-ഷോറൂം വിലയുടെ 4-6% വരെയുള്ള പൊളിക്കൽ മൂല്യം ഉടമയ്ക്ക് നൽകും
2) റോഡ് നികുതിയിൽ 25% വരെ ഇളവ് ലഭിക്കും
3) പൊളിക്കൽ സർട്ടിഫിക്കറ്റിനെതിരെ പുതിയ വാഹനങ്ങൾക്ക് 5% കിഴിവ് നൽകാൻ വാഹന നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകും
4) വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കില്ല.
എന്താണ് ഫിറ്റ്നസ് പരിശോധന?
പൊല്യൂഷൻ അണ്ടർ കൺട്രോൾ (പി യു സി) പരിശോധന പോലെ തന്നെ ഒരു വാഹനം നിരത്തിലിറക്കാൻ യോഗ്യമാണോ എന്നും അത് പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നുണ്ടോ എന്നും അറിയുന്നതിന് വേണ്ടിയുള്ള പരിശോധനയാണ് ഫിറ്റ്നസ് പരിശോധന. പക്ഷെ, അത് ഈ പരിശോധനയുടെ ഒരു വശം മാത്രമാണ്. വാഹനത്തിന്റെ ഗുണനിലവാരം നിർണയിക്കാൻ ബ്രേക്ക് പരിശോധന, എഞ്ചിൻ പരിശോധന എന്നിവയും ഇതിന്റെ ഭാഗമായി നടത്തും. ഓട്ടോമേറ്റഡ് ഫിറ്റ്നസ് കേന്ദ്രങ്ങളിലാണ് ഈ പരിശോധനകൾ നടത്തുക എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
പി പി പി മോഡലിന് കീഴിലാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുക. ഓരോ ഫിറ്റ്നസ് പരിശോധനയ്ക്കും ഏതാണ്ട് 30,000 മുതൽ 40,000 രൂപ വരെ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. പോരാത്തതിന് വാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഗ്രീൻ സെസ്സും ഈടാക്കും. ഈ അധിക ചെലവുകൾ ആ വാഹനം തുടർന്നും കൈവശം വെയ്ക്കുന്നതിൽ നിന്ന് ഉടമകളെ പിന്തിരിപ്പിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
എന്റെ വാഹനം ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ടാൽ എന്ത് ചെയ്യും?
ലളിതമായി പറഞ്ഞാൽ, നിങ്ങൾക്ക് രജിസ്‌ട്രേഷൻ പുതുക്കിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് ലഭിക്കില്ല. അതിനാൽ നിങ്ങൾക്ക് ആ വാഹനം തുടർന്നും നിരത്തിലിറക്കാൻ കഴിയില്ല. മോട്ടോർ വാഹന നിയമപ്രകാരം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം നിരത്തിലിറക്കുന്നത് നിയമവിരുദ്ധമാണ്. ആകെ മൂന്ന് തവണ മാത്രമേ ഒരു വാഹനം ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കാൻ പാടുള്ളൂ എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അതിനുശേഷം എന്തായാലും നിങ്ങളുടെ വാഹനം നിരത്തിലിറക്കാൻ കഴിയില്ല.
എപ്പോൾ മുതലാണ് ഈ നയം പ്രാബല്യത്തിൽ വരിക?
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നയം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടത്തിയെങ്കിലും വാഹനം പൊളിക്കാനുള്ള കേന്ദ്രങ്ങൾ ഇതുവരെ സജ്ജീകരിക്കപ്പെട്ടിട്ടില്ല എന്നതിനാൽ നയം പ്രാബല്യത്തിൽ വരാൻ ഇനിയും സമയമെടുക്കും. "2023 മുതൽ ഫിറ്റ്നസ് സംബന്ധിച്ച് നിലവിലുള്ള നിയമ പ്രകാരമുള്ള മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വലിയ വാണിജ്യ വാഹനങ്ങൾ പൊളിക്കേണ്ടി വരും. സ്വകാര്യ വാഹനങ്ങളുടെ കാര്യത്തിൽ 2024 ജൂൺ മുതൽ ഈ നയം പ്രാബല്യത്തിൽ വരുത്താനാണ് ഞങ്ങൾ ആലോചിക്കുന്നത്", കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ സെക്രട്ടറി ഗിരിധർ അരാമനെ പറഞ്ഞു.