ഓണം വിപണി കൈ പൊള്ളിക്കുമോ ?

തിരുവനന്തപുരം : ഓണത്തിന്‌ നിറം മങ്ങാതിരിക്കാൻ വിലക്കുറവിന്റെ ആശ്വാസമേകി സർക്കാർ. ലോക്‌ഡൗണിനെത്തുടർന്ന്‌ വില കുതിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട്‌ സർക്കാർ നടത്തിയ വിപണി ഇടപെടൽ ഫലപ്രദം. സപ്ലൈകോയും കൺസ്യൂമർഫെഡും കൃഷിവകുപ്പും കുടുംബശ്രീയുമെല്ലാം നാടെങ്ങും ഓണച്ചന്തകൾ തുടങ്ങിയതോടെ പൊതുവിപണിയിലും വില കുറഞ്ഞു. 88 ലക്ഷം കുടുംബത്തിന്‌ റേഷൻകടവഴി സൗജന്യ പലവ്യഞ്ജന കിറ്റ്‌ നൽകുന്നതിനു പുറമെയാണ്‌ ഈ ഓണച്ചന്തകൾ. സുഭിക്ഷ കേരളം പദ്ധതിയിൽ വ്യാപകമായി കൃഷി തുടങ്ങിയതിനാൽ   പച്ചക്കറികൾക്കായി അയൽസംസ്ഥാനങ്ങളെ വലിയതോതിൽ ആശ്രയിക്കേണ്ടതില്ല.

1469 സപ്ലൈകോ ഫെയർ
സപ്ലൈകോ ജില്ലാ ഫെയറുകളിൽ നിത്യോപയോഗ സാധനങ്ങൾമുതൽ ഗൃഹോപകരണങ്ങൾവരെയുണ്ട്‌.  13 ഇനം അവശ്യവസ്‌തുക്കൾ 30 ശതമാനം വിലക്കുറവിൽ ലഭിക്കും.

1850 കൺസ്യൂമർഫെഡ്‌  ഓണച്ചന്ത
സഹകരണവകുപ്പിന്റെ കീഴിലുള്ള കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തയിൽ 13 ഇനം സബ്സിഡി സാധനങ്ങളോടൊപ്പം 10 മുതൽ 30 ശതമാനംവരെ വിലക്കുറവിൽ മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭിക്കും.  30 വരെയാണ്‌ മേള.

2000 ഓണസമൃദ്ധി വിപണി
കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള 2000 ഓണസമൃദ്ധി  പഴം പച്ചക്കറി വിപണിയിൽനിന്ന്‌ കുറഞ്ഞനിരക്കിൽ നല്ല നാടൻ പച്ചക്കറികൾ ലഭിക്കും. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 1350, വിഎഫ്പിസികെയുടെ 150, ഹോർട്ടികോർപ്പിന്റെ 500 വിപണിയാണ് ആരംഭിച്ചത്‌.  ഹോർട്ടികോർപ്‌, വിഎഫ്പിസികെ മുഖാന്തരം ഓൺലൈനായും പച്ചക്കറി നൽകുന്നുണ്ട്‌.

1000 കുടുംബശ്രീ ഓണച്ചന്ത
സംഘകൃഷിയിലൂടെ കുടുംബശ്രീ പ്രവർത്തകർ ഉൽപ്പാദിപ്പിച്ച പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയ്ക്കു പുറമെ കുടുംബശ്രീ സൂക്ഷ്മസംരംഭ യൂണിറ്റുകൾ ഉൽപ്പാദിപ്പിച്ച അച്ചാറുകൾ, പലഹാരങ്ങൾ, കറി പൗഡറുകൾ, തേൻ, കരകൗശലവസ്തുക്കൾ, അലങ്കാരവസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയും ചന്തകളിൽ ലഭിക്കും.