നിങ്ങള്‍ ചിരി ചലഞ്ചും കപ്പിള്‍ ചലഞ്ചുമായി ആഘോഷിച്ചോളൂ, 8 മണിക്കൂര്‍ ജോലി സമയം 12 മണിക്കൂറായി ഉയര്‍ത്തിയ, മുന്നറിയിപ്പില്ലാതെ നിങ്ങളെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അവകാശം നല്‍കുന്ന നിയമവും കര്‍ഷകരെ കോര്‍പ്പറേറ്റ് ഫാമിന്‍റെ അടിമകളാക്കുന്ന നിയമവും സോഷ്യല്‍ മീഡിയ നിങ്ങളില്‍ നിന്നും മറച്ചു വച്ചിരിക്കുന്നു..

നിങ്ങള്‍ ചിരി ചലഞ്ചും കപ്പിള്‍ ചലഞ്ചുമായി  ആഘോഷിച്ചോളൂ, 8 മണിക്കൂര്‍ ജോലി സമയം 12 മണിക്കൂറായി ഉയര്‍ത്തിയ, മുന്നറിയിപ്പില്ലാതെ നിങ്ങളെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അവകാശം നല്‍കുന്ന നിയമവും കര്‍ഷകരെ കോര്‍പ്പറേറ്റ് ഫാമിന്‍റെ അടിമകളാക്കുന്ന നിയമവും സോഷ്യല്‍ മീഡിയ നിങ്ങളില്‍ നിന്നും മറച്ചു വച്ചിരിക്കുന്നു..


 

ഒന്ന് തല നിവര്‍ത്താന്‍, ലോക്ക് ഡൗണ്‍ കഴിയാനും, തൊഴിലെടുക്കാനും കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനും കാത്തിരിക്കുന്ന തൊഴിലാളികളുടെ മേലാണ്, കേന്ദ്ര സര്‍ക്കാര്‍, കുത്തക കമ്പനികള്‍ക്കനുകൂലമായി തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് നിയമങ്ങളൊഴികെ ബാക്കിയെല്ലാ നിയമങ്ങളും തൊഴിലുടമകള്‍ക്കനുകൂലമായി ഭേദഗതി ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍, കമ്പനികളെ ആകര്‍ഷിക്കുന്നതിന്നായി ഉയര്‍ത്തിക്കാണിക്കുന്നത്, 8 മണിക്കൂര്‍ തൊഴില്‍ സമയം 12 മണിക്കൂര്‍ ആക്കി എന്നുള്ളതാണ്.


നൂറ്റാണ്ടുകള്‍ സമരം ചെയ്ത് തൊഴിലാളികള്‍ നേടിയെടുത്ത, 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമം എന്ന വിപ്ലവ നേട്ടത്തെയാണ്, ഇന്ത്യ ഒരു വിട്ടുവീഴ്ചയുമില്ലാതെ കുത്തക കമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കാനൊരുങ്ങുന്നത്. തൊഴിലുടമകള്‍ക്കനുകൂലമായി നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍, പരീക്ഷണം എന്ന നിലയില്‍ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ആയിരം ദിവസങ്ങളിലേക്കാണ് പരിമിതപ്പെടുത്തി ആരംഭിച്ചതെങ്കിലും,  തൊഴിലാളി വിരുദ്ധ കോഡുകള്‍ പ്രയോഗ വാല്‍ക്കരിക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നില്‍ നടക്കുതെന്നുള്ളത് വ്യക്തമാണ്.


ഉത്തര്‍ പ്രദേശിന് പുറകെ, മദ്ധ്യ പ്രദേശ്, ഗുജ്‌റാത്ത്, കര്‍ണാടക, ഹരിയാന, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും തൊഴില്‍ ഭേദഗതിക്ക് തയ്യാറായി, ഇപ്പോഴിതാ കേന്ദ്രം അത് ബില്ലായി അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ, 44 തൊഴില്‍ നിയമങ്ങള്‍ 4 കോഡുകളിലാക്കി ഏകീകരിച്ചതിനെ, രാജ്യത്തെ തൊഴിലാളികളൊന്നടങ്കം എതിര്‍ത്തിരുന്നു. ദേശീയ പണിമുടക്ക് നടത്തിയിരുന്നു. തൊഴില്‍ കോഡുകള്‍ക്കെതിരെ മുദ്രാവാക്യമുയര്‍ന്നെങ്കിലും ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്.


തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം ( 2700k കലോറി), വസ്ത്രം , പാര്‍പ്പിടം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് മിനിമം വേതനം നിശ്ചയിച്ചു വന്നതെങ്കില്‍, ഇനിയങ്ങോട്ട്, തൊഴിലാളികളുടെ തൊഴില്‍ ക്ഷമതയനുസരിച്ച്, അണ്‍ സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, സ്‌കില്‍ഡ്, ഹൈലി സ്‌കില്‍ഡ് എന്നിങ്ങനെ തരം തിരിച്ചാണ് മിനിമം വേതനം നിശ്ചയിക്കപ്പെടുക. ഒരേ തൊഴിലിന്, സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് വിവിധ കൂലിയാണ് നിശ്ചയിക്കപ്പെടുക. മാത്രമല്ല, വേതനം നിശ്ചയിക്കുന്ന ബോര്‍ഡ് , രണ്ട് സര്‍ക്കാര്‍ പ്രതിനിധികളും , തൊഴിലാളികളെ പ്രതിനിധീകരിച്ച് ഒരാളും, തൊഴിലുടമ സമിതിയിലെ അംഗങ്ങളും അടങ്ങുന്നതാണ്. തൊഴിലാളിയുടെ തൊഴില്‍ ക്ഷമതക്ക് യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ, വ്യവസായത്തിലേക്കുള്ള വിഭവമായി മാത്രം കരുതുന്ന ഈ വേതന കോഡില്‍ സര്‍ക്കാറുദ്യോഗസ്ഥരും തൊഴിലുടമയും ഒന്നിക്കാന്‍ തീരുമാനിച്ചാല്‍, പിന്നെ ബോര്‍ഡിലെ തൊഴിലാളിയുടെ ആവശ്യങ്ങള്‍ക്ക് യാതൊരു പരിഗണനയുമുണ്ടാകില്ല.


1936ലെ വേജസ് ആക്റ്റ്, 1948ലെ മിനിമം വേജസ് ആക്ട്, 1965 ലെ പേഴ്‌മെന്റ് ബോണസ് ആക്ട്, 1976ലെ തുല്യ വേതന നിയമം എന്നിവയെ ഭേദഗതി ചെയ്താണ് വേജസ് കോഡ് പ്രയോഗവല്‍ക്കരിക്കുന്നത്. സാമ്യൂഹ്യ സുരക്ഷ ഉറപ്പു വരുത്തുന്ന എംപ്ലോഴ് മെന്റ കോംപന്‍സിയേഷന്‍ ആക്ട് 1923, ഇ എസ് ഐ ആക്ട് 1948, ഇ പി എഫ് ആക്ട് 1952, മറ്റേണിറ്റി ബെനിഫിറ്റ് ആക്ട് 1961, പേഴ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് 1972, അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കര്‍സ് സോഷ്യല്‍ സെക്യൂരിറ്റി ആക്ട് 2008 തുടങ്ങിയ നിയമങ്ങള്‍ ഭേദഗതി ചെയ്താണ് സാമ്യൂഹ്യ സുരക്ഷ ബില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പത്ത് തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഈ ബില്‍ നിയമ വിധേയമാകുന്നുള്ളുവെന്ന് മാത്രമല്ല, 300ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക്, തൊഴിലിടങ്ങളിലെ അപകടങ്ങള്‍ക്ക്, തൊഴിലുടമക്ക് ഉത്തരവാദിത്വമില്ലാത്തതിനാല്‍ തന്നെ നഷ്ട പരിഹാരം നല്‍കേണ്ടതില്ല. എണ്ണത്തില്‍ എത്ര കൂടുതല്‍ തൊഴിലാളികളുണ്ടായാലും, ഓരോന്നും മുന്നൂറ് പേരുടെ യൂണിറ്റുകളാക്കുന്നതോടു കൂടി ഏത് കുത്തക കമ്പനികള്‍ക്കും തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറാന്‍ സാധിക്കും. വ്യവസായ സുരക്ഷയും ക്ഷേമവും ഉറപ്പ് വരുത്തുന്ന ഒക്യുപേഷനല്‍ സേഫ്റ്റി, ഹെല്‍ത്ത് വര്‍ക്കിംഗ് കണ്ടിഷന്‍സ് കോഡ് നിലവില്‍ വന്നിരിക്കുന്നത്, ഫാക്ടറീസ് ആക്ട് 1948, മൈന്‍സ് ആക്ട് 1952, ഡോക് വര്‍ക്കഴ്‌സ് ആക്ട് 1986, കോണ്‍ട്രാക്ട് ലേബര്‍ ആക്ട് 1970, ഇന്റെര്‍ സ്റ്റേറ്റ് മൈ ഗ്രന്റെ ആക്ട് 1979 തുടങ്ങിയ നിയമങ്ങളെ ഭേദഗതി ചെയ്തു കൊണ്ടാണ്.


സംസ്ഥാന ഗവണ്‍മെന്റും തൊഴിലുടമകളുടെ അസ്സോസിയേഷനും ട്രേഡ് യൂണിയനും അടങ്ങുന്ന മൂന്നംഗ സമിതിയുടെ തീരുമാനം തൊഴിലാളി സൗഹൃദമാകുന്നതിന് പല കാരണങ്ങള്‍ കൊണ്ടും തടസ്സം സൃഷ്ടിക്കും. ചൈന-യു.എസ് വ്യവസായ യുദ്ധ സാഹചര്യത്തില്‍, ചൈനയിലെ കുത്തക കമ്പനികളെ ഇന്ത്യയിലേക്കാകര്‍ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വ്യവസായ ബന്ധ ബില്‍ ലോക സഭയില്‍ പാസ്സാക്കിയെടുക്കുന്നത്. ഈ ബില്‍ പ്രകാരം, തൊഴിലുടമക്ക് തൊഴിലാളികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും നോട്ടീസ് നല്‍കാതെ പിരിച്ചു വിടുന്നതിന്നും അനുവാദം നല്‍കുന്നു. തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം നടത്തണമെങ്കില്‍, 6 ആഴ്ചക്ക് മുമ്പ് തൊഴിലുടമക്ക് നോട്ടീസ് നല്‍കണം. അതും 75 ശതമാനം തൊഴിലാളികളുള്ള ട്രേഡ് യൂണിയന് മാത്രമേ സമരം പ്രഖ്യാപിക്കാന്‍ അനുവാദമുള്ളൂ. തൊഴിലിടങ്ങളില്‍ പ്രവേശിക്കുമ്പോള്‍, തൊഴിലുടമ തയ്യാറാക്കുന്ന കരാറില്‍ ഒപ്പ് വെക്കണം. കരാര്‍ വിരുദ്ധമായി വല്ല സമരത്തിലും പങ്കെടുത്താല്‍, ലീവായി പരിഗണിക്കാനും തൊഴിലുടമ പരാതി നല്‍കുന്ന പക്ഷം, ഇരുപതാനായിരം മുതല്‍ അമ്പതിനായിരം വരെ പിഴ ചുമത്താനും ഒരു മാസം വരെ ജയിലിലടക്കാനുമുള്ള അധികാരം സര്‍ക്കാറിനുണ്ട്, ഈ നിയമ പ്രകാരം.


സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ഉല്‍പാദനക്ഷമത കൂട്ടാനുമെന്ന വ്യാജേന തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന മോഡി സര്‍ക്കാര്‍ ഭൂരി ഭക്ഷം വരുന്ന തൊഴിലാളികളെ ദുരിതത്തിലാഴ്ത്തുകയും കുത്തക വ്യവസായികളെ തഴച്ചു വളരാനുള്ള സാഹചര്യം ഒരുക്കുകയുമാണ് ചെയ്യുന്നത്. ഇത് ഇന്ത്യയുടെ GDP നിരക്ക് കുത്തനെ കുറക്കുന്നതിന്നാണ് കാരണമാവുക.


സംസ്ഥാനങ്ങള്‍ ഒന്നൊന്നായി തൊഴിലാളി വിരുദ്ധ കോഡുകള്‍ നടപ്പിലാക്കുമ്പോള്‍, കേരളം അതിന് തയ്യാറല്ല എന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ചില മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും തൊഴിലാളികള്‍ക്ക് 8 മണിക്കൂര്‍ ജോലി എന്നുള്ളത് സ്വപ്നം മാത്രമാണ്. പത്ത് മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെയാണ് അവര്‍ തൊഴിലെടുത്തു കൊണ്ടിരിക്കുന്നത്, അതിന്‍റെ പേരില്‍ ഇപ്പോള്‍ ലഭിക്കുന്ന ഓവര്‍ ടൈം അലവന്‍സ് ഇനി വെറും സ്വപ്നം മാത്രം ആകുമെന്ന് ചുരുക്കം.

നിലവില്‍ ലേബര്‍ ഓഫീസര്‍മാരുടെ അപര്യാപ്തത മൂലം തൊഴിലിടങ്ങളില്‍ നിയമ വിരുദ്ധതക്കെതിരെയുള്ള പരിശോധന നടക്കുന്നില്ല എന്നുള്ളിടത്ത്, തൊഴിലാളി സ്വയം പരാതി സമര്‍പ്പിച്ചാല്‍ ലേബര്‍ ഓഫീസര്‍ വഴി തര്‍ക്കം പരിഹരിക്കാനുള്ള അവസരമാണ് ഇതിലൂടെ തൊഴിലാളിക്ക് നഷ്ടപ്പെടുന്നത്. 2017 ല്‍ ഇവ ഭേദഗതി ചെയ്യുമ്പോള്‍, അടിസ്ഥാന ആവശ്യങ്ങള്‍ തൊഴിലുടമ നടപ്പിലാക്കിയില്ലെങ്കില്‍, നിയമ നടപടിക്കുള്ള സാഹചര്യം 1960 ഷോപ്‌സ് ആന്റ് കൊമേഴ് ഷ്യല്‍ ആക്ടിലുണ്ടായിരിക്കെ, സെക്ഷന്‍ 21 ന്റെ കൂടെ 21 അ എന്ന സെക്ഷന്‍ കൂടിയുണ്ടാക്കി സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശങ്ങളുണ്ടാക്കി എന്ന് കൊട്ടിഘോഷിക്കപ്പെട്ടു. 1980 ലെ കേരള ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ആക്ട് ഭേദഗതി ചെയ്ത്, സെക്ഷന്‍ 9 ന് ശേഷം 9 A എന്ന പുതിയ സെക്ഷനുണ്ടാക്കി, തൊഴിലടമക്ക്, സ്വയമോ അല്ലങ്കില്‍ തൊഴിലുടമ നിശ്ചയിക്കുന്ന തൊഴിലാളികളെ കൊണ്ടോ യന്ത്രങ്ങള്‍ കൊണ്ടോ കയറ്റിറക്കു ജോലി ചെയ്യിക്കാം. മാത്രമല്ല, സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കിയാല്‍ മതി. ചുമട്ടു തൊഴിലാളികള്‍, വര്‍ഷങ്ങളോളം സമരം ചെയ്ത് നേടിയെടുത്ത ലോഡിംഗിന്റെ തോതനുസരിച്ച്, കൂലി വാങ്ങാനുള്ള അവകാശത്തെയാണ് ഇതിലൂടെ ഹനിക്കാന്‍ ശ്രമിക്കുന്നത്. മാത്രമല്ല, ചുമട്ടു തൊഴിലാളികള്‍ തൊഴിലെടുക്കാതെ കൂലി വാങ്ങുന്നതിന് നിയമ നടപടി സ്വീകരിക്കാന്‍ ലേബര്‍ ഓഫീസര്‍ക്ക് അധികാരമുണ്ടായിരിക്കെ, നോക്കു കൂലി നിര്‍ത്തലാക്കി എന്ന് പ്രഖ്യാപിക്കുന്നതിലൂടെ ചുമട്ട് തൊഴിലാളികള്‍ പണിയെടുക്കാതെ കൂലി വാങ്ങുന്നവരാണെന്ന പ്രതീതിയുണ്ടാക്കി, ആ വിഭാഗത്തെ തന്നെ സമൂഹത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.


സൂക്ഷ്മ, ചെറിയ, ഇടത്തര വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള 2019 ലെ ആക്ട് പ്രകാരം, പത്ത് കോടിവരെയുള്ള വ്യവസായത്തിനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കിയാല്‍ അടുത്ത ദിവസം മുതല്‍ വ്യവസായമാരംഭിക്കാം. അപേക്ഷ നല്‍കിയിട്ട് 3 വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് ലഭിക്കുന്നതിന്നുള്ള രേഖകള്‍ സമര്‍പ്പിച്ചാല്‍ മതി. ആദ്യത്തെ 3 വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത 6 മാസം കൂടി തൊഴിലുടമക്ക് സാവകാശം ലഭിക്കും. ഈ ഭേദഗതി നടപ്പിലാക്കുന്നതിന് വേണ്ടി ഷോപ്‌സ് ആന്റ് കൊമേഴ്‌സല്‍ ആക്ട് മുതല്‍, ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ആക്ട്, ബില്‍ഡിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ ആക്ട്, പഞ്ചായത്തി രാജ് ആക്ട് തുടങ്ങി നിരവധി നിയമങ്ങള്‍ , തൊഴിലുടമകള്‍ക്കനുസരിച്ച് ഭേദഗതി ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.


യഥാര്‍ത്ഥത്തില്‍, ഇതിന്റെ മറ്റൊരു പതിപ്പാണ്, ആയിരം ദിവസങ്ങളിലേക്ക് തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ പ്രഖ്യാപനവും. തുടര്‍ന്ന് വന്ന മറ്റു സംസ്ഥാനങ്ങളുടെ നടപടിയും അതില്‍ പിന്‍പറ്റി കേന്ദ്ര ഗവര്‍ന്മെന്റ് നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ ബില്ലുകളും..


തൊഴിലാളികളെ അടിമത്വത്തിലേക്ക് തള്ളി വിടുന്ന നയങ്ങള്‍ കുത്തക കമ്പനികള്‍ക്കാണ് പ്രയോജനപ്പെടുക എന്നു മനസ്സിലാക്കാതെ, ചെറുകിട വ്യപാര സമിതികള്‍ , 'കേരളത്തിലും മറ്റു സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയമ ഇളവുകള്‍ വേണമെന്ന' ആവശ്യമുയര്‍ത്തിയിട്ടുണ്ട്. കേരളത്തില്‍ നിലവില്‍ തന്നെ തൊഴിലാളി വിരുദ്ധ നിയമ ഭേദഗതികളുണ്ടായിരിക്കെ, തുടര്‍ന്നും ആവശ്യപ്പെടുന്ന ചെറുകിട വ്യാപാരികള്‍ മനസ്സിലാക്കേണ്ടത്, കുത്തക കമ്പനികളാണ് ഇതിന്റെയൊക്കെ കൊള്ളലാഭം കൊയ്യുക എന്നുള്ളതാണ്. കുത്തക കമ്പനികളുടെ ആഗമനത്തോടു കൂടി തൊഴിലാളികളുടെ മാത്രമല്ല, ചെറുകിട വ്യാപാരികളുടെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാകും.


സംവത്സരങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങളെ നില നിര്‍ത്തുന്നതിന്നും തുടര്‍ന്നും അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്നും രൂപീകരിച്ചു ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനിലെ (ILO ) പത്ത് സ്ഥിരാംഗങ്ങളിലെ ഒരംഗമാണ് നമ്മുടെ രാജ്യമായ ഇന്ത്യ. അത് കൊണ്ട് തന്നെ മോഡി സര്‍ക്കാറിന്റെ തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ കഘഛ യെ സമീപിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന വ്യാജേന ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ ഒന്നോ രണ്ടോ കുത്തക കച്ചവടക്കാരിലേക്ക് ഏകീകരിക്കുന്ന പ്രവണതയെ, രാജ്യത്തെ തൊഴിലാളികളെ അടിമത്വത്തില്‍ നിന്ന് കര കയറ്റാന്‍, രാജ്യം മുഴുവന്‍ പ്രതിരോധിക്കേണ്ടതുണ്ട്.




കാർഷികോൽപ്പന്ന വ്യാപാര–-വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ 2020

കാർഷികോൽപ്പന്നങ്ങൾ സംസ്ഥാനങ്ങൾക്കുള്ളിലും അന്തർസംസ്ഥാനതലത്തിലും പരിധിയില്ലാതെ കടത്താം. പ്രാഥമിക കാർഷികവിപണികൾക്ക്‌ പുറത്തുനിന്നും സംഭരണം നടത്താം. ഉൽപ്പന്നങ്ങൾ പരിധിയില്ലാതെ സംഭരിക്കാം.  ● കാർഷികോൽപ്പന്നങ്ങൾ ഇ–-വിപണിവഴി സംഭരിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യാം. കമ്പനികൾക്കും പാർട്‌ണർഷിപ്‌ സ്ഥാപനങ്ങൾക്കും  സംഭരണം നടത്താം. ● സംഭരണം നടത്തുന്നവരിൽനിന്നും വ്യാപാരികളിൽനിന്നും സംസ്ഥാനങ്ങൾ ഫീസ്‌ ഈടാക്കരുത്‌.

ദോഷങ്ങൾ

ഇപ്പോൾ പ്രാഥമിക കാർഷികവിപണന സമിതികൾക്കുമാത്രമാണ്‌ സംഭരണ അവകാശം. പുതിയ നിയമത്തോടെ കോർപറേറ്റുകൾ തുടക്കത്തിൽ മെച്ചപ്പെട്ട വില നൽകി സംഭരിക്കും. വിപണി കോർപറേറ്റുകൾ പിടിച്ചെടുത്തുകഴിഞ്ഞാൽ പ്രാഥമിക കാർഷിക വിപണനസമിതികൾ തകരും. വിപണി പിന്നീട്‌ കോർപറേറ്റുകൾ നിയന്ത്രിക്കും. തുച്ഛമായ വിലയ്ക്ക് ഉൽപ്പന്നം വാങ്ങിക്കൂട്ടി  കൊള്ളലാഭത്തിൽ വിൽക്കും. സംഭരണ ഫീസ്‌ എടുത്തുകളയുന്നത്‌ സംസ്ഥാന വരുമാനചോർച്ചയ്‌ക്ക്‌ കാരണമാകും.

കർഷക ശാക്തീകരണ, സംരക്ഷണബിൽ 2020

കൃഷി ഇറക്കുന്നതിനുമുമ്പേ കർഷകർക്കും സംഭരണം നടത്താൻ ഉദ്ദേശിക്കുന്നവർക്കും തമ്മിൽ കരാറുണ്ടാക്കാം. അഞ്ചുവർഷംവരെ കാലാവധിയുള്ള കരാറിലെത്താം.

● കരാറിൽ വില നിശ്ചയിച്ച്‌ വ്യവസ്ഥ ചെയ്യാം.

● തർക്കങ്ങൾക്ക്‌ സബ്ഡിവിഷന്‍ മജിസ്ട്രേട്ട്‌ തലത്തിൽ സംവിധാനം ഉണ്ടാക്കണം. പിന്നീട്‌ ജില്ലാ മജിസ്‌ട്രേട്ടിന്‌ അപ്പീൽ നൽകാം.

കർഷകരിൽ ബഹുഭൂരിപക്ഷവും സാമ്പത്തികപ്രതിസന്ധിയിലാണ്‌. കൃഷിയിറക്കാൻ മുൻകൂർ പണം നൽകുന്നുവെന്ന പേരിൽ തുച്ഛമായ വിലയിൽ സംഭരണം നടത്താൻ വഴിയൊരുങ്ങും. കർഷകര്‍ ക്രമേണ കടക്കെണിയിലാകും.

● മറ്റ്‌ ഒട്ടേറെ ചുമതല നിർവഹിക്കാനുള്ള റവന്യൂ ഉദ്യോഗസ്ഥർക്ക്‌ തർക്കങ്ങളിൽ യഥാസമയം തീർപ്പുണ്ടാക്കാനാകില്ല

അവശ്യവസ്‌തു നിയമഭേദഗതി ബിൽ 2020

ഭക്ഷ്യവസ്‌തുക്കൾ, വളം, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ സ്വകാര്യവ്യക്തികൾ പരിധിയില്ലാതെ സംഭരിക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാൻ സർക്കാരിനുള്ള അധികാരം പരിമിതപ്പെടുത്തും.

മറ്റ്‌ രണ്ട്‌ ‌ബില്ലിലെ വ്യവസ്ഥകളും അവശ്യവസ്‌തുനിയമ ഭേദഗതിയുംകൂടി ചേരുമ്പോൾ വൻതോതിൽ പൂഴ്‌ത്തിവയ്‌പിനും കരിഞ്ചന്തയ്‌ക്കും കളമൊരുങ്ങും.

● മിനിമം താങ്ങുവില മൂന്ന്‌ ബില്ലിലും വ്യവസ്ഥ ചെയ്യുന്നില്ല.


തൊഴില്‍ - കര്‍ഷക വിരുദ്ധ കോഡുകള്‍ക്കെതിരെ, ദേശീയ പണിമുടക്കിലുയര്‍ത്തിയ മുദ്രാവാക്യങ്ങളെയും ആവശ്യങ്ങളെയും അവഗണിച്ച മോഡി സര്‍ക്കാറിന്‍റെ ഭരണകൂട ഭീകരതക്കെതിരെ ഒരുമിച്ച് കൈ കോര്‍ക്കേണ്ടതുണ്ട്.