കോവിഡിന്റെ ദുരിതത്തിലും വിസ്മയങ്ങളൊരുക്കി ആകാശം, ഒക്റ്റോബർ 31 രാത്രി കാണാം ഈ പ്രതിഭാസം...

അപൂര്‍വ്വമായ ഒരു കാഴ്ച കൂടി സമ്മാനിച്ചുകൊണ്ടാണ് ഈ ഒക്ടോബര്‍ മാസം നമ്മോട് വിടപറയാന്‍ പോകുന്നുന്നത്. ഒക്ടോബര്‍ 31ന് ശനിയാഴ്ച രാത്രി ആകാശം ഒരു വിസ്മയക്കാഴ്ചയ്ക്ക് വേദിയാകും. വളരെ അപൂര്‍വ്വമായി സംഭവിക്കുന്നതാണ് ഒരു മാസത്തില്‍ രണ്ട് പൂര്‍ണ്ണ ചന്ദ്രനെ കാണുക എന്നത്. ഈ ഒക്ടോബറില്‍ അത്തരമൊരു പ്രതിഭാസം സംഭവിക്കാന്‍ പോകുന്നു, ലോകം 'ബ്ലൂ മൂണിന്' സാക്ഷ്യം വഹിക്കുന്നു.

എന്താണ് ബ്ലൂ മൂണ്‍

ബ്ലൂ മൂണ്‍ എന്നു കേട്ട് നീല നിറത്തില്‍ ചന്ദ്രനെ കാണാം എന്നു തെറ്റിദ്ധരിക്കരുത്. ഒരു കലണ്ടര്‍ മാസത്തില്‍ രണ്ടു തവണ പൂര്‍ണ ചന്ദ്രന്‍ ദൃശ്യമാകുമ്പോള്‍ അതിനെ ബ്ലൂ മൂണ്‍ എന്നു വിളിക്കുന്നു. ഒരു മാസത്തിലെ രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് 'ബ്ലൂ മൂണ്‍'. കൂടാതെ ചന്ദ്രന്റെ നിറവുമായി യാതൊരു ബന്ധവുമില്ല. അവ വളരെ അപൂര്‍വവും രണ്ട് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്നതുമാണ്.

രണ്ട് പൗര്‍ണ്ണമി ദിനങ്ങള്‍

ചാന്ദ്ര കലണ്ടര്‍ അനുസരിച്ച്, ഒരു പൂര്‍ണ്ണചന്ദ്രനില്‍ നിന്ന് മറ്റൊരു പൗര്‍ണ്ണമിയിലേക്കുള്ള ദൂരം 29.5 ദിവസം മാത്രമാണ്. കൃത്യമായി പറഞ്ഞാല്‍, 29 ദിവസം, 12 മണിക്കൂര്‍, 44 മിനിറ്റ്, 38 സെക്കന്‍ഡ്. ലോകമെമ്പാടും, ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കുന്നു. അതായത് മാസത്തിന്റെ ദൈര്‍ഘ്യം 28 മുതല്‍ 31 ദിവസം. അതിനാല്‍ പൗര്‍ണ്ണമി ഒരു മാസത്തില്‍ രണ്ടുതവണ സംഭവിക്കാം, എന്നാല്‍ അപൂര്‍വ്വമായി മാത്രം.

അടുത്തത് എപ്പോള്‍

ഈ മാസം ആദ്യത്തെ പൂര്‍ണ്ണചന്ദ്രന്‍ ഒക്ടോബര്‍ 2നായിരുന്നു. രണ്ടാമത്തേത് ഒക്ടോബര്‍ 31 ന് രാത്രി 8.19 ന് നടക്കും. 2018ലാണ് അവസാനമായി ബ്ലൂ മൂണ്‍ ദൃശ്യമായത്. 30 ദിവസങ്ങളുള്ള ഒരു മാസത്തിലെ അവസാന ബ്ലൂ മൂണ്‍ സംഭവിച്ചത് 2007 ജൂണ്‍ 30 നാണ്. അടുത്തത് 2050 സെപ്റ്റംബര്‍ 30 ന് ആയിരിക്കും. 31 ദിവസം വരുന്ന മാസത്തില്‍ ഇനി ബ്ലൂ മൂണ്‍ സംഭവിക്കുന്നത് 2023 ഓഗസ്റ്റ് 31 നായിരിക്കും.

അപൂര്‍വമായി കാണുന്ന ബ്ലൂ മൂണ്‍

ഒരു മാസത്തില്‍ ബ്ലൂ മൂണ്‍ സംഭവിക്കാന്‍, ആ മാസത്തിന്റെ തുടക്കത്തില്‍ ഒരു പൗര്‍ണ്ണമി ദിനം ഉണ്ടായിരിക്കണം. കാരണം, തുടര്‍ച്ചയായ രണ്ട് പൂര്‍ണ്ണചന്ദ്രനുകള്‍ക്ക് ഇടയിലെ സമയം ഏകദേശം 29.5 ദിവസമാണ്. ഗ്രിഗോറിയന്‍ കലണ്ടറിലെ മിക്ക മാസങ്ങളിലും ഇത് കുറവാണ്. സീസണല്‍ ബ്ലൂ മൂണ്‍ പ്രതിമാസ ബ്ലൂ മൂണുകളേക്കാള്‍ അല്‍പം കുറവായാണ് സംഭവിക്കുന്നത്. 1550നും 2650നും ഇടയിലുള്ള 1100 വര്‍ഷങ്ങളില്‍ 408 സീസണല്‍ ബ്ലൂ മൂണുകളും 456 പ്രതിമാസ ബ്ലൂ മൂണുകളും വരുന്നുണ്ട്. ഇതിനര്‍ത്ഥം രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ ഏതെങ്കിലും തരത്തിലുള്ള ബ്ലൂ മൂണ്‍ ദൃശ്യമാകുന്നു എന്നാണ്.

ഡബിള്‍ ബ്ലൂ മൂണ്‍

ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ഒരു പൊതു വര്‍ഷത്തില്‍ 28 ദിവസവും ഒരു അധിവര്‍ഷത്തില്‍ 29 ദിവസവും ഉള്ള ഫെബ്രുവരിയില്‍ ഒരിക്കലും പ്രതിമാസ ബ്ലൂ മൂണ്‍ സംഭവിക്കില്ല. ചില വര്‍ഷങ്ങളില്‍, ഫെബ്രുവരിയില്‍ പൂര്‍ണ്ണചന്ദ്രന്‍ തന്നെ ഉണ്ടാവാറില്ല. അത്തരം സന്ദര്‍ഭങ്ങളെ ജ്യോതിശാസ്ത്രപരമായി ബ്ലാക്ക് മൂണ്‍ എന്ന് പറയുന്നു. ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ ഓരോ ബ്ലൂ മൂണ്‍ വീതമുള്ളപ്പോള്‍ ഫെബ്രുവരി മാസങ്ങളില്‍ പൂര്‍ണ്ണചന്ദ്രനെ കാണാനാവില്ല. ഡബിള്‍ ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം അസാധാരണമാണ്. ഒരു നൂറ്റാണ്ടില്‍ മൂന്നോ അഞ്ചോ തവണ മാത്രമേ ഇത് നടക്കൂ. 2018ലാണ് 'ഡബിള്‍ ബ്ലൂ മൂണ്‍' പ്രതിഭാസം ദൃശ്യമായത്. അടുത്തത് ഇനി 19 വര്‍ഷത്തിനുശേഷം 2037ല്‍ ദൃശ്യമാകും.

സീസണല്‍ ബ്ലൂ മൂണും, പ്രതിമാസ ബ്ലൂ മൂണും

സീസണല്‍ ബ്ലൂ മൂണും, പ്രതിമാസ ബ്ലൂ മൂണും ചിലപ്പോള്‍ ഒരേ വര്‍ഷത്തില്‍ സംഭവിക്കാം. 1550 നും 2650 നും ഇടയില്‍, 20 വര്‍ഷത്തില്‍ പലയിടത്തും ഒരു സീസണലും ഒരു പ്രതിമാസ ബ്ലൂ മൂണും ദൃശ്യമാകും. ഇത് അവസാനമായി സംഭവിച്ചത് 1934 ലും അടുത്തത് ദൃശ്യമാകുന്നത് 2048 ലും ആയിരിക്കും. ഇതേ കാലയളവില്‍, 21 വര്‍ഷം ട്രിപ്പിള്‍ ബ്ലൂ മൂണ്‍ സംഭവിക്കും. അതായത്, ഒരേ കലണ്ടര്‍ വര്‍ഷത്തില്‍ ഒരു സീസണലും രണ്ട് പ്രതിമാസ ബ്ലൂ മൂണുകളും. ഇത് അവസാനമായി 1961 ലാണ് സംഭവിച്ചത് അടുത്തത് 2143 ലും. ഒരു വര്‍ഷത്തില്‍ രണ്ട് സീസണല്‍ ബ്ലൂ മൂണ്‍ സംഭവിക്കുന്നത് അസാധ്യമാണ്.          

കടപ്പാട് : രാകേഷ് എം, ബോൾഡ് സ്‌കൈ മലയാളം