ആരോഗ്യ കേരളത്തിന് കൂടുതൽ ശക്തിയേക്കാൻ 75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി ഒരുങ്ങുന്നു.

തിരുവനന്തപുരം : സംസ്ഥാന പൊതുജനാരോഗ്യ സംവിധാനത്തിന്‌ കരുത്തായി‌  75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി. ആർദ്രം മിഷന്റെ ഭാഗമായി പുതുതായി പ്രവർത്തനസജ്ജമാക്കിയ കേന്ദ്രങ്ങൾ ചൊവ്വാഴ്‌ച പകൽ 11ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. ഇതോടെ ആകെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 461 ആയി. നേരത്തെ രണ്ടു ഘട്ടങ്ങളിലായി 386 കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനസജ്ജമാക്കിയിരുന്നു. ഇതിന്‌ പുറമെയാണ്‌ പുതിയ 75 കേന്ദ്രമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ  പറഞ്ഞു.

തൃശൂർ–- 19, തിരുവനന്തപുരം–- 12, മലപ്പുറം–- എട്ട്‌, പത്തനംതിട്ട, പാലക്കാട്‌–- ആറ്‌, കൊല്ലം, കോഴിക്കോട്–- അഞ്ച്‌, കോട്ടയം, എറണാകുളം–- നാല്‌, ആലപ്പുഴ–- മൂന്ന്‌, ഇടുക്കി, കണ്ണൂർ, കാസർകോട്‌–-  ഒന്നുവീതം എന്നിങ്ങനെയാണ്‌ പുതിയ കേന്ദ്രങ്ങൾ.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാകുമ്പോൾ ആശുപത്രി അടിമുടി മാറും. പകൽ 2 വരെ ഒരു ഡോക്ടറുണ്ടായിരുന്നിടത്ത്‌ വൈകിട്ട്‌ ആറുവരെ  മൂന്ന്‌ ഡോക്ടർമാരുണ്ടാകും. ഡോക്ടർമാർ, ഫാർമസി,  ലാബ്‌ അസിസ്‌റ്റന്റുമാർ തുടങ്ങി എല്ലാ ജീവനക്കാരുടെയും എണ്ണം വർധിക്കും.  അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാകും. ജീവിതശൈലീ രോഗങ്ങൾ‌ മുതൽ  വിഷാദരോഗത്തിനും ശ്വാസകോശ അസുഖങ്ങൾക്കുമുള്ള ചികിത്സവരെ സൗജന്യമായി ലഭിക്കും. സ്‌ത്രീകൾക്കും കുട്ടികൾക്കും‌ പ്രത്യേക പരിഗണന ലഭിക്കും.