താരന്റെ ശല്യം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ ? വിഷമിക്കേണ്ട, വീട്ടിൽ ലഭ്യമായ ഈ കാര്യങ്ങൾ ഉപയോഗിച്ച് താരൻ നിശ്ശേഷം മാറ്റാം... | Dandruff Home Remedies

വളരെ ലളിതമായ ഒരു മുടി പ്രശ്‌നമാണ് താരന്‍ എന്ന് തോന്നാമെങ്കിലും അതിന്റെ പരിണിത ഫലങ്ങള്‍ ഏറെയാണ്. അമിതമായ താരന്‍ നിങ്ങളുടെ മുടി കൊഴിയുന്നതിലേക്കു വരെ വഴിയൊരുക്കുന്നു. പല ചികിത്സകളും നിലവില്‍ താരന്‍ നീക്കാനായി നിങ്ങള്‍ക്കു ചുറ്റുമുണ്ട്. എന്നാല്‍, അവയിലേക്കു തിരിയുന്നതിനു മുമ്പ് പ്രകൃതി ഒരുക്കിയ ചില കൂട്ടുകളുണ്ട്. അവ ഉപയോഗിച്ച് നിങ്ങളുടെ താരനെ ഫലപ്രദമായി നേരിടാവുന്നതാണ്.

അത്തരത്തില്‍ ഒന്നാണ് നാരങ്ങ. നിങ്ങളുടെ മുടിക്ക് പല വിധത്തിലും ഗുണം ചെയ്യുന്നതാണ് നാരങ്ങ. നാരങ്ങ നീര് ഉപയോഗിച്ച് താരനെയും നേരിടാവുന്നതാണ്. ഈ ലേഖനത്തില്‍, താരന്‍ അകറ്റാന്‍ നാരങ്ങ നീര് എങ്ങനെ ഉപയോഗിക്കാമെന്നു വായിക്കാം.
താരന്‍ അകറ്റാന്‍ നാരങ്ങ എങ്ങനെ ഗുണം ചെയ്യുന്നു

മറ്റ് സിട്രസ് പഴങ്ങളെപ്പോലെ തന്നെ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ (ബി,സി), ധാതുക്കള്‍, സിട്രിക് ആസിഡ് എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയതാണ് നാരങ്ങ. ആരോഗ്യകരമായ മുടി നിലനിര്‍ത്തുന്നതിന് ആവശ്യമായ ഫലങ്ങള്‍ നാരങ്ങ നല്‍കുന്നു. വിറ്റാമിന്‍ സിയുടെ ഒരു രൂപമായ സിട്രിക് ആസിഡ്, നാരങ്ങ നീരില്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ സ്വാഭാവിക പി.എച്ച് ക്രമപ്പെടുത്തുന്നു. അതില്‍ നിന്ന് അധിക എണ്ണയും സെബവും ആഗിരണം ചെയ്യുന്നു. തല്‍ഫലമായി, താരന്‍, മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം നല്‍കുന്നു.

നാരങ്ങ നീര്

ഓരോ തവണ മുടി കഴുകുമ്പോഴും അവസാനമായി അല്‍പം നാരങ്ങനീര് മുടിക്ക് ഒഴിക്കുന്നത് ഏറെ ഗുണം ചെയ്യും. വെള്ളത്തില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ച് തലയോട്ടിയും മുടിയും കഴുകുക. ലളിതവും എന്നാല്‍ ഫലപ്രദവുമായ ഈ പ്രതിവിധി നിങ്ങളുടെ തലയോട്ടിയിലെ സ്വാഭാവിക എണ്ണയും ഈര്‍പ്പവും പുനസ്ഥാപിക്കുന്നതിലൂടെ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും. അതേസമയം, നാരങ്ങ നീരില്‍ അടങ്ങിയിരിക്കുന്ന ആസിഡ് തലയോട്ടിയില്‍ നിന്ന് മൃത കോശങ്ങളെ പുറംതള്ളുകയും അതുവഴി താരന്‍ ഇല്ലാതാക്കുകയും ചെയ്യും.

നാരങ്ങ നീരും വെളിച്ചെണ്ണയും

4 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ അല്‍പം ചൂടാക്കുക. ഇതിലേക്ക് 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുക. 15 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകുക. ഈ പതിവ് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും പിന്തുടരുന്നത് തലയോട്ടിയിലെ പി.എച്ച് ബാലന്‍സ് ക്രമപ്പെടുത്താനും താരന്‍ ക്രമേണ കുറയ്ക്കുന്നതിനും സഹായിക്കും. മികച്ച ഫലം ലഭിക്കുന്നതിന് നിങ്ങള്‍ക്ക് 2 ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണ ഈ മിശ്രിതത്തിലേക്ക് ചേര്‍ക്കാം.

നാരങ്ങ നീരും ഒലിവ് ഓയിലും

2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീരും 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും മിശ്രിതമാക്കുക. ഈ മിശ്രിതം അല്‍പം ചൂടാക്കി തലയോട്ടിയിലും മുടിയിലും പ്രയോഗിക്കുക. നിങ്ങളുടെ വിരല്‍ത്തുമ്പ് ഉപയോഗിച്ച് സൗമ്യമായി മസാജ് ചെയ്യുക. 30 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ മുടി നന്നായി കഴുകുക. താരന്‍ അകറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്.


നാരങ്ങ നീരും ആപ്പിള്‍ സിഡെര്‍ വിനെഗറും

1 ടേബിള്‍സ്പൂണ്‍ നാരങ്ങ നീരും 2 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ത്ത് ഒരു മിശ്രിതം തയ്യാറാക്കി ഒരു കോട്ടണ്‍ തുണിയുടെ സഹായത്തോടെ മുടിയില്‍ പുരട്ടുക. നിങ്ങളുടെ തലയോട്ടിയില്‍ ഏകദേശം അര മണിക്കൂര്‍ നേരം ഇത് ഉണങ്ങാന്‍ വിട്ട ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. നിങ്ങള്‍ക്ക് സാധ്യമെങ്കില്‍ ഒരുരാത്രി മുഴുവന്‍ ഇത് മുടിക്ക് പുരട്ടി രാവിലെ മുടി കഴുകാവുന്നതുമാണ്. ആഴ്ചയില്‍ 3 മുതല്‍ 4 ദിവസമെങ്കിലും ഇത് ചെയ്യുന്നത് നിങ്ങളുടെ താരന്‍ പ്രശ്‌നം വിജയകരമായി പരിഹരിക്കും.

നാരങ്ങ നീരും മുള്‍ട്ടാനി മിട്ടിയും

സൗന്ദര്യ ഗുണങ്ങള്‍ ഏറെയുള്ളതാണ് മുള്‍ട്ടാനി മിറ്റ്. നാരങ്ങ നീരും മുള്‍ട്ടാനി മിട്ടിയും ഹെയര്‍ പായ്ക്ക് ആക്കി മുടിക്ക് പുരട്ടുന്നത് താരന്‍ എളുപ്പത്തില്‍ ഒഴിവാക്കാന്‍ സഹായിക്കും. 2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി എടുത്ത് അതില്‍ 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. ഇത് യോജിപ്പിച്ച് മിനുസമാര്‍ന്ന പേസ്റ്റ് ആക്കി ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങളുടെ മുടിയില്‍ പ്രയോഗിക്കുക.

നാരങ്ങ നീരും തൈരും

തൈര് മുടിക്കു പ്രയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടിക്ക് അനവധി ഗുണങ്ങള്‍ ലഭിക്കുന്നു. താരന്‍ നീക്കാനുള്ള ഉത്തമ പ്രതിവിധിയാണ് നാരങ്ങനീരും തൈരും ചേര്‍ത്ത് മുടിക്ക് പുരട്ടുന്നത്. ഈ രണ്ട് ചേരുവകളും ചേര്‍ത്ത് ഒരു സെമി ലിക്വിഡ് ഹെയര്‍ പായ്ക്ക് ഉണ്ടാക്കുക. മുടിയില്‍ പുരട്ടി അര മണിക്കൂര്‍ നേരം കഴിഞ്ഞ് തല നന്നായി കഴുകുക. താരന്‍ വീണ്ടും വരാതിരിക്കാന്‍ ഈ മിശ്രിതത്തിലേക്ക് നെല്ലിക്ക നീരും ചേര്‍ക്കാം.

നാരങ്ങ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

നാരങ്ങ സാധാരണയായി താരന്‍ നീക്കാന്‍ ഉപയോഗിക്കാന്‍ വളരെ സുരക്ഷിതമാണ്. എന്നിരുന്നാലും, ചര്‍മ്മവുമായി നേരിട്ട് ബന്ധപ്പെടുമ്പോള്‍ ഇത് ചില പാര്‍ശ്വഫലങ്ങളോ അസ്വസ്ഥതകളോ ഉണ്ടാക്കാം. നാരങ്ങ നിങ്ങള്‍ക്ക് അത്തരം അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുവെങ്കില്‍ ഇവ പരീക്ഷിക്കാതിരിക്കുക.