കാണാൻ ഏറെ, അറിയാനും.. സഞ്ചാരികളെ വരവേറ്റ് കണ്ണൂർ..

"സംസ്ഥാന സർക്കാരിന്റെ ടൂറിസം വികസന പ്രവർത്തനങ്ങൾ മികച്ച മാറ്റം കൊണ്ടുവന്നു.."

കണ്ണൂർ : ഗ്രാമീണത്തനിമയുടെ തണലിൽ ജില്ലയിൽ വിനോദസഞ്ചാര രംഗത്തും വൻമുന്നേറ്റം.  ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുക വൈതല്‍മലയും ആറളവും കണ്ണൂരിലെയും തലശേരിയിലേയും കോട്ടകളും പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കുമൊക്കയാണ്. ഇവയെല്ലാം കാണേണ്ടവതന്നെ. എന്നാല്‍ പാലക്കയംതട്ടും വയലപ്രയും വെള്ളിക്കീലും ചൂട്ടാട് ബീച്ചും പോലെ കാണാത്ത ഇടങ്ങളുമുണ്ട് ജില്ലയിൽ. ഇവിടങ്ങളിലെല്ലാം പരിസ്ഥിതി സൗഹൃദ വികസനമാണ്‌ നടക്കുന്നത്‌. കൂടാതെ  കാവുകളും തെയ്യവും തിറയും കൈത്തറിയുമെല്ലാം ചേരുന്ന നാടിന്റെ പ്രദേശിക സംസ്‌കാര പെരുമ വിനോദസഞ്ചാരികളെ അറിയിക്കാൻ 
കൺതുറക്കാം, നാട്ടുനന്മയിലേക്ക്‌
ടൂറിസത്തിന്റെ ഗുണം തദ്ദേശീയരായ ജനങ്ങൾക്കും ലഭിക്കണമെന്ന ‌ എൽഡിഎഫ്‌ സർക്കാരിന്റെ കാഴ്‌ചപ്പാട്‌‌ യാഥാർഥ്യമായി. ജില്ലയിൽ ഇതുവരെ 1156 യൂണിറ്റുകൾ ഉത്തരവാദിത്ത ടൂറിസത്തിനുകീഴിൽ  പ്രവർത്തിക്കുന്നു. കണ്ണൂരിന്റെ തനതുവിഭവങ്ങൾ ഒരുക്കുന്ന വീട്ടമ്മമാർ,  കുഞ്ഞിമംഗലം വെങ്കലഗ്രാമത്തിലെ കലാകാരന്മാർ, കൈത്തറി തൊഴിലാളികൾ, പരമ്പരാഗത കർഷകർ, മത്സ്യത്തൊഴിലാളികൾ  തുടങ്ങിയവരുടെ യൂണിറ്റുകളാണ്‌ ഏറെയും‌.  ഇവർക്ക്‌ പ്രത്യേക പരിശീലനവും നൽകി. 
പുഴകടന്ന്‌ നാട്ടുകലയുടെ ഇടയിലേക്ക്‌
 325 കോടി രൂപ ചെലവിൽ മലബാറിലെ എട്ട്‌ നദികളെ കോർത്തിണക്കുന്ന ജലയാത്രയായാണ് മലബാർ റിവർ ക്രൂയിസ്‌ ടൂറിസം പദ്ധതി.  
ജില്ലയിൽ 53.07 കോടി രൂപയുടെ പ്രവൃത്തികളാണ്‌ നടക്കുന്നത്‌. മാഹി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി നദികളിലും കവ്വായി കായലിലുമായി നിർമിക്കുന്നത് 17 ബോട്ട് ടെർമിനലുകൾ. 11 ക്രൂസ് റൂട്ടുകളിൽ പറശ്ശിനികടവ് മുതൽ പഴയങ്ങാടിവരെയുള്ള ആദ്യ ക്രൂസ് റൂട്ടിന്റെയും ബോട്ട് ടെർമിനലുകളുടെയും ഉദ്ഘാടനം കഴിഞ്ഞു. 13  പദ്ധതികൾ  ജനുവരിയോടെ പൂർത്തിയാവും. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ സ്കീമിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച 80.37 കോടിയുടെ  പദ്ധതികളും പുരോഗതിയിലാണ്‌.  
ചരിത്രം പറയാൻ
വടക്കൻ കേരളത്തിന്റെ  ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതും   സഞ്ചാരികൾക്ക്  പരിചയപ്പെടുത്തുന്നതുമാണ്‌  തലശേരി പൈതൃക ടൂറിസം പദ്ധതി. ധർമടം പഴയ മൊയ്തുപാലം, വാണിജ്യ-വ്യാപാര കേന്ദ്രമായിരുന്ന തലശേരി പിയർ, കടൽപ്പാലം,  ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവ്‌ സംരക്ഷണം എന്നിവയാണ്‌  പദ്ധതിയിലുള്ളത്‌. പൈതൃക ടൂറിസം ഓഫീസ് നിർമാണം, കോട്ടയം മലബാർ പഴശ്ശി കോവിലകം, പൈതൃക തെരുവ്‌,  കളരിവീട്‌ എന്നിവ ഇതിൽ ഉൾപ്പെടും. മുഴപ്പിലങ്ങാട്‌ ബീച്ചിൽ 240 കോടിയുടെ പദ്ധതിക്കുള്ള നിർദേശം കിഫ്‌ബി സമർപിച്ചിട്ടുണ്ട്‌. ധർമടം, മുഴപ്പിലങ്ങാട്‌ ബീച്ചുകളെ ബന്ധിപ്പിക്കുന്ന പാലം, അത്യാധുനിക അക്വേറിയം, ധർമടം തുരുത്തിലേക്ക്‌ പാലം, റോപ്‌ വേ എന്നിവ പദ്ധതിയിലുണ്ട്‌. 
നാടിനെ അറിഞ്ഞുള്ള വികസനം
കണ്ണൂരിനെ അറിഞ്ഞുകൊണ്ടുള്ള  വികസന പദ്ധതികളാണ്‌ കഴിഞ്ഞ വർഷങ്ങളിൽ നടന്നത്‌. കണ്ണൂർ ടൂറിസത്തിന്റെ സാധ്യതകൾ  പുറത്ത്‌ മാർക്കറ്റ്‌ ചെയ്യാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്‌. റസിഡൻഷ്യൽ ഹോംസ്‌റ്റേ എന്ന പുതിയ കാറ്റഗറി ഉൾപ്പെടുത്തിയതും ഹോംസ്‌റ്റേ സംരംഭകർക്ക്‌  ഗുണമായി. 
    (ഹരിസ്, ഹോംസ്‌റ്റേ സംരംഭകൻ, കണ്ണൂർ)