ഈ ഓൺലൈൻ വായ്‌പ്പാ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കി, കാരണം ഇതാണ്...

ഓൺലൈനായി വായ്പ നൽകിയിരുന്ന നാല് ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ഉപയോക്താക്കൾക്കായി ഹൃസ്വകാല വായ്പകൾ നൽകിയിരുന്ന ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തത്. ഉയർന്ന പലിശയായിരുന്നു ഇവർ ഈടാക്കിയിരുന്നത്. പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകൾ വഴിയുള്ള പേഴ്സണൽ ലോൺ നയങ്ങളിൽ വരുത്തിയ മാറ്റത്തിന്റെ ഭാഗമായാണ് ആപ്ലിക്കേഷനുകൾ നീക്കം ചെയ്തത്.

സേവന നയങ്ങളുടെ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും ഗൂഗിൾ വക്താവ് അറിയിച്ചു. നിലവിൽ പ്ലേ സ്റ്റോറിൽ നിന്ന് പുറത്താക്കിയ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ നിയമപരമായി ഒരു കമ്പനിയുമില്ലയിരുന്നു. പ്ലേ സ്റ്റോറിൽ നിന്ന് പുറത്താക്കിയ ആപ്ലിക്കേഷനുകൾ ഇവയാണ്.

ഓക്കെ ക്യാഷ്

3000 രൂപമുതൽ ഒരുലക്ഷം വരെ പേഴ്സണൽ ലോൺ നൽകുന്ന ആപ്ലിക്കേഷനായിരുന്നു ഓക്കെ ക്യാഷ്. 91 ദിവസം മുതൽ 365 ദിവസം വരെയായിരുന്നു പണം തിരിച്ചടയ്ക്കുന്നതിനായി നൽകിയിരുന്ന കാലാവധി. കസ്റ്റമേഴ്സിന്റെ ക്രെഡിറ്റ് പ്രൊഫൈൽ നോക്കിയശേഷമായിരിക്കും പലിശ നിരക്ക് തീരുമാനിക്കുകയെന്നതായിരുന്നു ഇവർ അവകാശപ്പെട്ടിരുന്നത്.

ഗോ ക്യാഷ്

3000 രൂപമുതൽ ഒരു ലക്ഷം രൂപവരെ പേഴ്സണൽ ലോണായി നൽകിയിരുന്ന ആപ്ലിക്കേഷനാണ് ഗോ ക്യാഷ്. 91 ദിവസം മുതൽ 365 ദിവസം വരെയായിരുന്നു പണം തിരികെ നൽകുന്നതിനായി അനുവദിക്കുന്ന സമയപരിധി.

ഫ്ളിപ് ക്യാഷ്

ഇന്ത്യക്കാർക്കായി പേഴ്സണൽ ലോൺ നൽകുന്നു എന്നുമാത്രമാണ് ഈ ആപ്ലിക്കേഷന്റെ ഡിസ്ക്രിപ്ഷനിൽ നൽകിയിരുന്നത്. മറ്റ് വിവരങ്ങളൊന്നും നൽകിയിരുന്നില്ല.

സ്നാപ് ഇറ്റ് ലോൺ

പേഴ്സണൽ ലോൺ ലഭിക്കാൻ പുതിയ വഴികൾ എന്ന് മാത്രമായിരുന്നു ഈ ആപ്ലിക്കേഷന്റെ ഡിസ്ക്രിപ്ഷനിൽ നൽകിയിരുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും നൽകിയിട്ടില്ല.