ഇന്ന് കാണാം ആകാശത്ത് ആ അപൂർവ സംഗമം. ഗ്രേറ്റ് കണ്‍ജങ്ഷന്‍ ദൃശ്യമാകുന്നത് 397 വര്‍ഷത്തിനു ശേഷം.

വാനവിസ്മയങ്ങള്‍ നിറഞ്ഞ ഒരു മാസമാണ് ഡിസംബര്‍ 2020. ഈ ദശകം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ആകാശം ഒരു അപൂര്‍വ്വ പ്രതിഭാസത്തിന് കൂടി വേദിയാകാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ജെമിനിഡ്‌സ് ഉല്‍ക്കാവര്‍ഷത്തിനും സൂര്യഗ്രഹണത്തിനും ലോകം സാക്ഷ്യം വഹിച്ചു. വീണ്ടുമൊരു അപൂര്‍വ്വ കാഴ്ച കൂടി ലോകത്തിന് സമ്മാനിക്കുകയാണ് വാനം.

397 വര്‍ഷങ്ങള്‍ക്ക് ശേഷം

397 വര്‍ഷങ്ങള്‍ക്ക് ശേഷം സൗരയൂഥത്തിലെ രണ്ട് ഭീമന്‍ ഗ്രഹങ്ങളായ വ്യാഴവും ശനിയും ഏറ്റവും അടുത്തെത്തുന്നു. ഇന്ന്, അതായത് ഡിസംബര്‍ 21ന് തിങ്കളാഴ്ച നിങ്ങള്‍ക്ക് ഈ കാഴ്ച കാണാം. മാസങ്ങളായി ഈ രണ്ട് ഗ്രഹങ്ങളും പരസ്പരം അടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 5.28 മുതല്‍ 7.12 വരെ 'മഹാഗ്രഹ സംഗമം' ഇന്ത്യയില്‍ ദൃശ്യമാകും. ജ്യോതിശാസ്ത്രത്തില്‍ ഈ പ്രതിഭാസത്തെ 'Great Conjunction' എന്ന് ഇംഗ്ലീഷില്‍ വിളിക്കുന്നു. തെക്കുപടിഞ്ഞാറന്‍ ചക്രവാളത്തോടു ചേര്‍ന്നാണ് ഗ്രഹങ്ങള്‍ ഉദിക്കുക.

തെക്ക് പടിഞ്ഞാറന്‍ ചക്രവാളത്തില്‍

സൂര്യന്‍ അസ്തമിച്ചതിനു ശേഷം ഈ രണ്ട് ഗ്രഹങ്ങളും തെക്ക് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ദൃശ്യമാകും. തിളക്കം കൂടിയ വ്യാഴം ചക്രവാളത്തിന് അടുത്തും, ശനി വ്യാഴത്തിനു മുകളില്‍ അല്‍പം തെക്കോട്ടു മാറിയും നിലനില്‍ക്കും. സൂര്യാസ്തമയത്തിന് ശേഷം രണ്ടു മണിക്കൂറോളം തെക്കുപടിഞ്ഞാറന്‍ ചക്രവാളത്തോടു ചേര്‍ന്ന് ഗ്രഹങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യത്തെ അര മണിക്കൂറാണ് ഗ്രഹസമാഗമം ഏറ്റവും വ്യക്തമായി കാണാന്‍ അനുയോജ്യമായ സമയം.

ശനിയും വ്യാഴവും അടുത്ത്

നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുമെങ്കിലും അത്ര വ്യക്തമാകണമെന്നില്ല. ഒരു നല്ല ബൈനോക്കുലര്‍ ഉണ്ടെങ്കില്‍ ഇരു ഗ്രഹങ്ങളെയും വെവ്വേറേ കാണാന്‍ സാധിക്കും. ഡിജിറ്റല്‍ ക്യാമറകളും മൊബൈല്‍ ഫോണുകളും ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താം. ഭൂമിയില്‍ നിന്ന് അടുത്താണെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവ തമ്മിലുള്ള ദൂരം ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ അകലത്തിലായിരിക്കും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ 735 ദശലക്ഷം കിലോമീറ്റര്‍.

ഇനി 2080 ല്‍

നാസയുടെ അഭിപ്രായത്തില്‍, ഭൂമിയില്‍നിന്നു നോക്കിയാല്‍ ഇവ തമ്മിലുള്ള ദൂരം ഒരു ഡിഗ്രിയുടെ പത്തിലൊരംശമേയുണ്ടാവൂ. അടുത്ത 60 വര്‍ഷത്തിനുള്ളില്‍ അത്തരമൊരു പ്രതിഭാസം വീണ്ടും സംഭവിക്കില്ല. അതായത് 2080 വരെ. ഇന്ന് ഈ കാഴ്ച കാണുന്ന പലരും അന്നു ജീവിച്ചിരിക്കണമെന്നില്ല. 2080ല്‍ ഈ രണ്ട് ഗ്രഹങ്ങളും അടുത്തു വരുമെങ്കിലും ഇന്നത്തെ കാഴ്ചയുടെ അടുത്തെത്തില്ല.

ഇതിനു മുമ്പ് 1623 ല്‍

1609ല്‍ ഗലീലിയോ ഗലീലി ടെലസ്‌കോപ് കണ്ടെത്തിയ ശേഷം വ്യാഴവും ശനിയും ഇത്രയടുത്ത് എത്തുന്നത് ഇത് രണ്ടാം തവണയാണ്. 1623 ജൂലൈ 16 നായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്ത മഹാ ഗ്രഹസംഗമം. അതിനു മുമ്പ് 1226ല്‍ ഇതു സംഭവിച്ചിരിക്കാമെന്നാണ് അനുമാനം. സാധാരണ 20 വര്‍ഷ ഇടവേളയില്‍ ശനി, വ്യാഴം ഗ്രഹങ്ങള്‍ അടുത്തെത്താറുണ്ടെങ്കിലും ഇത്രയടുത്ത് കാണുന്നത് അപൂര്‍വമാണ്.

എന്താണ് ഗ്രേറ്റ് കണ്‍ജങ്ഷന്‍

വളരെ സാവധാനത്തില്‍ സഞ്ചരിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും ശനിയും. 12 വര്‍ഷത്തിലൊരിക്കല്‍ സൂര്യനെ പരിക്രമണം ചെയ്യുന്ന വ്യാഴം, സാവധാനത്തില്‍ സഞ്ചരിക്കുന്ന ശനിയെ മറികടക്കുമ്പോള്‍, ഈ കാഴ്ചയെ ഗ്രേറ്റ് കണ്‍ജങ്ഷന്‍ എന്ന് വിളിക്കുന്നു. ഓരോ 20 വര്‍ഷത്തിലും ഇത് സംഭവിക്കുന്നുണ്ടെങ്കിലും, ചിലപ്പോള്‍ ഇവ സൂര്യനുമായി വളരെ അടുത്തായി കാണപ്പെടും.

ഡിസംബര്‍ 21

സൂര്യന്റെ ആയിരത്തിലൊന്ന് പിണ്ഡമുള്ള വാതക ഭീമനായ വ്യാഴം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ്. സൂര്യനില്‍ നിന്ന് അഞ്ചാമതായാണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. സൂര്യനില്‍ നിന്നുള്ള ആറാമത്തെ ഗ്രഹവും സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹവുമാണ് ശനി. ശരാശരി ഭൂമിയുടെ ഒന്‍പത് ഇരട്ടി വലിപ്പം വരും. വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസവും ഇന്നാണ് (ഡിസംബര്‍ 21). ശീതകാലത്തിന്റെ ആരംഭം അടയാളപ്പെടുത്തുന്ന നാളാണ് ഇന്ന്. അതിനാല്‍ തന്നെ ഈ മഹാസംഗമം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.


കടപ്പാട് : രാകേഷ് എം. BoldSky Malayalam