ഒൻപത് മാസത്തെ ഇടവേളക്ക് ശേഷം വിദ്യാലയങ്ങൾ ഉണർന്നു. അതീവ ജാഗ്രതയിലും നിയന്ത്രണങ്ങളോടെയും ക്ലാസ്സുകൾ...

തിരുവനന്തപുരം : പുതുവർഷ ദിനത്തിൽ  കോവിഡ്‌ മാനദണ്‌ഡങ്ങൾ പാലിച്ച്‌ എസ്‌എസ്‌എൽസി, പ്ലസ്‌ ടു ക്ലാസുകൾ തുടങ്ങി. ഒരേസമയം 50 ശതമാനം കുട്ടികളെയാണ്‌ സ്‌കുളിൽ പ്രവേശിപ്പിച്ചത്‌. കുട്ടികളുടെ താപനില അളന്നശേഷമാണ്‌ ക്ലാസുകളിലേക്ക്‌ വിട്ടത്‌.

ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണമെന്നാണ്‌ നിർദ്ദേശം.കോവിഡ്‌ കാല പരിമിതികൾക്കിടയിലും  സ്‌കൂളിൽ എത്താനായതിന്റെ സന്തോഷം കുട്ടികൾക്കുണ്ട്‌.  റിവിഷൻ, പരക്ഷോ മാർഗനിർദ്ദേശങ്ങൾ  എന്നിവയ്‌ക്ക്‌  ക്ലാസുകളിൽ കൂടുതൽ സമയം ചിലവിടും. കനത്തജാഗ്രത പാലിക്കണമെന്നാണ്‌ ആരോഗ്യ വകുപ്പ്‌ നൽകിയ നിർദ്ദേശം

നിർദേശങ്ങൾ ചുവടെ

■ സ്കൂളുകളിൽ മാസ്ക്, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് എന്നിവ സജ്ജീകരിക്കണം.

■ എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് സാമൂഹ്യമാധ്യമങ്ങൾ വഴി ക്ലാസുകൾ നൽകാം.

■ രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കിൽ മാത്രമേ കുട്ടികളെ പ്രവേശിപ്പിക്കാവൂ.

■ ജനുവരി 15നകം 10–ാം ക്ലാസിന്റെയും 30നകം 12–ാം ക്ലാസിന്റെയും ‍ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാകും.

■ ആദ്യത്തെ ആഴ്ച രാവിലെ മൂന്ന്‌ മണിക്കൂർ, ഉച്ചയ്ക്കുശേഷം  മൂന്ന്‌ മണിക്കൂർ വീതമുള്ള രണ്ട്‌ ഘട്ടങ്ങളായാണ് ക്ലാസുകൾ .

■ ആവശ്യമെങ്കിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്താം.

■ കുട്ടികൾ തമ്മിൽ രണ്ട്‌ മീറ്റർ ശാരീരിക അകലം പാലിക്കണം.

■ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം, ശുദ്ധജലം എന്നിവയും ക്ലാസിൽ ഉപയോഗിക്കുന്ന വസ്തുക്കളും കുട്ടികൾ പങ്കുവയ്ക്കരുത്.

■ ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്ക്, ഡസ്റ്റർ എന്നിവ  രണ്ട്‌ മണിക്കൂർ കൂടുമ്പോൾ സാനിറ്റൈസ് ചെയ്യണം.

■ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമെങ്കിൽ ആരോഗ്യപരിശോധനാ സൗകര്യം ഒരുക്കണം.

■ സ്കൂൾ വാഹനങ്ങളിൽ സുരക്ഷിത അകലം നിർബന്ധം. വാഹനങ്ങളിൽ കയറും മുമ്പ്‌ തെർമൽ പരിശോധന നടത്തണം. മാസ്ക് നിർബന്ധം.

■ വിദ്യാർഥികൾക്ക് മാനസിക പിന്തുണ ആവശ്യമെങ്കിൽ കൗൺസലിങ് നൽകണം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണം.

■ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമെങ്കിൽ വീട്ടിൽ ചെന്ന് പഠനപിന്തുണ നൽകാൻ റിസോഴ്സ് അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തണം.

ആരോഗ്യ വകുപ്പിന്റെ അധിക നിർദേശങ്ങൾ

■ വിദ്യാർഥികളാരും  പേടിച്ച് സ്‌കൂളിലെത്താതിരിക്കരുത്.

■ അടച്ചിട്ട സ്ഥലങ്ങൾ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാൽ സ്‌കൂൾ ജനാലകളും വാതിലുകളും തുറന്നിടണം

■ പേന, പെൻസിൽ, പുസ്തകങ്ങൾ, മറ്റു വസ്തുക്കൾ എന്നിവ പരസ്പരം കൈമാറാൻ പാടില്ല.

■ പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളതോ സമ്പർക്കത്തിലുള്ളതോ ആയ കുട്ടികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ   ക്ലാസുകളിൽ വരാൻ പാടില്ല. ഇത് പ്രധാന അധ്യാപകരും മറ്റധ്യാപകരും ശ്രദ്ധിക്കണം.

■ കൂടുതൽ ആശയ വിനിമയം ആവശ്യമെങ്കിൽ സമീപ  സർക്കാർ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരുമായോ  ദിശയുമായോ (1056, 0471 2552056) ബന്ധപ്പെടണം.

■ ഓരോ കുട്ടിയും കുടിവെള്ളം പ്രത്യേകം കുപ്പിയിൽ കൊണ്ടുവരണം. കുടിവെള്ളം, ഭക്ഷണ പദാർഥങ്ങൾ എന്നിവ പരസ്പരം കൈമാറാൻ പാടില്ല.

■  അടുത്തിരുന്ന് ഭക്ഷണം കഴിക്കരുത്.  ഭക്ഷണം കഴിക്കുന്ന സമയം സംസാരിക്കാൻ പാടില്ല.

■ കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാൻ പാടില്ല.  

■ ടോയ്‌ലറ്റുകളിൽ പോയ ശേഷം കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.

■ തുണിമാസ്‌കാണ് ഉപയോഗിക്കുന്നതെങ്കിൽ കഴുകി ഉണക്കി ഇസ്തിരിയിട്ട ശേഷം ഉപയോഗിക്കുക.

■ ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.

■ വീട്ടിലെത്തിയ ഉടൻ മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകിയിട്ട് കുളിച്ച് വൃത്തിയായ  ശേഷം മറ്റുള്ളവരുമായി ഇടപഴകുക.

■ വീട്ടിലെ വയോജനങ്ങളുമായും ചെറിയ കുട്ടികളുമായും അസുഖമുള്ളവരുമായും അടുത്തിടപഴകരുത്.

■ നന്നായി ആഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക. രാത്രിയിൽ എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക.

കോവിഡ് സെൽ രൂപീകരിക്കണം
എല്ലാ സ്കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ കോവിഡ് സെൽ രൂപീകരിക്കണം. വാർഡ് അംഗം, ഹെൽത്ത് ഇൻസ്പെക്ടർ. പിടിഎ പ്രസിഡന്റ്, അധ്യാപക, വിദ്യാർഥി പ്രതിനിധികൾ എന്നിവർ സെല്ലിൽ വേണം. ആഴ്ചയിലൊരിക്കൽ യോഗം ചേർന്ന് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

സ്കൂൾ തലത്തിൽ പ്ലാൻ തയാറാക്കണം. കോവിഡ് ലക്ഷണമുള്ള കുട്ടികളെ നിരീക്ഷിക്കാൻ സിക്ക് റൂം, പ്രഥമശുശ്രൂഷാ കിറ്റ് എന്നിവ ഒരുക്കണം. ആരോഗ്യപ്രവർത്തകർക്ക് ദിവസേന റിപ്പോർട്ട് നൽകണം.സ്കൂളിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് സ്റ്റാഫ് കൗൺസിൽ, പിടിഎ എന്നിവയിൽ ചർച്ച ചെയ്ത് ഈ വിവരങ്ങൾ ഓൺലൈനിൽ ക്ലാസ് പിടിഎ യോഗത്തിലൂടെ രക്ഷിതാക്കളെ അറിയിക്കണം..