സംസ്ഥാനത്ത് പക്ഷിപ്പനി: താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. | Birds Flu

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി മന്ത്രി കെ രാജു. ആലപ്പുഴ കോട്ടയം എന്നീ ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്.

ഈ ജില്ലകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഈ പ്രദേശങ്ങളില്‍ നിന്നുള്ള താറാവുകളുടെ 8 സാംപിളുകള്‍ ഭോപ്പാലില്‍ പരിശോധിച്ചു ഇതില്‍ അഞ്ചെണ്ണത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഡിസംബര്‍ പത്തോടുകൂടിയാണ് പ്രദേശത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. ഇതിനെ തുടര്‍ന്ന് താറാവുകളുടെ ശ്രവം പരിശോധിക്കുകയായിരുന്നു.

12000ത്തോളം താറാവുകളാണ് പ്രദേശത്ത് ചത്തൊടുങ്ങിയത്. പക്ഷിപ്പനി സ്ഥിരീകരിച്ചതിനാല്‍ താറാവുകള്‍ ചത്ത പരിധിയിലുള്ള ഒരു കിലോമീറ്ററിനുള്ളില്‍ വരുന്ന പക്ഷികളെ നശിപ്പിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു 36000 താറാവുകളെയെങ്കിലും ഈ രീതിയില്‍ നശിപ്പിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.

അലങ്കാര പക്ഷികള്‍, വളര്‍ത്തു പക്ഷികള്‍ ഉള്‍പ്പെടെ ഇതില്‍ വരും. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും നിലവില്‍ മനുഷ്യരിലേക്ക് പടരുമെന്ന ഭയം വേണ്ടെന്നും മന്ത്രി പറഞ്ഞു.