ചന്ദ്രയാൻ-3 : ദൗത്യം 2022 -ലേക്ക് മാറ്റി


ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ‑3 വിക്ഷേപണം 2022ലേക്ക് മാറ്റി. കോവിഡ് മഹാമാരി മൂലമാണ് വിക്ഷേപണം മാറ്റിവെച്ചതെന്നാണ് വിവരം. 2021 ൽ ചന്ദ്രയാൻ ‑3 വിക്ഷേപിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ചന്ദ്രയാൻ ‑3 ഉൾപ്പെടെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ഇസ്‌റോ) നിരവധി പദ്ധതികളെ കോവിഡ് ‑19 ലോക്ക്ഡൗൺ ബാധിച്ചു.

2022 ൽ ചന്ദ്രയാൻ ‑3 വിക്ഷേപിക്കാൻ സാധ്യതയുണ്ടെന്നും അതിന്റെ മുൻഗാമിയായ ചന്ദ്രയാൻ ‑2 ൽ നിന്ന് വ്യത്യസ്തമായി ഇതിന് ഒരു ഓർബിറ്റർ ഉണ്ടാകില്ലെന്നും ഇസ്രോ മേധാവി കെ ശിവൻ വ്യക്തമാക്കി.

"ഞങ്ങൾ അതിന് വേണ്ടി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇത് ചന്ദ്രയാൻ ‑2 പോലെയുള്ള കോൺഫിഗറേഷനാണ്, പക്ഷേ അതിന് ഒരു ഓർബിറ്റർ ഉണ്ടാകില്ല. ചന്ദ്രയാൻ ‑2വിൻ്റെ സമയത്ത് വിക്ഷേപിച്ച ഓർബിറ്റർ ചന്ദ്രയാൻ ‑3 ക്കും ഉപയോഗിക്കും. അതോടെ ഞങ്ങൾ ഒരു സിസ്റ്റത്തിലാണ് പ്രവർത്തിക്കുക". ഇത് അടുത്ത വർഷം ലോഞ്ച് ചെയ്യുമെന്നും വാർത്താ ഏജൻസിയായ പിടിഐ യോട് അദ്ദേഹം പറഞ്ഞു.