ഈ ദുരിത കാലത്ത് നമ്മുടെ രാജ്യത്ത് മാത്രം എങ്ങനെ ഇന്ധന വില വർദ്ധനവ് സംഭവിക്കുന്നു ? അയൽ രാജ്യങ്ങളിലെ ഇന്ധന വില നിലവാരം എങ്ങനെയാണ് ? നമ്മൾ അറിയേണ്ട വാർത്ത (Fuel Price)

രാജ്യത്ത് തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്നു. പെട്രോൾവില സെഞ്ചുറിയിലേക്ക് കടക്കുകയാണ്. യാതൊരു നീതീകരണവുമില്ലാതെ ദിനംതോറുമുള്ള വിലവർധനവ് ജനതയുടെ ദുരിതം ഇരട്ടിയാക്കുന്നു. കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിയും അതിനുമുമ്പ് കേന്ദ്രസർക്കാർ നടപ്പിലാക്കിയ നോട്ടുനിരോധനവും ചരക്കുസേവനനികുതി നടപ്പാക്കിയതിലെ അപാകതയും മൂലം സാധാരണ ജനങ്ങൾ ദുരിതക്കയത്തിൽ മുങ്ങിനിൽക്കുമ്പോഴാണ്, യാതൊരു തത്വദീക്ഷയുമില്ലാതെ ദയാരഹിതമായി ഇന്ധനവില വർധനവ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്.

കഴിഞ്ഞ മാസത്തിന്റെ അന്ത്യത്തിൽ തുടർച്ചയായി അഞ്ച് തവണ ഡീസൽ‑പെട്രോൾ വില വർധിപ്പിച്ചതിലൂടെ കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്ധനവില വർധനവിലൂടെ കേന്ദ്രഗവൺമെന്റിന്റെ വരുമാനം ഗണ്യമായി ഉയർന്നിട്ടുണ്ട്. എന്നി­ട്ടും കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുക­യാണ് മോഡി സർക്കാർ. ഇന്ധനങ്ങളുടെ അടിസ്ഥാന വിലയുടെ രണ്ടിരട്ടിയാണ് വിവിധ നികുതികളിലൂടെ ഉപഭോക്താവിനെ പിഴിയുന്നത്. നികുതികൾ ഇല്ലാതെ ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് 30 രൂപയിൽ താഴെ മാത്രമേ വിലയുള്ളു. ഡീസലിന്റെ കാര്യത്തിൽ ഇത് 31 രൂപയുമാണ്. കേന്ദ്ര സംസ്ഥാന നികുതികളും സെസുകളും കൂടിചേർന്ന് പെട്രോൾ പമ്പിലെത്തുമ്പോൾ ഉപഭോക്താക്കളിൽ നിന്നും പെട്രോളിന് 88.32 രൂപയും ഡീസലിന് 82.42 രൂപയുമാണ് വരുന്നത്. മുംബൈയിലിപ്പോൾ ലിറ്ററിന്റെ വില 90.60 രൂപയും ഡീസലിന് 80.78 രൂപയുമാണ്. ഇത് സർവ്വകാല റിക്കോർഡാണ്.

ഇന്ധനവില തോന്നിയപോലെ കൂട്ടാൻ പെ­ട്രോളിയം കമ്പനികൾക്ക് അധികാരം കൊടുത്ത കേന്ദ്രസർക്കാർ, തങ്ങളുടെ നേരെയുള്ള ജനരോഷം സംസ്ഥാന സർക്കാരുകളുടെമേൽ കെട്ടിവയ്ക്കാൻ ശ്രമം നടത്തുന്നു. 2014‑ൽ മോഡി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒരു ലിറ്റർ പെട്രോളിന് 62 രൂപയായിരുന്നു. ക്രൂഡ് ഓയിലിന് ബാരലിന് 100 ഡോളറും. 2014 ൽ മോഡി സർക്കാർ അധികാരത്തിൽ വരുമ്പോൾ 9.42 രൂപ മാത്രമായിരുന്നു എക്സൈസ് തീരുവ. എന്നാൽ ഇന്ന് അത് 32.98 രൂപയായി മാറി. എക്സൈസ് തീരുവയുടെ 42 ശതമാനം സംസ്ഥാനത്തിന് ലഭിക്കുന്നുവെന്നതാണ് കേന്ദ്ര സർക്കാർ പ്രചരിപ്പിക്കുന്നത്. എന്നാൽ അത് ശരിയല്ല, എക്സൈസ് തീരുവയുടെ ഒരു പങ്ക് മാത്രമാണ് നിയമപരമായി കേന്ദ്ര സർക്കാർ വീതിച്ചു നൽകേണ്ടത്. ഇപ്രകാരം ലഭിക്കുന്ന 2.98 രൂപയുടെ 42 ശതമാനം കണക്കാക്കിയാൽ എല്ലാ സംസ്ഥാനങ്ങൾക്കുമായി 1.8 രൂപ മാത്രമാണ് വീതിച്ചു നൽകുന്നത്.

പെട്രോളിന് കേന്ദ്ര എക്സൈസ് നികുതിക്ക് പുറമെ അഡീഷണൽ സെയിൽ ടാക്സ്, ടാക്സബിൾ വാല്യു, സെസ് തുടങ്ങിയവ കൂട്ടിചേർക്കും. ഡീസൽ കമ്മീഷൻ വേറെ. ഇതെല്ലാം കൂടി ഒത്തുചേരുമ്പോൾ അടിസ്ഥാന വിലയുടെ രണ്ടിരട്ടിയിലധികം വരും എണ്ണവില. ഇന്ധനവില നിർണയാധികാരം പൂർണമായും സർക്കാരിൽ നിന്ന് മാറ്റി സ്വകാര്യ എണ്ണക്കമ്പനികൾക്ക് നൽകിയത് 2011 ലെ കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരാണ്. 2012ൽ യുപിഎ സർക്കാർ പെട്രോളിന് ലിറ്ററിന് 7.55 രൂപ വർധിപ്പിച്ചു. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ 73.78 രൂപയായി. എണ്ണക്കമ്പനികളോടും കോർപ്പറേറ്റുകളോടുമുള്ള കേന്ദ്രസർക്കാരിന്റെ വിധേയത്വ മനോഭാവവുമാണ് പെ­ട്രോളിയം ഉല്പന്നങ്ങളുടെ വിലവർധനവിന് കാരണമായിരുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ധന‑പാചകവാതക വിലവർധനവിനെതിരെ ഇടതുപാർട്ടികൾ ദേശവ്യാപകമായി പൊതുപണിമുടക്കുവരെ നടത്തി. ബിജെപിയും അന്ന് തെരുവോരങ്ങളിൽ കാളവണ്ടി ഓട്ടം ഉൾപ്പെടെ കടുത്ത പ്രതിഷേധങ്ങൾ നടത്തിയതാണ്. 2013ൽ യുപിഎ സർക്കാരിന്റെ ജനവിരുധ സാമ്പത്തിക നയങ്ങൾക്കെതിരെ മാർച്ചിൽ ഇടതുപക്ഷം നടത്തിയ പൊതുപണിമുടക്കിൽ പങ്കാളികളാകാൻ അണികളോട് ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗിനെ കളിയാക്കി സംസാരിച്ചതെല്ലാം മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കി. സർദ്ദാർ അസർദ്ദാർ, അസർദ്ദാർ! സർദ്ദാർ കഴിവുകെട്ടവനാണെന്നും കോൺഗ്രസിന്റെ വികലമായ സാമ്പത്തിക നയത്തിന്റെ ഉത്തരമോദാഹരണമാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോഡി അഭിപ്രായപ്പെട്ടത്. യുപിഎ സർക്കാരിനെതിരെ ജനരോഷം ശക്തമായ 2014 ലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മോഡി സർക്കാർ, പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർധനവിലൂടെ കോവിഡാനന്തര ഇന്ത്യയുടെ സാമ്പത്തികരംഗത്ത് കടുംവെട്ട് നടത്തുകയാണ് ചെയ്യുന്നത്. യുപിഎ സർക്കാർ സൃഷ്ടിച്ച വലിയതോതിലുള്ള വിലവർധനവിനെ ചെറുക്കാൻ ബിജെപി പാർലമെന്റ് സ്തംഭിപ്പിച്ചു. ഇന്ത്യ സാമ്പത്തിക തകർച്ചയുടെ വക്കിലാണെന്നും അ­തിൽനിന്ന് കരകേറാനായി പെട്രോളിയം ഉല്പന്നങ്ങളുടെ വില വർധിപ്പിച്ചതെന്നുമാണ് സംഘപരിവാർ അന്ന് പ്രചരിപ്പിച്ചത്. ഡീസലിനും പെട്രോളിയത്തിനും വില നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം തത്വത്തിൽ ക്രൂഡ് ഓയിലിന്റെ ആഗോളവിപണിയെ അടിസ്ഥാനപ്പെടുത്തിയാണ്. രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനങ്ങളും വിലനിർണയത്തിൽ കാര്യമാ­യ സ്വാധീനം ചെലുത്തുന്നു. 2014 ൽ മോഡി അധികാരമേൽക്കുന്നതിന് മുമ്പ് ക്രൂഡോയിലിന്റെ വില ബാരലിന് 112.47 ഡോളറായിരുന്നു. ആ സമയത്ത് ഇന്ത്യയിലെ പെട്രോൾ വില 72 രൂപയോളമായിരുന്നു. തുടർന്ന് അന്തർദേശീയ വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതായിട്ടാണ് പ്രകടമായിരുന്നത്. അവ യഥാക്രമം 2014 മേയ് — 112.47 ഡോളർ, 2015 മേയ് — 66.03 ഡോളർ, 2016 മേയ് — 53.22 ഡോളർ, 2017 മേയ് 51.47 ഡോളർ, 2018 മേയ് — 69.39 ഡോളർ, 2019 മേയ് — 54.41 ഡോളർ, 2020 മേയ് — 36.06 ഡോളർ എന്നിങ്ങനെയാണ്.

2021 ഫെബ്രുവരി രണ്ടിന് അന്തർദേശീയ വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 54.76 ഡോളറാണ്. അന്തർദേശീയവിപണിയിൽ 2014 ൽ മോഡി അധികാരമേൽക്കുമ്പോൾ ഉണ്ടായതിന്റെ പകുതിയിൽ താഴെ വില മാത്രമേ ഇപ്പോഴുള്ളു. എന്നിരുന്നാലും ആഗോളതലത്തിലുള്ള ക്രൂഡോയിൽ വില കുറയുന്നത് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് നൽകാതെ ചൂഷണം ചെയ്യുകയാണ് മോഡി സർക്കാർ. ഇന്ത്യയിൽ എണ്ണവില നിശ്ചയിക്കുന്നതിൽ കാണുന്ന പ്രതിഭാസം വളരെ വിചിത്രമാണ്. ക്രൂഡ് ഓയിലിന്റെ വില വർധിക്കുമ്പോൾ പെട്രോളിയം ഡീസൽ വില വർധിക്കും. കുറയുമ്പോൾ ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കുന്നുമില്ല. കാരണം കേന്ദ്രത്തിന്റെ എക്സൈസ് നികുതി കൂടുന്നതാണ്. മോഡി സർക്കാര്‍ വന്നതിനു ശേഷം 2014 നും 2017 നുമിടയിൽ 17 തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. പെട്രോളിയം പ്ലാനിംഗ് ആന്റ് അ­നാലിസ് സെൽ (പിപിഎസി) ഡാറ്റ പ്രകാരം കേന്ദ്ര എക്സൈസ് ഡ്യൂട്ടിയിൽ 54 ശതമാനവും വാറ്റ് 46 ശതമാനവും ഡീലർ കമ്മീഷനിൽ 70 ശതമാനവും വർധനവാണ് ഉണ്ടാക്കിയത്. മെയ് 2014 നും സെ­പ്റ്റം­ബർ 17നുമിടയ്ക്ക് ഡീസലിന് കേന്ദ്ര എക്സൈസ് ഡ്യൂട്ടിയിൽ 184 ശതമാനവും വാറ്റ് 48 ശതമാനവുമാണ് വർധിപ്പിച്ചത്. ക്രൂഡോയിൽ വിലയിലെ നേരിയ മാറ്റമുണ്ടായപ്പോൾ ലിറ്ററിന് പെട്രോൾ 11.77 രൂപയും ഡീസലിന് 13.47 രൂപയും വർധനവുണ്ടായി. 2014–15 കാലയളവിൽ കേന്ദ്രത്തിന് പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നുള്ള വരുമാനം 1,72,065.39 കോടി രൂപയായിരുന്നുവെങ്കിൽ 2019–20 കാലഘട്ടത്തിൽ വരുമാനം ഏകദേശം ഇരട്ടിയായി വർധിച്ചു. 2019–20 കാലഘട്ടത്തിലെ വരുമാനം 3,34,314.83 കോടി രൂപയാണ്. ഇതെല്ലാം പൊതുജനങ്ങളുടെ കീശയിൽ നിന്നും കേന്ദ്ര സർക്കാരുകൾ പിഴിഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പെട്രോളിയം ഉല്പന്നങ്ങളുടെ വില 40 രൂപയായി സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനമാണ് ബിജെപി ജനങ്ങൾക്ക് നൽകിയത്.

എന്നാൽ ഭരണത്തിൽ കയറി ആറുവർഷങ്ങൾ പിന്നിട്ടിട്ടും തങ്ങൾ പ്രഖ്യാപിച്ച പെട്രോളിയം 40 രൂപയാകുമെന്ന കാര്യം നടപ്പിലാക്കാതെ ജനവഞ്ചന നടത്തുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ക്രൂഡോയിൽ വില നിർണ്ണയ അവകാശം പൂർണ്ണമായി എണ്ണക്കമ്പനികളെ ഏല്പിക്കുകയായിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ. യുപിഎ സർക്കാർ പിന്തുടരുന്ന തെറ്റായ സമീപനം ബിജെപി സർക്കാരും പിന്തുടരുന്നു. കോൺഗ്രസ് നടപ്പിലാക്കിയ നവലിബറൽ നയങ്ങൾ വർ­ധിത ആവേശത്തോടെ ‘സ്വദേശി’ മേമ്പൊടി ചേർത്ത് ബിജെപി സർക്കാർ നടപ്പിലാക്കുകയാണ്. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽനിന്ന് കരകയറാൻ പോലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് സാധിച്ചിട്ടില്ല. ഈ വർഷത്തെ കേ­ന്ദ്രബജറ്റും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ അപകടപ്പെടുത്തുകയാണ് ബിജെപി സർക്കാർ. കഴിഞ്ഞ ഡിസംബറിൽ പാചകവാതക വില കൂടി. ഇപ്പോഴും വര്‍ധിപ്പിച്ചിരിക്കുന്നു. ഗാർഹിക എൽപിജി സിലിണ്ടറിന് കൊച്ചിയിൽ 726 രൂപ, 19 കിലോ വാണിജ്യ സിലിണ്ടറിന് 1535 രൂപ. അർഹരായ ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിൽ എത്തിയിരുന്ന സബ്സിഡിയുടെ വരവില്ലാതായിട്ട് ആറു മാസം കഴിഞ്ഞിരിക്കുന്നു. സബ്സിഡി നിർത്തിയതിലൂടെ കഴിഞ്ഞ ഡിസംബർ വരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം 20,000 കോടി രൂപയാണ് കേന്ദ്ര ഖജനാവിൽ എത്തിയിരിക്കുന്നത്. പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കാർഷികമേഖലയെയും ഗതാഗതമേഖലയെയുമാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിലും കാർഷികമേഖല (3.2 ശതമാനം) മാത്രമാണ് പോസിറ്റീവ് വളർച്ചാ നിരക്ക് പ്രകടിപ്പിച്ചത്.

അടിമുടി സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഉയർത്തെഴുന്നേൽപ്പിന് യാതൊരു പ്രതീക്ഷയും നൽകാതെയാണ് അടിക്കടിയുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർധനവ്. എണ്ണവിലയിൽ നിന്ന് ലഭിക്കുന്ന റവന്യൂവരുമാനംകൊണ്ട് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാമെന്ന മിഥ്യാധാരണയുമുണ്ട് മോഡി ഭരണത്തിന്. ഇന്ത്യയിലെ എണ്ണക്കമ്പനികളെയും കോർപ്പറേറ്റ് ഭീമൻമാരെയും സഹായിക്കുന്നതിന് വേണ്ടി ജനകോടികളെ വിസ്മരിക്കുകയാണ് മോഡി സർക്കാർ. 1972 ൽ ആരംഭിച്ച ഓയിൽ പൂൾ അക്കൗണ്ടിംഗ് സിസ്റ്റം എണ്ണവിലയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ജനങ്ങൾക്ക് ഭാരം ഉണ്ടാക്കാതിരിക്കാനുള്ള ഒരു മെക്കാനിസം ആയിരുന്നു. അത് ഇല്ലാതാക്കിയത് 2002 ലെ വാജ്പേയ് സർക്കാരാണ്. ഘടനാപരമായ സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ പശ്ചാത്തലത്തിൽ 2011 ൽ യുപിഎ എണ്ണവില നിർണയാവകാശം എണ്ണക്കമ്പനികൾക്കു വിട്ടുകൊടുത്തു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം എന്നീ പൊതുമേഖലാ സ്ഥാപനങ്ങളെ കൂടാതെ റിലയൻസ് പെട്രോളിയം, ഷെൽ, എസ്സാർ എന്നീ കോർപ്പറേറ്റ് കമ്പനികളാണ് എണ്ണവില നിശ്ചയിക്കുന്നത്. അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, ചൈന എന്നിവിടങ്ങളിലെ വില എത്രയോ കുറവാണ് ഇന്ത്യയെ അപേക്ഷിച്ച്.

അഫ്ഗാനിസ്ഥാനിൽ 35.34, മ്യാൻമറിൽ 41.90, പാകിസ്ഥാൻ 46.24, ഭൂട്ടാനിൽ 49.56, ശ്രീലങ്ക 63.41, നേപ്പാൾ 67.66, ചൈനയിൽ 69.77 എന്നിങ്ങനെയാണ് പെട്രോൾ വില. എല്ലാ ജനാധിപത്യ വിശ്വാസികളും ഉണർന്ന് ഈ ജനവിരുദ്ധ ഭരണത്തിനെതിരെ പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു നിമിഷംപോലും പാഴാക്കാതെ മോഡി സർക്കാർ സ്വീകരിക്കുന്ന ജനദ്രോഹ സാമ്പത്തിക നയങ്ങൾക്കെതിരെ പോരാടാൻ തയ്യാറാവേണ്ടതുണ്ട്.