കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായൊരു ആൻഡ്രോയ്ഡ് ആപ്പ്. | Snekepedia App

കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായ ഒരു മൊബൈൽ ആപ്ളിക്കേഷൻ, അതാണ് Snakepedia. കേരളത്തിൽ കാണുന്ന നൂറിലധികം തരം പാമ്പുകളുടെ എഴുനൂറിലധികം ചിത്രങ്ങൾ. ഓരോ സ്പീഷീസിനെ കുറിച്ചും ലളിതമായ വിവരണം. അല്പം അകലെ ഒരു പാമ്പിനെ കാണുന്ന ഒരു സാധാരണക്കാരന് അതിനെ തിരിച്ചറിയാൻ സഹായിക്കുക എന്നതാണ് ഈ ആപ്പിന്റെ ഒരു ലക്ഷ്യം. അതുകൊണ്ട് തന്നെ വിവരങ്ങളിൽ സാങ്കേതിക പദങ്ങൾ ഏതാണ്ട് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.

2016-ൽ രൂപീകരിച്ച ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരുകൂട്ടം ഡോക്ടർമാരും ഗവേഷകരും അഞ്ച് രാജ്യങ്ങളിലിരുന്ന് തയ്യാറാക്കിയതാണ് ഇതിലെ വിവരണങ്ങൾ. വിവരണം മാത്രമല്ല അവയുടെ ഓഡിയോയും കേൾക്കാം. വിവരണങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. പാമ്പുകളുടെ വിവരണങ്ങളിലെ ഇംഗ്ലീഷ് പോഡ്കാസ്റ്റ് ചെയ്തിരിക്കുന്നത് മൂന്ന് സ്കൂൾ വിദ്യാർത്ഥിനികൾ ആണ്. ജാലുവും നിനയും സ്നിയയും. അല്പം വ്യത്യസ്തമായ ആക്സന്റ് ആയിരിക്കും, ഒന്ന് കേട്ട് നോക്കൂ.

കേരളത്തിൽ സാധാരണ കാണുന്ന പാമ്പുകളുടെ ഓരോന്നിന്റെയും ഇരുപതോളം ചിത്രങ്ങൾ കൊടുത്തിട്ടുണ്ട്. കൂടാതെ ചില പാമ്പുകളുടെ വിവിധ നിറഭേദങ്ങൾ ഉൾപ്പെടുത്താൻ സാധിച്ചിട്ടുമുണ്ട്. ഓരോ സ്പീഷീസിനെയും തിരിച്ചറിയാനായി എളുപ്പവഴികൾ, ഇൻഫോഗ്രാഫിക്സ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോന്നും സൂം ചെയ്ത് വ്യക്തമായി കാണാം. മാസങ്ങൾ നീണ്ട പരിശ്രമമാണ് ആ ഇൻഫോഗ്രാഫിക്സ്. മൂന്നു രാജ്യങ്ങളിലിരുന്ന് നാലഞ്ചു പേർ രാപകലില്ലാതെ അധ്വാനിച്ചതിന്റെ ഫലം. ഇതിലും സാങ്കേതിക വിവരണങ്ങൾ അധികം ഉൾപ്പെടുത്തിയിട്ടില്ല. Snakepedia 90 ശതമാനവും ഒരു ഓഫ്‌ലൈൻ ആപ്പാണ്.  പതിനെട്ട് വിഭാഗങ്ങളാണ് ഈ ആപ്ളിക്കേഷനിലുള്ളത്.

ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് : https://play.google.com/store/apps/details?id=app.snakes

    തിരയൽ

ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്ന് ഒരു പേര് കണ്ടുപിടിക്കുന്നത്ര ലളിതം. മലയാളം പേരിന്റെയോ ഇംഗ്ളീഷ് പേരിന്റെയോ ശാസ്ത്രനാമത്തിന്റെയോ ആദ്യ ഒന്നോരണ്ടോ അക്ഷരങ്ങളടിച്ചാൽ മതി. കക്ഷി നിങ്ങളുടെ മുന്നിൽ ഹാജർ! ബാക്കി നിങ്ങളുടെ ഇഷ്ടം. ചിത്രം വേണോ വിവരണം വേണോ എന്നൊക്കെ നിങ്ങൾക്ക് തീരുമാനിക്കാം. ചിത്രമാണ് വേണ്ടതെങ്കിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ക്ളിക്ക് ചെയ്ത് ഇടത്തോട്ടോ വലത്തോട്ടോ ഒന്ന് സ്വൈപ് ചെയ്യുകയേ വേണ്ടൂ. പലതരം ചിത്രങ്ങൾ കാണാം. ചെറുതിന്റേയും വലുതിന്റേയും നിറവ്യത്യാസമുള്ളതിന്റേയുമെല്ലാം! വിവരണമാണ് വേണ്ടതെങ്കിൽ അത് ഇംഗ്ളീഷിലോ മലയാളത്തിലോ വായിക്കുകയോ കേൾക്കുകയോ ആവാം. വീണ്ടും താഴേക്ക് സ്ക്രോൾ ചെയ്താൽ ആ പാമ്പിനെ തിരിച്ചറിയാനുള്ള അടയാളങ്ങളോ പ്രത്യേകതകളോ ഒക്കെ കാണാനാവും. അതിനും താഴെ ആ പാമ്പിനെപ്പോലെ കാഴ്ചയിൽ തോന്നിക്കുന്ന മറ്റുപാമ്പുകൾ ഏതെല്ലാമാണെന്നുള്ള വിവരങ്ങൾ ചിത്രങ്ങൾ ഉൾപ്പെടെയുണ്ട് (ഇൻഫോഗ്രാഫിക്സ്) സാധാരണക്കാർക്ക് വേണ്ട സമ്പൂർണ്ണമായൊരു ഡേറ്റാബേസ്!

    അപകടകാരികളായ പാമ്പുകൾ

ഏറെ പ്രധാനം നാലിനമാണെങ്കിലും (മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ടമണ്ഡലി) നമ്മൾ അകന്നു നില്ക്കേണ്ട ഇരുപതിനം പാമ്പുകളുണ്ട് ഈ വിഭാഗത്തിൽ. നമുക്ക് വേണമെങ്കിൽ ഇവയെ The Top Twenty എന്ന് വിളിക്കാം. ആ ഇരുപതിന്റേയും ചിത്രങ്ങളിൽ വെറുതെയൊന്നു തൊടുകയേ വേണ്ടൂ, അവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നിങ്ങളുടെ കണ്ണിനുമുന്നിൽ എത്താൻ! നമ്മുടെ നാട്ടിലെ പാമ്പുകളിൽ നമ്മൾ ഏറെ ശ്രദ്ധിക്കേണ്ടവരും അകന്നു നില്ക്കേണ്ടവരും ആരൊക്കെയാണെന്ന് ഒറ്റയടിക്ക് നിങ്ങൾക്കറിയാം ഈ വിഭാഗം നോക്കിയാൽ.

    വിഷമില്ലാത്തവ

ഇവയെ മറ്റൊരു ഗ്രൂപ്പ് ആക്കിയിരിക്കുന്നു. 85 ഇനം പാമ്പുകളുണ്ട് ഈ വിഭാഗത്തിൽ! ചിത്രത്തിൽ ഒന്ന് ക്ളിക്ക് ചെയ്താൽ ഇവരെക്കുറിച്ചുള്ള വിവരണവും നമുക്ക് വായിക്കാം. അവരാരൊക്കെയാണെന്ന് വിശദമായി പരിചയപ്പെടുകയും ചെയ്യാം.

    അപരന്മാർ

വലിയവന്മാരെപ്പോലെ വേഷംകെട്ടി ശത്രുക്കളെ പറ്റിക്കുന്ന മിടുക്കന്മാരുടെ ഗ്രൂപ്പാണിത്. കണ്ടാൽ വിഷമുള്ള ഭീകരനാണെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന വെറും പാവം അനുകരണക്കാർ. A group of slithering imposters! ഇവരുടെ ഈ തട്ടിപ്പിൽ പലപ്പോഴും പക്ഷേ നമ്മളും വീണുപോകും. ഒന്നുകിൽ വിഷമുള്ളതെന്ന് കരുതി നമ്മളവരെ കൊല്ലാൻ നോക്കും. അല്ലെങ്കിൽ വേണ്ടാതെ ഭയപ്പെടും (എങ്ങാനുമൊരു കടി അബദ്ധത്തിൽ കിട്ടിയാൽ വിഷപ്പാമ്പെന്നു കരുതി പേടിച്ചു പോകും). ഇത് രണ്ടും ഉണ്ടാകാതിരിക്കാൻ അത്തരം അപരന്മാരെ ഒരു ഗ്രൂപ്പാക്കിയിരിക്കുന്നു. അവരെ ഓരോരുത്തരേയും പ്രത്യേകമായി, എളുപ്പത്തിൽ തിരിച്ചറിയാനുള്ള വഴികൾ ചിത്രങ്ങളുൾപ്പെടെ വിവരിച്ചിരിക്കുന്നു.

    തിരിച്ചറിയൽ

ഓരോ ഇനം പാമ്പുകളേയും ദൂരെ നിന്നുള്ള ഒരു കാഴ്ചയിൽ ഇനം തിരിച്ചറിയാൻ നമ്മളെ സഹായിക്കുന്ന സവിശേഷതകൾ വിശദമായി പറയുന്നതാണ് ഈ വിഭാഗം.

    വിദഗ്ദ്ധരോട് ചോദിക്കാം.

ഇത്തിരി ദൂരെ നിന്നുള്ള ഒരു കാഴ്ചയിൽ പാമ്പിന്റെ ഇനം തിരിച്ചറിയാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ അതിന്റെ വ്യക്തതയുള്ള ഒരു ഫോട്ടോ എടുത്ത് സ്നേക്പീഡിയയിലെ വിദഗ്ദ്ധരുടെ പാനലിന് അയച്ചുകൊടുക്കാം. മൂന്നു ഫോട്ടോ വരെ ഒരേസമയം നിങ്ങൾക്ക് ഇങ്ങനെ അയയ്ക്കാവുന്നതാണ്. അയച്ചുകൊടുത്ത് അല്പസമയത്തിനകം നിങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുന്നതാണ്.

    പ്രഥമശുശ്രൂഷ

പാമ്പുകടിയേറ്റാൽ ഉടനെ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇംഗ്ളീഷിലും മലയാളത്തിലും ലഭ്യമാണ്. കൂടാതെ രണ്ടുഭാഷയിലുമുള്ള ശബ്ദലേഖനവും. പാമ്പുവിഷചികിത്സാരംഗത്ത് വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ള മൂന്നു വിദഗ്ദ്ധഡോക്ടർമാർ ചേർന്ന് തയ്യാറാക്കിയ ലേഖനം.

    പ്രതിവിഷചികിത്സാസൗകര്യമുള്ള ആശുപത്രികൾ.

പാമ്പുകടിയേറ്റാൽ, പ്രതിവിഷചികിത്സാസൗകര്യമുള്ള ആശുപത്രികളുടെ ജില്ല തിരിച്ചുള്ള ലിസ്റ്റ്. ഓരോ ആശുപത്രിയിലേക്കുമുള്ള വഴി, ഏകദേശ ദൂരം, ഫോൺ നമ്പർ എന്നിവയുമുണ്ട് ഈ ലിസ്റ്റിൽ.

    ചികിത്സ

പാമ്പുവിഷചികിത്സയെക്കുറിച്ചും ആധുനികചികിത്സയെ അവലംബിക്കാതിരുന്നാൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും പ്രതിവിഷത്തെക്കുറിച്ചുമെല്ലാമുള്ള, വിദഗ്ദ്ധഡോക്ടർ തയ്യാറാക്കിയ, ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ആധികാരികമായ ശാസ്ത്രലേഖനങ്ങൾ. ഒപ്പം ലേഖനങ്ങളുടെ ഇംഗ്ളീഷ്, മലയാളം ഭാഷകളിലുള്ള ശബ്ദലേഖനങ്ങളും.

    ഇൻഫോ

പാമ്പുകൾ, പാമ്പുകളെ തിരിച്ചറിയാൻ, പാമ്പുകടി ഒഴിവാക്കാൻ എന്നീ മൂന്നു ലേഖനങ്ങളാണ് ഈ വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങളും ശബ്ദലേഖനങ്ങളും.

    കെട്ടുകഥകളും അന്ധവിശ്വാസങ്ങളും

മനുഷ്യൻ പരിണമിച്ചുണ്ടായതു മുതൽ ഈ നിമിഷം വരെ യുക്തിചിന്തയുടെ കൈപിടിച്ച് മാത്രമാണ് നമ്മൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടുവരെയെത്തിയത്. അതുണ്ടായിരുന്നില്ലെങ്കിൽ മനുഷ്യവംശം ഒരിക്കലും ഇത്രയേറെ പുരോഗതി കൈവരിക്കുമായിരുന്നില്ല. അതേ യുക്തിചിന്തയല്ലാതെ മറ്റൊന്നുമല്ല ശാസ്ത്രം. നീന്തലറിയാത്തവൻ നിലയില്ലാത്ത വെള്ളത്തിലിറങ്ങിയാൽ വെള്ളംകുടിച്ചും ശ്വാസംമുട്ടിയും മരിച്ചുപോകുമെന്നുള്ളതു പോലുള്ള ഒരു ലളിതമായ അറിവുതന്നെയാണത്. എന്നിട്ടും നമ്മളിൽ ഭൂരിഭാഗവും പാമ്പുകളുടെ കാര്യത്തിൽ ആ യുക്തിചിന്ത കൈവിട്ട് വളരെ പഴയ നൂറ്റാണ്ടുകളിൽ നിലനിന്നിരുന്ന നാഗമാണിക്യം, സർപ്പശാപം, പാമ്പിന്റെ പക, മന്ത്രവാദചികിത്സ, വിഷക്കല്ല് ചികിത്സ, പച്ചമരുന്ന് ചികിത്സ, വിഷഹാരികളുടെ ചികിത്സ തുടങ്ങിയ വിഡ്ഢിത്തങ്ങളിലേക്ക് തിരിഞ്ഞുനടക്കുന്നു. ഇത്തരം വിശ്വാസങ്ങളേയും വിഡ്ഢിത്തങ്ങളേയും പൊളിച്ചെഴുതുകയാണ് ഈ വിഭാഗത്തിൽ. ആധുനിക പ്രതിവിഷചികിത്സയുടെ ആവശ്യകതയേയും അത് ചെയ്യാതിരുന്നാലുള്ള അപകടങ്ങളേയുമൊക്കെ ഇതിൽ തുറന്നുകാട്ടുന്നു.

    പാമ്പുരക്ഷകർ

പാമ്പുകളെ രക്ഷിക്കുക എന്നാൽ നാലാളുടെ മുമ്പിൽ ഹീറോയാകുക എന്നാണ് പലർക്കും. അതിനുവേണ്ടി എന്തൊക്കെ കോപ്രായം വേണമെങ്കിലും അവർ കാട്ടിക്കൂട്ടും. വെറുംകൈ കൊണ്ട് പിടിക്കും, വായിൽ തോന്നിയത് പറയും, വയറ്റിലുള്ളത് പുറത്തെടുക്കും, ആണോ പെണ്ണോ എന്ന് വെറുമൊരു നോട്ടത്തിൽ പറയും, പ്രായം പറയും, പാമ്പിനെ ഉമ്മ വെക്കും, തട്ടും, തടവും, കഴുത്തിലിടും അങ്ങനെ പലതും ചെയ്യും. അതിനിടയിൽ ചിലപ്പോൾ കടിവാങ്ങി കാലപുരി പൂകുകയും ചെയ്യും. പക്ഷേ, പാമ്പ് മറ്റേതൊരു ജീവിയേയും പോലെ ഒരു ജീവി മാത്രമാണെന്നും അതിന് വിശേഷബുദ്ധിയില്ലാത്തതു കൊണ്ടുമാത്രമാണ് ഒരിത്തിരി ചൂടോ തണുപ്പോ തേടിയോ ആഹാരം തേടിയോ അത് മനുഷ്യവാസമുള്ളിടങ്ങളിൽ എത്തിപ്പെടുന്നതെന്നും അതിനെ സുരക്ഷിതമായി, കഴിയുമെങ്കിൽ കൈതൊടാതെ, അവിടുന്ന് ദൂരേയ്ക്കു മാറാൻ അനുവദിക്കേണ്ടതുണ്ടെന്നും നമ്മൾ പലപ്പോഴും മറന്നുപോകുന്നു.

ആ ചുറ്റുപാടിൽ നിന്ന് കിലോമീറ്ററുകളകലെ എവിടെയെങ്കിലും കൊണ്ടുപോയിവിട്ടാൽ അത് ചത്തുപോകുകയേ ഉള്ളെന്നും അതിനെ പിടിച്ച് ഒഴിവാക്കിയ ഇടങ്ങളിലേക്ക് മറ്റൊരു പാമ്പ് കയറിവരാൻ സാദ്ധ്യതയുണ്ടെന്നുള്ള കാര്യവും നമ്മൾ അറിയാതെ പോകുന്നു. അതുകൊണ്ടാണ് നമ്മുടെ വനംവകുപ്പ് ആവശ്യമായ പരിശീലനവും, ലൈസൻസും നല്കി നമ്മുടെ സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലുമായി ഏകദേശം എണ്ണൂറിലധികം പാമ്പുരക്ഷകരെ തയ്യാറാക്കിയിരിക്കുന്നത്. നിങ്ങളുടെ വീട്ടിലോ മറ്റോ തികച്ചും അപകടകരമായ രീതിയിൽ ഒരു വിഷപ്പാമ്പ് എത്തിപ്പെട്ടാൽ നിങ്ങൾക്ക് ഇത്തരം പരിശീലനം നേടിയ, ലൈസൻസുള്ള പാമ്പുരക്ഷകരെ സഹായത്തിന് വിളിക്കാം. അവരുടെ പേരുവിവരവും ഫോൺനമ്പറുമെല്ലാം ജില്ലാടിസ്ഥാനത്തിൽ നല്കിയിട്ടുണ്ട് ഈ വിഭാഗത്തിൽ. ആവശ്യമുണ്ടാകുന്ന പക്ഷം അവരെ മാത്രം നിങ്ങൾ ഇത്തരമൊരു കാര്യത്തിനുവേണ്ടി വിളിക്കുക.

ഓർമ്മിക്കുക:

    പാമ്പ് ഒരു വന്യജീവിയാണ്.
    വന്യജീവികളെ ഉപദ്രവിക്കുന്നതോ പിടിക്കുന്നതോ കൊല്ലുന്നതോ വന്യജീവിനിയമപ്രകാരം (Wildlife Act 1972) കുറ്റകരവും ശിക്ഷാർഹവുമാണ്.
    അവയെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് എടുത്തു മാറ്റാൻ പോലും ലൈസൻസുള്ളവർക്കേ അനുവാദമുള്ളു.

    കേരളത്തിലെ പാമ്പുകളുടെ ലിസ്റ്റ്.

2021 ജനുവരി വരെയുള്ള, കേരളത്തിലെ പാമ്പുകളുടെ ചെക് ലിസ്റ്റ്. അതാത് സമയങ്ങളിലെ പുതിയ പഠനങ്ങൾക്കനുസരിച്ചു വരുന്ന മാറ്റങ്ങൾ കൃത്യസമയത്ത് ഇതിൽ ചേർത്ത് ഈ ലിസ്റ്റ് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.

    ആവാസസ്ഥലത്തിൽ നിന്ന് പാമ്പുകളിലേക്ക്

പാമ്പുകളെ അവയുടെ ആവാസസ്ഥലത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചിരിക്കുന്നു. ഒൻപത് ആവാസവ്യവസ്ഥകളായി തരംതിരിച്ച് ഗ്രൂപ്പാക്കിയിരിക്കുന്ന ഇതിലെ ഓരോ ഗ്രൂപ്പിലും ക്ളിക് ചെയ്താൽ നിങ്ങൾക്ക് ആ ആവാസവ്യവസ്ഥയിൽ കാണാൻ സാദ്ധ്യതയുള്ള പാമ്പുകൾ ഏതൊക്കെയാണെന്ന് അറിയാൻ സാധിക്കും.

    ശബ്ദലേഖനങ്ങൾ

എട്ട് വിവിധവിഷയങ്ങളിലുള്ള ശബ്ദലേഖനങ്ങൾ.

    ഹെൽപ്

ആപ്പിലെ വിവിധ വിഭാഗങ്ങൾ ഏതെല്ലാമാണെന്നും അവയോരോന്നും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നുമൊക്കെയുള്ള ചെറിയ വിവരണങ്ങളാണ് ഈ വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

    ടീം

ഈ ആപ്ളിക്കേഷന്റെ പിന്നിൽ പ്രവർത്തിച്ച ആളുകളെ പരിചയപ്പെടുത്തുന്ന വിഭാഗമാണിത്. അവരുടെ സോഷ്യൽ മീഡിയാ പ്ളാറ്റ്ഫോമുകളിലേക്കുള്ള ലിങ്കുകളാണ് ഇവിടെ നല്കിയിട്ടുള്ളത്. അതിൽ കയറിയാൽ അവരോരോരുത്തരേയും കുറിച്ചുള്ള വിശദവിവരങ്ങൾ നിങ്ങൾക്ക് അറിയാൻ കഴിയും.

    പങ്കിടുക

ഇത്രയേറെ വിവരസമ്പുഷ്ടവും ആധികാരികവുമായ ഒരു ആപ്ളിക്കേഷനായതു കൊണ്ടുതന്നെ അത് ചിലപ്പോൾ ജീവൻ രക്ഷിക്കാൻ പോലും ഉപകാരപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെയായി ഈ ആപ്ളിക്കേഷൻ പങ്കുവെച്ചാൽ അത് തീർച്ചയായും അവർക്ക് ഉപകാരപ്പെടും. അതെ. ഒറ്റ ക്ളിക്കിനപ്പുറത്താണ് നിങ്ങൾക്ക് പ്രിയപ്പെട്ടവരുടെ സൗഖ്യത്തിനുവേണ്ടിയുള്ള നിങ്ങളുടെ കരുതൽ കുടികൊള്ളുന്നത്. പങ്കിടുക, ജീവിതത്തിന്റെ വെളിച്ചമാവുക. വിശ്വാസങ്ങളുടെ ഇരുളിൽ നിന്ന് വസ്തുതകളുടെ വെളിച്ചത്തിലേക്ക് വഴിനടക്കാൻ മറ്റുള്ളവരേയും കൂടി പ്രാപ്തരാക്കുക.

ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് : https://play.google.com/store/apps/details?id=app.snakes