വികസനമുരടിപ്പിന്റെ ആവലാതികള്‍ കേട്ട് ചെമ്പേരി പര്യടനം....

 ശ്രീകണ്ഠാപുരം

"സജി നീ ഈ റോഡ് കണ്ടോ നാല് പതിറ്റാണ്ട് പഴക്കമുള്ള ഇത് അന്നും ഇന്നും ഇങ്ങനെ തന്നെ നീ ജയിച്ചാല്‍ ഇതിനൊരു മാറ്റമുണ്ടാകണം" ഇത് പറയുന്നത് ചുണ്ടക്കുന്ന് എസ്റ്റേറ്റിലെ ഫാ: ജോമോന്‍ ചെമ്പകശ്ശേരിയാണ്. അച്ഛന്‍ പറഞ്ഞത് പോലെ തന്നെയാണ് കാര്യങ്ങള്‍ പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയുമായ കൂട്ടുമുഖം- ചുണ്ടക്കുന്ന്- വളയംക്കുണ്ട് റോഡിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് അച്ഛന്റെ നേത്റ്ത്വത്തില്‍ പ്രദേശവാസികള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് നിവേദനവും നല്‍കി. സമാന അവസ്ഥ തന്നെയാണ് എരുവേശ്ശി ഖാദി ഉല്പാദന കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കും പറയാനുള്ളത് ചുണ്ടക്കുന്നില്‍ ഗതാഗതമാണ് പ്രശ്നമെങ്കില്‍ ഇവിടെ കുടിവെള്ളമാണ്. വേനല്‍ തുടങ്ങുന്നതോടെ ഇവരുടെ കിണറുകള്‍ വറ്റി വരളുന്നു അതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകും. അതിന് പരിഹാരം കാണണമെന്നാണ് തൊഴിലാളികളുടെ ആവിശ്യം. 

                   ഇരിക്കൂര്‍ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റത്തിന്റെ ബുധനാഴ്ചത്തെ പര്യടനം രാവിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫെറോന പള്ളിയില്‍ നിന്നും ആരംഭിച്ചു. തുടര്‍ന്ന് ചുണ്ടക്കുന്ന് എസ്റ്റേറ്റ്, കാന്‍സര്‍ രോഗികളുടെ അഭയകേന്ദ്രമായ സാന്ത്വനം കരുണാലയം, സെന്റ് തോമസ് പബ്ലിക്ക് സ്കൂള്‍, വിമല്‍ ജ്യോതി എഞ്ചിനിയറിങ്ങ് കോളേജ്, എരുവേശി, കുടിയാന്മല എന്നിവിടങ്ങളിലെ ആരാധനലായങ്ങള്‍, കോണ്‍വെന്റുകള്‍, മതപുരോഹിതര്‍, ഏറ്റുപാറയിലെ മരിയന്‍ പാരസ്, ഏറ്റുപാറ, ചീത്തപാറ, കാഞ്ഞിരക്കൊല്ലി, ചിറ്റാരി തുടങ്ങിയ കോളനികള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു.