നിങ്ങളുടെ ട്രോളുകള്‍ക്ക് തകര്‍ക്കാനാവില്ല : മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞാന്‍ സുന്ദരി ; സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപം ഏറ്റുവാങ്ങിയ ആ മോഡൽ പറയുന്നു...സമൂഹമാധ്യമങ്ങളിലെ ട്രോളുകളിലൂടെ അപമാനിക്കപ്പെട്ട വ്യക്തിയാണ് മഹോഗാനി ഗെറ്റർ എന്ന 23കാരി. ഭിന്നശേഷിക്കാരിയായ ഗെറ്റർ ഫാഷൻ മോഡലിംഗ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്ന മോഡലാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് നേരിടേണ്ടി വന്ന അപമാനത്തേക്കുറിച്ചും ട്രോളുകളെക്കുറിച്ചും സംസാരിക്കുകയാണ് ഗെറ്റർ. അമേരിക്കകാരിയാണ് ഗെറ്റര്‍. ജനിച്ചപ്പോഴെ ലിംഫെഡിമ (lym­phede­ma) എന്ന രോഗം ഗെറ്റയെ ബാധിച്ചിരുന്നു. ശരീരത്തിലെ മൃദുവായ കോശങ്ങളിൽ അധികമായ ദ്രാവകം ശേഖരിക്കുകയും അവിടങ്ങളിൽ അസാധാരണമാംവിധം നീര് വയ്ക്കുകയും ചെയ്യുന്ന ഒരവസ്ഥയാണിത്. ഗെറ്റയുടെ ഇടതുകാലിനെയാണ് ഈ രോഗം ബാധിച്ചിരിക്കുന്നത്. ശരീരത്തില്‍ 45 കിലോഗ്രാം ഭാരം കൂട്ടുന്ന ഈ കാല് മുറിച്ചുകളഞ്ഞു കൂടെ എന്ന രീതിയിലുള്ള ആക്ഷേപങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നേരിടേണ്ടി വന്നതായി ഗെറ്റ പറയുന്നു. തന്റെ രൂപത്തെക്കുറിച്ചുള്ള ട്രോളുകൾ താൻ വകവെക്കാറില്ല, ഇത്തരം ട്രോളുകൾ ഉണ്ടാക്കുന്നവരുടെ വിലകുറഞ്ഞ ചിന്താഗതിക്ക് മുകളിലേക്ക് ഉയരുകയല്ലാതെ തനിക്ക് മറ്റ് മാർഗമില്ലെന്നും ഗെറ്റർ പറയുന്നു.


തന്റെ വൈകല്യത്തെ മറച്ചുവെക്കാതെ അതിനെ മറികടക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഗെറ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കു വെയ്ക്കുന്നത്. ഒപ്പം യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും തന്റെ അവസ്ഥയെക്കുറിച്ച് ആളുകൾക്ക് അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. ജനിച്ചയുടൻ തന്നെ ഗെറ്ററിന് രോഗനിർണയം നടത്തിയിരുന്നു. എങ്കിലും നിലവിൽ ചികിത്സയില്ലാത്തതിനാൽ ഈ അവസ്ഥ മൂലമുണ്ടാകുന്ന വേദന കുറക്കാനുള്ള മരുന്നുകൾ കഴിക്കാൻ മാത്രമേ നിവർത്തിയുള്ളു. രോഗം ബാധിച്ചിരിക്കുന്ന ഗെറ്ററിന്റെ കാലിന് മാത്രം ഏകദേശം 45 കിലോഗ്രാം ഭാരമുണ്ട്. കാലിലെ നീര് കുറയ്ക്കുന്നതിന് ആകെ ചെയ്യാൻ കഴിയുന്നത് ഫിസിയോതെറാപ്പിയും മസാജിങ്ങും മാത്രമാണ്. ഫാഷൻ മോഡലിംഗിൽ തന്റേതായ ഒരു സ്ഥാനമുണ്ടാക്കാൻ അവൾ തീരുമാനിക്കുകയായിരുന്നു. അമ്മയായ തിമിക്കയാണ് ഓരോ പ്രതിസന്ധിയിലും തളരാതെ പിന്തുണയുമായി കൂടെയുള്ളത്. മൂന്ന് മക്കളിൽ മൂത്തകുട്ടിയാണ് ഗെറ്റർ. രോഗനിർണയം നടത്തിയപ്പോൾ അമ്മ വളരെയധികം വിഷമിച്ചുവെന്നും പക്ഷേ എല്ലാവരും കൂടി ഓരോ പ്രതിസന്ധിയെ തരണം ചെയ്തെന്നും ഗെറ്റർ പറഞ്ഞു. തന്റെ കുട്ടിക്കാലത്ത് താൻ ഒരിക്കലും ഒരു സുന്ദരിയായി തോന്നിയിട്ടില്ല, ദൈവം തന്നെ ശപിച്ചതായിരിക്കുമെന്നും കരുതിയിരുന്നു, വിഷമം വരുമ്പോൾ ആരും കാണാതെ കരഞ്ഞിരുന്നുവെന്നും ഗെറ്റർ പറഞ്ഞു.


’ഞാൻ വൈകാരികമായി ശക്തയായതിനാലും എനിക്ക് ഈ പ്രതിസന്ധി കൈകാര്യം ചെയ്യാൻ കഴിയുന്നതിനാലുമാണ് എനിക്ക് ഈ അവസ്ഥ നൽകിയതെന്ന് ഞാൻ വിചാരിക്കാൻ തുടങ്ങിയ അന്നുമുതൽ ഞാൻ എന്റെ ഈ അവസ്ഥ അംഗീകരിക്കാനും ജീവിതം ആഘോഷമാക്കാനും തീരുമാനിച്ചു. സ്വന്തം വ്യത്യാസങ്ങൾ ആഘോഷിക്കാൻ മറ്റുള്ളവർക്ക് ഞാനിപ്പോൾ ഒരു പ്രചോദനമാണ്. ശരീരം കൊണ്ടും മനസുകൊണ്ടും ഞാൻ സുന്ദരിയാണ്. എന്റെ ശരീരത്തെക്കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു. ’ – തളരാത്ത മനസുമായി ഗെറ്റർ പറഞ്ഞു. ക്രൂരമായ ട്രോളുകളിലൂടെ ‘കാല് മുറിച്ചു കളയൂ, അപ്പോൾ കുറച്ചുകൂടി നന്നായിരിക്കും’ എന്ന് പറഞ്ഞു കളിയാക്കിയവരെ അവഗണിക്കാനും ഗെറ്റർ ഇപ്പോർ പഠിച്ചു. ‘നിരവധി കമന്റുകളാണ് എന്നെ അധിക്ഷേപിച്ച് ആളുകൾ സമൂഹമാധ്യമങ്ങളിൽ പറയുന്നത്. പന്നിയുടെ തുട പോലെയാണ് എന്റെ കാലെന്ന് ഒരു വ്യക്തി എന്നോട് പറഞ്ഞു. ഒരു വിദ്യാർത്ഥിനി, എന്നെക്കണ്ടാൽ ഏതോ ഒരു വിചിത്ര ജീവിയെപ്പോലെയുണ്ടെന്നും പറഞ്ഞു. ആളുകളുടെ ഈ വൃത്തികെട്ട കമന്റുകൾ അവഗണിച്ച് ജീവിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, പക്ഷേ അതല്ലാതെ എനിക്ക് മറ്റ് മാർഗമില്ല. ’

‘എന്റെ ജീവിതത്തിൽ കൂടുതൽ കാലം ഞാൻ എന്റെ അവസ്ഥയെക്കുറിച്ചോർത്ത് വിഷമിച്ചു. എനിക്ക് എന്നോട് തന്നെ വെറുപ്പായിരുന്നു. പക്ഷേ, കുറച്ച് കാലം കഴിഞ്ഞ്, ഓൺലൈൻ ലിംഫെഡിമ കൂട്ടായ്മയിൽ നിന്നും എന്റെ പ്രചോദനമായ എന്റെ അമ്മയിൽ നിന്നും ധാരാളം പിന്തുണ ലഭിച്ചു. ഞാൻ ശക്തയാണെന്നും ഞാൻ എത്ര സുന്ദരിയാണെന്നും മനസ്സിലാക്കി. കാഴ്ചയിൽ മാത്രമല്ല ഒരു വ്യക്തിയെന്ന നിലയിലും. മറ്റുള്ളവർ സ്വയം അംഗീകരിക്കാനും അവർ എത്ര സുന്ദരരാണെന്ന് മനസിലാക്കിക്കുന്നതിനും എന്റെ ജീവിതം ഒരു പ്രചോദനമാകണം. ’ – ഗെറ്റർ പറയുന്നു. നല്ല ആരോഗ്യമുള്ള ദിനങ്ങളിൽ, ഫിസിയോതെറാപ്പി ചികിത്സ നടത്തുന്നതിനും ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും സജീവമായിരിക്കാനുമാണ് ഗെറ്റർ ഇഷ്ടപ്പെടുന്നത്. നിരവധി ഫോളോവേഴ്സാണ് സമൂഹമാധ്യമങ്ങളിൽ ഗെറ്ററിന് കൂട്ടായുള്ളത്.

‘സമൂഹമാധ്യമങ്ങൾ വഴി എല്ലാവരും ട്രോൾ ചെയ്യുന്നവരും അധിക്ഷേപിക്കുന്നവരും അല്ല. ഒരുപാട് ആളുകൾ എന്നെ ഓൺലൈനിൽ പിന്തുണയ്ക്കുന്നവരാണ്. എന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഞാൻ നിലവിൽ സമൂഹമാധ്യമങ്ങളിൽ സജീവമല്ല. ചിത്രം വരക്കലും പാട്ട് കേൾക്കലുമാണ് ഇപ്പോഴത്തെ പ്രധാന വിനോദം. യൂട്യൂബ് ചാനലിൽ ചില വീഡിയോകളും ചെയ്യുന്നു. മസാജ്, കംപ്രഷൻ ഡ്രസ്സിംഗ്, ഫിസിയോതെറാപ്പി എന്നിവയാണ് കാലിന് പ്രധാനമായും നൽകുന്ന ചികിത്സ. ഈ രോഗവസ്ഥയിൽ ധാരാളം വെള്ളം കുടിക്കുകയും ഉപ്പിട്ട ഭക്ഷണങ്ങളും മദ്യവും ഒഴിവാക്കുകയും വേണം. ’ – ഗെറ്റർ പറഞ്ഞു. പലപ്പോഴും ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിത്സയ്ക്കായി ആശുപത്രിയിലാണ് ഗെറ്റർ. വൈകല്യത്തേയും, തങ്ങളുടെ രോഗാവസ്ഥകളേയും ആയുധമാക്കി മാറ്റിയ നിരവധി പേർ നമ്മുടെ ചുറ്റിലുമുണ്ട്. അവർ നേരിട്ടിട്ടുള്ള ആക്ഷേപങ്ങളും പരിഹാസങ്ങളും പലപ്പോഴും നമ്മൾ അറിഞ്ഞിട്ടുണ്ടാവുകയില്ല. സമൂഹ മാധ്യമങ്ങൾ ആളുകളിലേക്ക് കൂടുതൽ സ്വാധീനം ചെലുത്തിയതിന് ശേഷമാണ് പലതരത്തിലുള്ള ആളുകളെയും അവരുടെ കഴിവുകളെയും നമ്മൾ അടുത്തറിയുന്നത്.