വാക്സിന്‍ ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയ അടിസ്ഥാനത്തിൽ :വിശദീകരണവുമായി കേന്ദ്രം...


കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ.

ഡോസുകളുടെ ഇടവേള കുറഞ്ഞത് എട്ട് ആഴ്ചയിൽനിന്ന് 12 ആഴ്ചയായി വർധിപ്പിച്ച തീരുമാനം ചർച്ചയായ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. വിദഗ്ധ സമിതിയുടെയും സർക്കാരിന്റേയും ഏകകണ്ഠമായ തീരുമാനമാണെന്നും ഒരു ഭാഗത്ത് നിന്നും എതിർപ്പുയർന്നിരുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു.

കോവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള വർധിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് സുതാര്യമായാണ്. ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവരങ്ങളെ അപഗ്രഥിക്കാൻ ഇന്ത്യയ്ക്ക് സുശക്തമായ സംവിധാനമുണ്ട്. ഈ വിഷയം രാഷ്ട്രീയവത്കരിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്നും ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. വാക്സിൻ ഡോസ് ഇടവേള വർധിപ്പിക്കുന്നത് സംബന്ധിച്ച് നാഷണൽ ടെക്നിക്കൽ അഡ്വസൈറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ മേധാവി ഡോ. എൻകെ അറോറയുടെ ശുപാർശയുടെ പകർപ്പും ട്വീറ്റിനൊപ്പം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായിരിക്കുമ്പോൾ വാക്സിൻ ഫലപ്രാപ്തി 65 ശതമാനം ആണെങ്കിൽ ഇടവേള 12 ആഴ്ചയായി വർധിപ്പിക്കുമ്പോൾ ഫലപ്രാപ്തി 88 ശതമാനമാണെന്ന് യു.കെ. ഹെൽത്ത് റെഗുലേറ്ററുടെ റിപ്പോർട്ടാണ് എൻ.കെ. അറോറ സർക്കാരിന് കൈമാറിയത്.

കോവിഷീൽഡ് വാക്സിൻ ഡോസ് 12 മുതൽ 18 ആഴ്ചയായി വർധിപ്പിക്കാനുള്ള തീരുമാനം മെയ് 13-നാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, ഇടവേള വർധിപ്പിക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നില്ലെന്ന് സർക്കാർ നിയോഗിച്ച വാക്സിൻ വിദഗ്ധ സമിതി അഭിപ്രായപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. എട്ട് മുതൽ 12 ആഴ്ച വരെയാണ് സമിതി ശുപാർശ ചെയ്തതെങ്കിലും സർക്കാർ പ്രഖ്യാപിച്ചത് 12 മുതൽ 16 ആഴ്ച വരെയാണെന്നും ഒറ്റയടിക്ക് ഇത്രയും ഇടവേള വർധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടർ എം.ഡി. ഗുപ്തെ അഭിപ്രായപ്പെട്ടത്.

ഇടവേള വർധിപ്പിക്കുന്നത് വാക്സിൻ ഫലപ്രാപ്തി കൂട്ടുമെന്നാണ് ആദ്യഘട്ടത്തിൽ വന്ന പഠനങ്ങളെങ്കിലും പിന്നീട് ഇത് തിരുത്തിക്കൊണ്ടുള്ള പഠനങ്ങളും പുറത്തുവന്നിരുന്നു. ഇതുപ്രകാരം പലരാജ്യങ്ങളും ഇടവേള കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.