കേരളത്തിൽ വർഗീയ കലാപ സാധ്യതയോ ? രഹസ്യ ചർച്ച ചോർന്നതായി വിവരം.. | BJP Scam

എറണാകുളം : സംസ്ഥാനത്ത് കലാപമുണ്ടാക്കി കുഴല്‍പ്പണക്കേസില്‍ നിന്ന് ശ്രദ്ധ തിരിയ്ക്കാന്‍  ബിജെപി ശ്രമം തുടങ്ങിയതായി സൂചന. എന്തും ചെയ്ത് കേസില്‍ നിന്ന് ജനശ്രദ്ധ തിരിക്കണമെന്ന് യുവമോര്‍ച്ച സംഘടിപ്പിച്ച ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ആഹ്വാനം.

ഇക്കാര്യത്തില്‍ 2002ല്‍ ഗുജറാത്തില്‍ മോഡി  ചെയ്തത് മാതൃകയാക്കാം എന്ന് ബിജെപി ബൗദ്ധിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ ടി ജി മോഹന്‍ദാസ്‌ ചര്‍ച്ചയില്‍ നിര്‍ദേശിച്ചു. (2002 ലാണ് ആയിരങ്ങളെ കൊന്നൊടുക്കിയ ഗുജറാത്ത് കലാപം നടന്നത്). ഒരു സ്ഫോടനം ഉണ്ടായാല്‍ അതിനേക്കാള്‍ വലിയ സ്ഫോടനം സൃഷ്ടിച്ച് നേരിടുന്ന ഇന്ദിരാഗാന്ധിയെയും  ഇക്കാര്യത്തില്‍ മാതൃകയാക്കണം .''അതിനുള്ള ആയുധങ്ങള്‍ നമ്മുടെ കയ്യിലുണ്ട്. അവ പ്രയോഗിക്കാന്‍ നേരമായി''- മോഹന്‍ദാസ് പറഞ്ഞു.

മഞ്ചേശ്വരത്തെ കെ സുന്ദരയെ പിന്മാറ്റാന്‍ കൈക്കൂലി നല്‍കിയ കേസില്‍ കെ സുരേന്ദ്രന്‍ 14 ദിവസമെങ്കിലും ജാമ്യം കിട്ടാതെ ജയിലില്‍ കിടക്കാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പും മോഹന്‍ദാസ്‌ നല്‍കുന്നു.

കെ സുരേന്ദ്രനും വി വി രാജേഷും പങ്കെടുത്ത ചര്‍ച്ചയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ മാത്രമാണു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ചര്‍ച്ചയുടെ ഉള്ളടക്കം  പുറത്തെത്തുകയായിരുന്നു.