ഇനി ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ മാത്രം... പഴയ സ്വർണ്ണം എന്ത് ചെയ്യും ? വിൽപ്പനയും കൈമാറ്റവും എങ്ങനെ ? ഇവിടെ വായിക്കുക...


എറണാകുളം : രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കി. സ്വർണാഭരണങ്ങളുടെ ​ഗുണമേന്മ (കാരറ്റ്) വ്യക്തമാക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) അം​ഗീകൃത മുദ്രയാണ് ഹാൾമാർക്ക്. ബുധനാഴ്‌ച മുതൽ ഹാൾമാർക്ക് അഥവാ ബിഐഎസ് മുദ്രയുള്ള 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാനാകൂ. 14 കാരറ്റിൽ 58.5 ശതമാനവും 18 കാരറ്റിൽ 75 ശതമാനവും 22ൽ 91.6 ശതമാനവും സ്വർണം ഉണ്ടാകണം. 21 കാരറ്റ് സ്വർണം വിൽക്കാൻ അനുമതിയില്ലെങ്കിലും ഉപയോക്താക്കളിൽനിന്ന്‌ വാങ്ങാൻ തടസ്സമില്ല.

ബിഐഎസ് മുദ്ര, സ്വർണത്തിന്റെ പരിശുദ്ധി (ഉദാ.916), ഹാൾമാർക്ക് ചെയ്ത സ്ഥാപനത്തിന്റെ മുദ്ര, ജ്വല്ലറിയുടെ തിരിച്ചറിയൽ മുദ്ര എന്നിവയാണ് ഹാൾമാർക്കിങ്  സ്വർണാഭരണത്തിൽ ഉണ്ടാകുക. രണ്ട് ​ഗ്രാമിൽ താഴെയുള്ളവയ്‌ക്കിത്‌ ബാധകമല്ല.

സംസ്ഥാനത്ത് പൊതുവിൽ 22, 18 കാരറ്റ് ആഭരണങ്ങളാണ് വിൽക്കുന്നത്. ഡയമണ്ടിലാണ് 18 കാരറ്റ് പ്രധാനമായും ഉപയോ​ഗിക്കുന്നത്. ഏഴായിരത്തോളം ജിഎസ്ടി രജിസ്ട്രേഷനുള്ള സ്വർണാ​ഭരണ വ്യാപാരികളിൽ 4000 പേരും ഹാൾമാർക്കിങ് ലൈസൻസെടുത്തതായി ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ  സംസ്ഥാന ട്രഷറർ എസ് അബ്ദുൾ നാസർ പറഞ്ഞു. 

പഴയ സ്വർണാഭരണം കൈവശം വയ്‌ക്കാം

 ഹാൾമാർക്കിങ്നിർബന്ധമാക്കിയതോടെ പാരമ്പര്യമായവ അടക്കമുള്ള പഴയ സ്വർണാഭരണങ്ങൾക്കും നാണയങ്ങൾക്കും സ്വർണ ഉരുപ്പടികൾക്കും എന്ത് സംഭവിക്കുമെന്ന് ആശങ്ക വേണ്ട. പഴയ സ്വർണം കൈവശം വയ്ക്കാനോ കൈമാറ്റത്തിനോ ഹാൾമാർക്കിങ് നിയമം തടസ്സമല്ല. പഴയതുപോലെതന്നെ വിൽക്കാനും പണയംവയ്ക്കാനും മാറ്റി വാങ്ങാനുമാകും. വിൽക്കുമ്പോൾ കാരറ്റ് അനുസരിച്ചുള്ള വിപണി വില ലഭിക്കും.

കേരളത്തിൽ 73 കേന്ദ്രം...

കേന്ദ്രസർക്കാരിന്റെ നിബന്ധനപ്രകാരം ജിഎസ്ടി രജിസ്ട്രേഷനില്ലാത്തവരും ഹാൾമാർക്കിങ് ലൈസൻസെടുക്കണം. ആഭരണ നിർമാതാക്കൾക്കോ സ്വർണപ്പണിക്കാർക്കോ ആവശ്യമില്ല. കേരളത്തിൽ ബിഐഎസ് അം​ഗീകാരമുള്ള 73 ഹാൾമാർക്കിങ് കേന്ദ്രങ്ങളുണ്ട്. ഒറ്റ കേന്ദ്രംപോലുമില്ലാത്ത സംസ്ഥാനങ്ങളുണ്ടെന്നും അടിസ്ഥാന സൗകര്യം ഒരുക്കാതെയാണ് കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചതെന്നും സ്വർണ, രത്ന ആ​ഭരണ വ്യാപാരികളുടെ കൂട്ടായ്മായ ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ പറയുന്നു. സാധാരണ ഹാൾമാർക്കിങ് സെന്റർ സ്ഥാപിക്കാൻ 70–-80 ലക്ഷം രൂപ വേണം.
സ്വർണം ഇറക്കുമതിയിൽ മുന്നിലുള്ള ഇന്ത്യയിൽ പ്രതിവർഷം 700–-800 ടൺ സ്വർണ ഇറക്കുമതിയുണ്ട്‌. രാജ്യത്തെ നാല് ലക്ഷത്തോളം  ജ്വല്ലറികളിലായി ഏകദേശം 5000 ടൺ സ്വർണമുണ്ടെന്നാണ് കണക്ക്‌. എന്നാൽ 40 ശതമാനം ആഭരണങ്ങൾ മാത്രമാണ് ഹാൾമാർക്ക് ചെയ്യുന്നത്.