മഹാമാരിയുടെ ഇരുണ്ട കാലത്തും വെളിച്ചം വീശാൻ വായന... ഇന്ന് വായനാ ദിനം...

മലയാളികള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു വായനാ ദിനം കൂടി കടന്നു വന്നിരിക്കുകയാണ്. കൊവിഡ് കാലത്ത് ക്വാറന്‍റൈന്‍ വിരസത ഒഴിവാക്കാന്‍ പലരും നല്ല പുസ്തകങ്ങളെ കൂട്ടുപിടിക്കുന്ന കാഴ്ചകൂടി കാണാന്‍ സാധിക്കുന്ന കാലം.

മഹാമാരിയുടെ രണ്ടാം തരംഗത്തിലും പുസ്തകങ്ങളെ ചേര്‍ത്തു പിടിച്ച് പുതിയ ലോകം തീര്‍ക്കുകയാണ് വായനക്കാര്‍. കൊവിഡിനെ തുടര്‍ന്നുള്ള സാമൂഹിക അകലം മായ്ച്ചു കളഞ്ഞതും നമ്മള്‍ പുസ്തകങ്ങളിലൂടെയാണ്.

വെളിച്ചവും വൈദ്യുതിയും കടന്നെത്തും മുന്‍പേ മലയാളി വായനയുടെ മുഖപടം ഉയര്‍ത്തി അറിവിന് വെളിച്ചമാക്കി ലോകത്തോളം വളര്‍ന്നു. ഗ്രാമീണ വായനശാലകള്‍ ആയിരുന്നു വായനയെന്ന വികാരത്തെ ഊടും പാവും നല്‍കി സമൂഹ മനസുകളില്‍ നിലനിര്‍ത്തിയത്. ഓരോ വീടുകളിലും വായനശാലകള്‍ സജ്ജമാകുന്ന കാലമാണിത്.

ഡിജിറ്റല്‍ സൈബര്‍ പുസ്തക പുരകളിലൂടെയും ഇന്ന് വിജ്ഞാനീ നിലനില്‍ക്കുന്നു. അപ്പോഴും പ്രിയപ്പെട്ട പുസ്തകം തുറക്കുമ്പോഴുള്ള ആ സുഗന്ധം നമ്മള്‍ക്ക് എന്തിനേക്കാളും പ്രിയപ്പെട്ടതാണ്. ഇത്തവണയും മഹാമാരിയുടെ കാലം പിടിമുറുക്കി കടന്നു പോകുമ്പോഴും കൊവിഡ് തീര്‍ത്തസാമൂഹിക അകലം നമ്മള്‍ മായ്ച്ചു കളയുന്നത് പുസ്തകങ്ങളിലൂടെയുള്ള യാത്രയിലാണ്.

വായനാദിനം എത്തുമ്പോള്‍ പി.എന്‍ പണിക്കരെ ഓര്‍ക്കാതെ കടന്നു പോകാനാവില്ല. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍ പണിക്കര്‍. 1996 മുതലാണ് പി. എന്‍ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ച് തുടങ്ങിയത്.

വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ വായനാദിനവും. വായനാശീലം മറന്ന് ആധുനിക യുഗത്തിന്റെ മുഖഛായ സ്മാര്‍ട്ട്ഫോണുകളിലേക്ക് ഒതുങ്ങിയ പുതു തലമുറയുടെ ഇടയില്‍ വായനാ ദിനത്തിന്റെ പ്രധാന്യം ഏറെയാണ്.

വായിച്ച് വളരുക; ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് സമൂഹത്തില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനം ചെയ്ത വ്യക്തിയാണ് പി എന്‍ പണിക്കര്‍. ചെറുപ്പകാലം മുതല്‍ക്ക് തന്നെ തന്റെ ജീവിതം വായനയ്ക്കായി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്.

1909 മാര്‍ച്ച് ഒന്നിനാണ് പി.എന്‍ പണിക്കര്‍ ജനിച്ചത്. തന്റെ പതിനേഴാം വയസില്‍ എന്ന ഒരു വായനശാല സ്ഥാപിച്ച് കൊണ്ടാണ് അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

എന്തായാലും ഈ കെട്ട കാലത്തില്‍ ഓരോ പുസ്തകവും ഓരോ പ്രപഞ്ചം തുറന്ന് വായനക്കാരനെ നവീകരിക്കുന്നു. കണ്ണീരില്‍ മുങ്ങിയ തുളസിക്കതിര്‍ പോലെ ആ നിമിഷം ഏതൊരു വായനക്കാരന്റെ മനസിനെയും ചിന്തകളെയും ധന്യമാക്കുന്നു. ഏവര്‍ക്കും മലയോരം ന്യൂസിന്‍റെ വായനാദിനാശംസകള്‍.