എറണാകുളം : സ്ത്രീകൾക്ക് തൊഴിലുറപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ ആമസോണത്തിന്റെ രണ്ട് വിതരണ കേന്ദ്രങ്ങൾ കേരളത്തിൽ. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി. സ്ത്രീകൾ മാത്രമുള്ളതാണ് ഈ വിതരണ കേന്ദ്രങ്ങൾ. പത്തനംതിട്ടയിലെ ആറന്മുളയിലും തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലുമാണ് ഈ രണ്ട് കേന്ദ്രങ്ങൾ. സർവ്വീസ് ഡെലിവറി പാർട്ട്ണർമാർ വഴി സ്ത്രീകൾക്ക് ജോലി നൽകുന്നത്. അതാത് പ്രദേശത്തെ 50 ഓളം സ്ത്രീകൾക്ക് ജോലി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൊവ്വാഴ്ചയാണ് ആമസോൺ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്.
ലോജിസ്റ്റിക്സ് രംഗത്ത് സ്ത്രീകൾക്ക് തൊഴിൽ നൽകുകയും സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്യാനുള്ള ആമസോൺ ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമായാണ് നടപടി. ഇന്ത്യയിൽ ഇതിന് സമാനമായി ഗുജറാത്തിലെ കാഡിയിലും തമിഴ്നാട്ടിലെ ചെന്നൈയിലും ഇത്തരത്തിൽ സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന വിതരണ കേന്ദ്രങ്ങൾ പ്രവർത്തിച്ച് വരുന്നുണ്ട്.
ഉപയോക്താക്കൾ ഓർഡർ ചെയ്യുന്ന സാധനങ്ങൾ എത്തിച്ച് കൊടുക്കുകയാണ് സ്ത്രീ ജീവനക്കാരുടെ ചുമതല. ഭൂരിഭാഗം പാർട്ട്ണർമാർക്കും ഇത് ആദ്യത്തെ സംരംഭമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ആവശ്യക്കാർക്ക് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതേ സമയം തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ പരമാവധി ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.