EXCLUSIVE NEWS : കോവിഡ് - 19 ദുരിതത്തിനിടയിൽ ബ്ലേഡ് മാഫിയകളുടെ അഴിഞ്ഞാട്ടം.. നിയമ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ സംഭവിക്കാൻ പോകുന്നത് വൻ സാമൂഹിക പ്രശ്നങ്ങൾ..


കോവിഡും ലോക്ഡൗണും തുടർന്നുണ്ടായ തൊഴിൽ മേഖലയിലെ പ്രതിസന്ധികളും ഒട്ടേറെ സാധാരണക്കാരുടെ ദൈനംദിന ചെലവുകളെ പ്രതിസന്ധിയിലായത്.ഇതിനിടയിലാണ് പലിശമാഫിയകള്‍ പലയിടത്തും കണക്കിൽപ്പെടാത്ത പണമാണ് ഇത്തരത്തിൽ ക്രയവിക്രയം ചെയ്യുന്നത്. 1000 രൂപയ്ക്ക് 250 രൂപ വരെയാണു ചിലര്‍ പലിശയിനത്തിൽ ഈടാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ജീവിതം അപ്പാടെ കുടുങ്ങിപ്പോയവരാണു നിവൃത്തികേടു കാരണം ബ്ലേഡ് മാഫിയയില്‍ നിന്നു പണം വാങ്ങുന്നത്. പണം കൃത്യസമയത്ത് തിരകെ നൽകാൻ കഴിയാത്തവരോടു പിന്നീട് ഭീഷണിയുടെ സ്വരമാണ് അവര്‍ സ്വീരരിക്കുന്നത്. നിരവധി കുടുംബങ്ങൾ ആത്മഹത്യ ഭീഷണിയിലാണെന്നും ബ്ലേഡ് മാഫിയ സംസ്ഥാനത്തൊട്ടാകെ പിടിമുറുക്കിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ കുബേര ഉൾപ്പെടെ ഇക്കാര്യത്തിൽ ഇടപെടാൻ കഴിയുന്ന സംവിധാനങ്ങൾ ഉണ്ടെങ്കിലും മാനഹാനി കാരണം പരാതിപ്പെടാൻ അധികമാരും തയാറാകാത്തതും പൊലീസിനെ നടപടികൾ സ്വീകരിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നുണ്ട്.

ഒരു ലക്ഷം രൂപയ്ക്ക് 10 ദിവസത്തേക്കു 10,000 രൂപവരെയാണു കോവിഡിന്റെ മറവിൽ കഴുത്തറുക്കുന്ന മാഫിയകള്‍ ഈടാക്കുന്നുത്. ഒരു മാസത്തേക്കു 30,000 രൂപ പലിശ. സാധാരണക്കാരാണ് ഇവരുടെ ഇരകൾ, വാടകയ്ക്കു താമസിക്കുന്നവർ, ഒരു തരത്തിലും ഒരു ബാങ്കിൽ നിന്നും വായ്പ ലഭിക്കാത്തവർ. ഇവര്‍ക്ക് നേരെയാണ് ക്രൂരതകള്‍. ഭീഷണിപ്പെടുത്തി ഒപ്പിട്ടുവാങ്ങുന്ന രേഖകളുടെ പിൻബലത്തിലാണ് ഇത്. സ്ത്രീകളുൾപ്പെടെ സമാന രീതിയി‍ൽ പലിശയ്ക്കു നൽകുന്നു. സ്വർണം പണയം വച്ചു വരെ തുക നേടി ഇവർ അതിലും വലിയ പലിശയ്ക്കു പണം പുറത്തു നൽകുന്നു എന്നതാണ് മറ്റൊരു വസ്തുത. സ്വന്തം ആഭരണം പണയം വച്ചു ലഭിച്ച തുകയാണ് അമിത പലിശയ്ക്കു മറിച്ചു നൽകുന്നതെന്നു പൊലീസ് പറയുന്നു. 

സ്വർണാഭരണത്തിനു 18–20% പലിശ നൽകേണ്ടിവന്നാലും ആ തുക വട്ടിപ്പലിശയ്ക്കു നൽകുമ്പോൾ ഒരു വർഷം കിട്ടുന്നത് എത്രയോ ഇരട്ടി പലിശയാണ്. അതേസമയം വായ്പ എടുക്കാൻ ചെക് ലീഫ് പോലെ എന്തെങ്കിലും രേഖകൾ മതി. അതും സ്വന്തം ചെക് ലീഫ് വേണമെന്നില്ല. ബന്ധുക്കളുടെയോ, സൃഹൃത്തുക്കളുടെയോ മതി. 1 ലക്ഷം രൂപ വായ്പ എടുത്താൽ കയ്യിൽ കിട്ടുന്നത് 90,000 രൂപയാണ്. 10,000 രൂപ അഡ്വാൻസായി പലിശയിനത്തിൽ കൈപ്പറ്റും. 10 ദിവസത്തേക്കാണു ഈ പലിശ. അടുത്ത 10 ദിവസത്തേക്കും 10,000 രൂപ. തുടർന്നുള്ള 10 ദിവസത്തിനും 10,000 രൂപ. ഇതാണ് ഇപ്പോഴത്തെ കോവിഡ് കാലത്തെ പലിശനിരക്കെന്നാണ് പൊലീസിനു ലഭിച്ച വിവരം. 

കഴിഞ്ഞ ദിവസം പാലക്കാട് വള്ളിക്കോടില്‍ കര്‍ഷകന്‍ വേലുക്കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് പലിശക്കാരുടെ നിരന്തരമുള്ള ഭീഷണിയും സമ്മര്‍ദ്ദവും സഹിക്കാനാകാതെയാണെന്ന് കുടുംബം പറയുന്നു. മകളുടെ വിവാഹ ആവശ്യത്തിനായാണ് വേലുക്കുട്ടി 2016 ല്‍ മൂന്ന് ലക്ഷം രൂപ ബ്ലേഡുകാരോട് വാങ്ങിയത്. ഇതിനിടയില്‍ മാഫിയ സംഘം വീട്ടിലെത്തി ബന്ധുക്കളെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നത് പതിവായി. മൂന്ന് ലക്ഷത്തിന് പകരം പത്ത് ലക്ഷത്തിലധികം നല്‍കിയിട്ടും കിടപ്പാടമുള്‍പ്പെടെ എഴുതി വാങ്ങാന്‍ ശ്രമിച്ചു. നിര്‍ബന്ധിച്ച് പ്രോമിസറി നോട്ടും ചെക്കും ഒപ്പിട്ട് വാങ്ങി. വേലുക്കുട്ടിക്ക് സ്വന്തമായുണ്ടായിരുന്ന മുപ്പത്തി ഏഴ് സെന്റ് സ്ഥലം കൈക്കലാക്കാനായിരുന്നു ബ്ലേഡുകാരുടെ നീക്കം. ഇരുപത് ലക്ഷം നല്‍കിയില്ലെങ്കില്‍ സ്ഥലം എഴുതി നല്‍കണമെന്നായിരുന്നു മുന്നറിയിപ്പ്. പണം മടക്കിനല്‍കാന്‍ അനുവദിച്ചിരുന്ന അവസാനദിവസമാണ് വേലുക്കുട്ടി ട്രെനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സാധാരണക്കാരുടെ മേല്‍ പലിശ മാഫിയ നടത്തുന്ന കൊടും ക്രൂരതളുടെ പട്ടിക പുറത്തറിയുന്നത്. 

പാലക്കാട് മാത്രമല്ല സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഇത്തരം പലിശ മാഫിയ വലവിരിച്ചിരിപ്പുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പൊലീസ്. ഇനി ഇരകൾക്കു ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ പലിശക്കാർക്കെതിരെ പരാതി നൽകാം. ലഭിച്ച പരാതിയിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ അന്വേഷണം നടത്തി തുടർ നടപടിയെടുക്കും. ജില്ലാ പൊലീസ് മേധാവിക്കും ഇരകള്‍ക്ക് പരാതി നൽകാം. പലിശ മാഫിയയ്ക്കെതിരെ പൊലീസ് ആവിഷ്കരിച്ച ദൃഷ്ടി പദ്ധതിയിൽ വാട്സാപ് വഴിയും ജനങ്ങൾക്കു ഇനി പരാതി അറിയിക്കാം. ജില്ലാ പൊലീസ് മേധാവിയെ വിഡിയോ കോളിൽ വിളിച്ചു തെളിവുകൾ സഹിതം കാര്യങ്ങൾ വിശദീകരിക്കാം.