ലൈഫ്‌ മിഷൻ : ഭൂമിയുടെ വിവരം നവംബർ 20നകം നൽകണം

കണ്ണൂർ : ജില്ലയിലെ ലൈഫ് മിഷൻ പ്രവർത്തനങ്ങൾ  അവലോകനം ചെയ്യാനും മൂന്നാം ഘട്ടമായ ഭൂരഹിത–ഭവനഹിതർക്ക് വീടുനിർമാണം  പ്രാവർത്തികമാക്കുന്നത്‌  ആലോചിക്കുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗം ചേർന്നു. കലക്ടർ ടി വി സുഭാഷ്‌ അധ്യക്ഷനായി.

തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും കൈവശമുള്ള ഭൂമികളുടെ വിശദാംശങ്ങൾ  20-നകം ജില്ലാ കർമസമിതിക്ക്‌ സമർപ്പിക്കണം. ഒന്നാം ഘട്ടമായി പൂർത്തീകരിക്കാത്ത  2654 വീടുകളിൽ 2489 വീടുകൾ പൂർത്തീകരിച്ചതായി യോഗം വിലയിരുത്തി.

പൂർത്തീകരിക്കാനുളള 59  വീടുകൾ തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും പ്രത്യേക താൽപര്യമെടുത്ത് പൂർത്തീകരിക്കണം. രണ്ടാം ഘട്ടമായ  ഭൂമിയുള്ള ഭവന രഹിതരിൽ അർഹരാണെന്ന് കണ്ടെത്തിയ 2489 പേരിൽ 1836 പേർ വീട് പൂർത്തികരിച്ചു.  പിഎംഎവൈ (അർബൻ)യി-ൽ 2239 വീടുകളും  പിഎംഎവൈ (റൂറൽ)-ൽ 671 വീടുകളും പൂർത്തീകരിച്ചു.

മൂന്നാംഘട്ടമായ ഭൂരഹിത ഭവനരഹിതർക്കുള്ള  ആനുകൂല്യത്തിന്‌  3149 ഗുണഭോക്താക്കളെ   കണ്ടെത്തി.  ഇവർക്ക് വീട്‌ നിർമാണത്തിന് ആവശ്യമായ ഭൂമി കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുക്കണം. തദ്ദേശതലത്തിൽ  സന്നദ്ധ സംഘടനകൾ, വ്യാപാരി- സംഘടനകൾ, ലയൺസ്, ജേസീസ്, റോട്ടറി, പ്രവാസികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരുടെ യോഗം പതിനഞ്ചിനകം വിളിക്കും.