പാലങ്ങൾക്കും കളർക്കോഡ് ; സുരക്ഷയും ഭംഗിയും ഉറപ്പാക്കാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കി പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം :  നീലയും വെള്ളയും യൂണിഫോമണിഞ്ഞ്‌ കേരളത്തിലെ പാലങ്ങൾ ഒരുങ്ങുന്നു. അറ്റകുറ്റപ്പണി പൂർത്തിയാക്കുന്ന പാലങ്ങളെല്ലാം കൈവരിക്ക്‌ വെള്ളയും തൂണിന്‌ നീലയും നിറങ്ങൾ പൂശും.

പ്രദേശത്തിന്റെ ആകാശക്കാഴ്ചയിൽ, പാലങ്ങളെല്ലാം ഒരേ നിറത്തിൽ വരുന്നത്‌ ആകർഷകമാകും എന്നതിനാൽ ചുറ്റുപാടുകളോട്‌ ചേരുന്ന നിറം പാലങ്ങൾക്ക്‌ നൽകാനാണ്‌ നിർദേശിച്ചിരിക്കുന്നതെന്ന്‌ പൊതുമരാമത്ത്‌ പാലം വിഭാഗം ചീഫ്‌ എൻജിനിയർ എസ്‌ മനോമോഹൻ പറഞ്ഞു.

പൊതുമരാമത്ത്‌ വകുപ്പ്‌ വടക്ക്‌, തെക്ക്‌ മേഖലകളിലാകെ അറ്റകുറ്റപ്പണി തീർത്ത പാലങ്ങൾക്ക്‌ നീലയും വെള്ളയും നിറമാണ്‌ നൽകുക. ഒരു മണ്ഡലത്തിലെ‌യോ പ്രദേശത്തെ‌‌യോ പാലങ്ങളെല്ലാം ഒരേ നിറത്തിലാക്കാം എന്ന്‌ നിർദേശിച്ചത്‌ മന്ത്രി ജി സുധാകരനാണ്‌.

പ്രളയത്തിൽ കേടുപറ്റിയ പാലങ്ങളെല്ലാം ഫെബ്രുവരി അവസാനത്തോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു. അതിനുള്ള പണവും അനുവദിച്ചിരുന്നു. എന്നാൽ കരാറെടുക്കാൻ ആളില്ലായിരുന്നു. അഞ്ചും ആറും തവണ ടെൻഡർ ക്ഷണിച്ചാണ്‌ പലതും കരാർ നൽകിയത്‌.

പാലങ്ങളെല്ലാം തകർന്ന കൈവരികൾ നന്നാക്കി, മറ്റ്‌ കേടുപാടുകൾ പരിഹരിച്ച്‌, പുത്തൻ നിറം പൂശിക്കഴിഞ്ഞാൽ ആകാശക്കാഴ്ച വീഡിയോയിൽ ചിത്രീകരിക്കാനും നിർദേശം കൊടുത്തിട്ടുണ്ട്‌. സുരക്ഷാ ബോർഡും റിഫ്ലക്ടറും സ്ഥാപിച്ച്‌ പാലങ്ങളിൽ സുരക്ഷയൊരുക്കും.

ആറു മീറ്ററിലധികം നീളമുള്ള പാലങ്ങളാണ്‌ പാലം വിഭാഗം അറ്റകുറ്റപ്പണി നടത്തുന്നത്‌. ആറു മീറ്ററിൽ താഴെയുള്ള പാലങ്ങളും കലുങ്കുകളും അറ്റകുറ്റപ്പണി നടത്തുന്നത്‌ പൊതുമരാമത്ത്‌ വകുപ്പ്‌ റോഡ്‌സ്‌ വിഭാഗം തന്നെയാകും.