കൊറോണ : ഇന്റർനെറ്റ് സ്പീഡും ബാൻഡ് വിഡ്ത്തും കൂട്ടുവാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം.


ക്വാറൻ്റൈൻ നടപടികളുടെ ഭാഗമായി വീടുകളിൽ ചെലവഴിക്കുന്നത് മൊത്തത്തിലുള്ള ഇന്‍റർനെറ്റ് ഉപഭോഗം വർദ്ധിപ്പിക്കും; ഇൻ്റ‍‌ർനെറ്റ് ബാൻഡ് വിഡ്ത്ത് ലഭ്യത ഉറപ്പിക്കാൻ നടപടികളുമായി സർക്കാർ

തിരുവനന്തപുരം : ഇൻ്റ‍‌ർനെറ്റ് ബാൻഡ് വിഡ്ത്ത് ലഭ്യത ഉറപ്പിക്കാൻ നടപടികളുമായി സർക്കാർ. നോവൽ കോറോണ വൈറസ് ( കൊവിഡ് 19) പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻകരുതൽ നടപടികളുടെയും ഭാഗമായിട്ടാണ് ഇതും ചെയ്യുന്നത്. സംസ്ഥാനം ക‌ർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തവെ കൂടുതൽ പേർ ക്വാറൻ്റൈൻ നടപടികളുടെ ഭാഗമായി വീടുകളിൽ ചെലവഴിക്കുന്നത് മൊത്തത്തിലുള്ള ഇന്‍റർനെറ്റ് ഉപഭോഗം വർദ്ധിപ്പിക്കുമെന്നതിനാൽ ബാൻഡ് വിഡ്ത്ത് , കണക്ടിവിറ്റി എന്നിവ ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു.

ഇതിൻ്റെ ഭാഗമായി നാളെ ഐടി സെക്രട്ടറി ടെലികോം കമ്പനികളുമായി ചർച്ച നടത്തുകയും ചെയ്യും. നിലവിലെ ഇന്‍റ‍ർനെറ്റ് ഉപഭോഗത്തിന്‍റെ തോത് പഠിച്ച ശേഷമാണ് ഈ നടപടികൾ സ്വീകരിക്കുന്നത്. ഉപഭോഗം വല്ലാതെ കൂടിയാലും കണക്ഷൻ നിലവാരം ഉറപ്പാക്കാൻ വേണ്ട നടപടികൾ ആലോചിക്കുന്നുണ്ട്.  കോച്ചിംഗ് സെന്‍ററുകളടക്കം അടച്ചിരിക്കുന്ന സാഹചര്യത്തിൽ എൻട്രൻസ് പരിശീലന ക്ലാസുകൾ അടക്കം ഓൺലൈനാക്കാൻ ആലോചിക്കുന്നുമുണ്ട് . കൂടുതൽ പേർ വാർത്തകൾക്കും വിനോദത്തിനും മറ്റും ഇൻ്റർനെറ്റ് സേവനങ്ങളെ ആശ്രയിക്കുമ്പോൾ ഉണ്ടാകുന്ന അധിക ട്രാഫിക്, ബാൻഡ് വിഡ്ത്ത് ഉയർത്തുന്നതിലൂടെ എല്ലാവർക്കും കൃത്യമായി ലഭ്യമാക്കുവാൻ സഹായിക്കുന്നു.