സിപിഒ റാങ്ക്‌ പട്ടിക ; പ്രതീക്ഷിത ഒഴിവും ട്രെയിനി തസ്തികയും രണ്ടല്ല ; മുഴുവൻ പ്രതീക്ഷിത ഒഴിവിലേക്കും നിയമനം നടത്തി. | PSC CPO Rank List

തിരുവനന്തപുരം : ഈ വർഷത്ത മുഴുവൻ  ആന്റിസിപ്പറ്ററി വേക്കൻസിയും(എ വി, പ്രതീക്ഷിത ഒഴിവ്‌) ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞതായി പി.എസ്.സി അറിയിച്ചു . ഈ നിയമനങ്ങൾക്കായാണ്‌ ടെമ്പററി ട്രെയിനിങ്‌ തസ്‌തിക(ടി പി)കൾ സൃഷ്‌ടിച്ചിട്ടുള്ളതും. ഇത്‌ തിരിച്ചറിയാതെയാണ്‌ ഉദ്യോഗാർഥികൾ  കുപ്രചാരണങ്ങളിൽ വീഴുന്നത്‌. കഴിഞ്ഞ ജൂൺ 30ന്‌ കാലാവധി അവസാനിച്ച റാങ്ക്‌ പട്ടികയിൽനിന്ന്‌ 5601 പേർക്ക്‌ നിയമനം നൽകി‌. ഇതിൽ 1046 എണ്ണവും പ്രതീക്ഷിത ഒഴിവാണ്‌. 154 എണ്ണം ഐആർ ബറ്റാലിയൻ കമാന്റോ വിഭാഗത്തിനായി മാറ്റിവെച്ചു. ആകെ 1200 പ്രതീക്ഷിത ഒഴിവിനാണ്‌ സർക്കാർ ഭരണാനുമതി നൽകിയിരുന്നത്‌.

പ്രതീക്ഷിത ഒഴിവ്‌
പൊലീസിൽനിന്ന്‌ വിരമിച്ചവരുടെ ഒഴിവിലേക്ക്‌ നിയമനം നടത്തുമ്പോൾ പരിശീലനം പൂർത്തിയാക്കി സേവനം ലഭിക്കാൻ ഒരു വർഷം കാത്തിരിക്കണം. ഇതിന്‌ പരിഹാരമായാണ്‌ ഒരു വർഷത്തെ വിരമിക്കൽ ഒഴിവ്‌ മുൻകൂട്ടി കണ്ട്‌ നിയമനം നടത്തുന്നത്‌.

ടെമ്പററി ട്രെയിനിങ്‌ തസ്‌തിക
പ്രതീക്ഷിത ഒഴിവിലേക്ക്‌ നിയമനം നടത്താൻ  സൃഷ്‌ടിക്കുന്ന തസ്‌തികയാണ്‌ ടെമ്പററി ട്രെയിനിങ്. റാങ്ക്‌ പട്ടികയുടെ കാലാവധിക്ക്‌ ശേഷം ഒഴിവ്‌ റിപ്പോർട്ട്‌ ചെയ്‌താൽ സാധാരണ അടുത്ത റാങ്ക്‌ പട്ടികയിൽ നിന്നേ പിഎസ്‌സി നിയമനം നടത്താറുള്ളു. അതുണ്ടാകാതിരിക്കാൻ സൃഷ്‌ടിച്ചതാണ്‌ ട്രെയിനിങ്‌ തസ്‌തിക.
ട്രെയിനികൾക്ക്‌ അടിസ്ഥാന ശമ്പളം സ്‌റ്റൈപ്പൻഡായി നൽകും.