ശ്രീ നാരായണ ഗുരുവിന് സ്മാരകമായി കേരളത്തിൽ ആദ്യത്തെ ഓപ്പൺ യൂണിവേഴ്‌സിറ്റി വരുന്നു... | Sree Narayana Guru Open University

കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല കൊല്ലത്ത് ഒക്ടോബര്‍ രണ്ടിന് നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

ഇന്നലെ ശ്രീനാരായണ ഗുരു ജയന്തിയായിരുന്നു. ഗുരുവിന് ഉചിതമായ സ്മാരകം ഓരോ മലയാളിയുടെയും ആഗ്രഹമാണ്. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവായ ഗുരുവിന്റെ നാമധേയത്തില്‍ കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല രൂപീകരിക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ ഇത് നിലവില്‍ വരും.
കേരളത്തിലെ പ്രാചീന തുറമുഖ നഗരവും തൊഴിലാളി കേന്ദ്രവുമായ കൊല്ലത്തായിരിക്കും ആസ്ഥാനം. നാല് സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ പഠന സംവിധാനം സംയോജിപ്പിച്ച് ഈ സര്‍വകലാശാല പ്രവര്‍ത്തിക്കും.

ഏത് പ്രായത്തിലുള്ളവര്‍ക്കും പഠിക്കാനാവും. കോഴ്‌സ് പൂര്‍ത്തിയാക്കാതെ പഠനം നിര്‍ത്തിയവര്‍ക്ക് അതുവരെയുള്ള പഠനം അനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. ദേശീയ-അന്തര്‍ദേശീയ രംഗത്തെ പ്രഗത്ഭരായ അധ്യാപകരുണ്ടാകും.

സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളിലെ ലാബുകള്‍ പുതിയ സര്‍വകലാശാലക്ക് പ്രയോജനപ്പെടുത്തും. നൈപുണ്യ വികസന കോഴ്‌സും നടത്തും. വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണ രംഗത്ത് വലിയ മാറ്റത്തിന് ഇതിലൂടെ തുടക്കമാകും.