കണ്ണൂർ പൈതൽ മലയിൽ പുതിയ ഒരിനം പക്ഷി കൂടി...

കേരളത്തിൽ ഒരു പക്ഷിയെ കൂടി നിരീക്ഷകർ കണ്ടെത്തി. ഇതോടെ കേരളത്തിൽ പക്ഷികളുടെ ഇനം 535 ആയി. സ്വാലോ വിഭാഗത്തിൽ പെടുന്ന ഡെലിക്കൺ ഡേസിപസ്‌ ‌ എന്ന ശാസ്ത്രീയ നാമമുള്ള ഏഷ്യൻ ഹൗസ് മാർട്ടിൻ എന്ന ദേശാടന പക്ഷിയെയാണ് കണ്ണൂർ ജില്ലയിലെ പൈതൽ മലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കേരളത്തിൽ ആദ്യമായാണ് ഈ പക്ഷിയുടെ സാന്നിധ്യം.  പക്ഷി നിരീക്ഷകരും മലബാർ അവയർനെസ് ആൻഡ് റെസ്‌ക്യു സെന്റർ ഫോർ വൈൽഡ് ലൈഫ് (എംഎആർസി)അംഗങ്ങളുമായ അഫ്സർ നായക്കൻ, അശ്വിൻ , നിഷാദ് ഇശൽ ,സി ശ്രീകാന്ത് , വിഷ്ണു വിനോദ്  എന്നിവരുടെ ക്യാമറകളിലാണ് ഈ പക്ഷിയുടെ ചിത്രം പതിഞ്ഞത്. മലയോരങ്ങളിൽ സാധാരയായി കണ്ടുവരാറുള്ള കത്രിക പക്ഷികളോട് സാമ്യം ഉണ്ടെങ്കിലും ഇരുണ്ട നീല, കറുപ്പ്  നിറത്തിലുള്ള മുകൾഭാഗവും ചാര നിറത്തോടു കൂടിയ വെളുത്ത അടിഭാഗവും പറക്കുമ്പോൾ വാലിനു തൊട്ടു മുകളിലായി കാണാവുന്ന വെളുത്ത പുറം പട്ടയും , വാലിലെ ചെറിയ വെട്ടും ഈ പക്ഷിയെ വ്യത്യസ്തമാക്കുന്നു.കോളനികളായി പ്രജനനം നടത്തുന്ന ഇവ ഉയർന്ന മലഞ്ചെരുവുകളിലോ കെട്ടിടങ്ങളിലോ ആണ് കൂടു കൂട്ടാറുള്ളത്.  ഹിമാലയ ഭാഗങ്ങളിൽ പ്രജനനം നടത്തുന്ന ഇവ ശീതകാലത്തോട് കൂടി കൂട്ടമായി ദേശാടനം നടത്തുന്നു.പൈതൽ മലയിൽ നിന്ന് നാലിലധികം ഏഷ്യൻ ഹൗസ് മാർട്ടീനുകളെ കണ്ടെത്തി. 
കണ്ണൂരിൽ  താരതമ്യേന കാണാൻ പ്രയാസമുള്ള വയനാടൻ ചിലപ്പന്റെ പതിനഞ്ചോളം എണ്ണമുള്ള വലിയ കൂട്ടത്തേയും ഇവർ കണ്ടെത്തിയിരുന്നു. ഏഷ്യൻ ഹൗസ് മാർട്ടിൻ  കേരളത്തിൽ കണ്ടെത്തിയത് തെക്കേ ഇന്ത്യയിൽ  ആദ്യത്തെ റിപ്പോർട്ട് ആണെന്ന് മുതിർന്ന പക്ഷി നിരീക്ഷകർ അഭിപ്രായപ്പെടുന്നു.