പട്ടികവര്‍​ഗക്കാരായ 125 പേർക്ക് പോലീസിൽ നിയമനം ; 2 തസ്തികയിൽ ഗോത്രവര്‍ഗക്കാരെ പ്രത്യേകമായി നിയമിക്കുന്നു.

പട്ടികവർഗ വിഭാഗക്കാരായ 125 പേർക്ക്‌ പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ നിയമനത്തിനുള്ള നടപടി സമയബന്ധിതമായി പൂർത്തിയാക്കാൻ പിഎസ്‌സി തീരുമാനം. വനാന്തരങ്ങളിലും വനാതിർത്തികളിലും സെറ്റിൽമെന്റ് കോളനികളിലുമുള്ളവർക്കാണ്‌ നിയമനം. കാറ്റഗറി നമ്പർ 8/2020 പ്രകാരം 35 ഒഴിവിലും കാറ്റഗറി നമ്പർ 9/2020 പ്രകാരം 90 ഒഴിവിലുമാണ്‌ ഇതിലൂടെ ബറ്റാലിയൻ അടിസ്ഥാനത്തിൽ നിയമനം ലഭിക്കുക.

വയനാട്, മലപ്പുറം ജില്ലയിൽപ്പെട്ട നിലമ്പൂർ, കാളികാവ്, അരീക്കോട്, വണ്ടൂർ ബ്ലോക്കുകളിലെയും പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെയും വനാന്തരങ്ങളിലും വനാതിർത്തികളിലുമുള്ള സെറ്റിൽമെന്റ് കോളനികളിലെ പട്ടികവർഗവിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികളിൽനിന്നും (കാറ്റഗറി നമ്പർ 8/2020, പുരുഷ ഉദ്യോഗാർഥികളിൽ നിന്നും (കാറ്റഗറി നമ്പർ 9/2020) നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു.

യോഗ്യരായ ഉദ്യോഗാർഥികൾക്കുള്ള പ്രായോഗിക പരീക്ഷ ഈ മാസം പൂർത്തിയാകും. വയനാട്: 16–- 25 വരെ (ഞായറാഴ്ച ഒഴികെ), പാലക്കാട്: 17–-20 വരെ, മലപ്പുറം: 20, 21, 23, 24, 25 എന്നീ തീയതികളിൽ നടത്തും. പ്രായോഗിക പരീക്ഷയിൽ വിജയിച്ചവരെ ഉൾപ്പെടുത്തി ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കും. വയനാട് ജില്ലയിലെ ബത്തേരി, മാനന്തവാടി മലപ്പുറം ജില്ലയിലെ നിലമ്പൂർ പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിൽ നവംബറിൽത്തന്നെ ഒന്നിലധികം ബോർഡ്‌ രൂപീകരിച്ച് അഭിമുഖം പൂർത്തിയാക്കാനും പിഎസ്‌സി യോഗത്തിൽ തീരുമാനമായി.

2 തസ്തികയിൽ ഗോത്രവര്‍ഗക്കാർക്ക്‌ പ്രത്യേക നിയമനം.
സിവിൽ എക്സൈസ് ഓഫീസർ (പാലക്കാട്), ട്രൈബൽ വാച്ചർ (വയനാട്) തസ്തികയിലേക്ക് ഗോത്രവർഗവിഭാഗത്തിൽപ്പെട്ടവരിൽനിന്ന് നേരിട്ട് അപേക്ഷ ക്ഷണിക്കാൻ പിഎസ്‌സി തീരുമാനിച്ചു. വയനാട് ജില്ലയിൽ വനംവകുപ്പിൽ ട്രൈബൽ വാച്ചർ തസ്തികയിലേക്ക് വനത്തെമാത്രം ആശ്രയിച്ച് കഴിയുന്ന പട്ടികവർഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക്‌ അപേക്ഷിക്കാം.
പാലക്കാട് ജില്ലയിൽ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്ക് അട്ടപ്പാടി ബ്ലോക്കിലെ വനാന്തര, വനാതിർത്തി, സെറ്റിൽമെന്റ് കോളനികളിലുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പണിയൻ, അടിയാൻ, കാട്ടുനായിക്കൻ വിഭാഗങ്ങളിലെ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം. അതത്‌ ജില്ലയിൽപ്പെട്ട ഉദ്യോഗാർഥികൾക്കുമാത്രമേ അപേക്ഷിക്കാനാകൂ.