മാറ്റം തീരദേശ മേഖലയിലും, ഹാർബർ മുതൽ സ്ക്കൂൾ വരെ എല്ലാ മേഖലയും ഹൈ ടെക്ക്.

കണ്ണൂർ : മത്സ്യത്തൊഴിലാളികളെ ഇത്രയേറെ ചേർത്തുപിടിച്ച സർക്കാർ കേരളചരിത്രത്തിൽ ഇല്ലെന്നുതന്നെ പറയാം. വീടില്ലാത്തവർക്ക്‌ വീട്‌, മക്കളുടെ പഠനം, സമഗ്ര ആരോഗ്യ ഇൻഷുറൻസ്‌, ആധുനിക മത്സ്യമാർക്കറ്റ്‌, തീരദേശ സ്‌കൂളുകളിൽ സ്‌മാർട്‌ ക്ലാസ്‌ റൂം തുടങ്ങി മത്സ്യബന്ധന മേഖലയിലുള്ളവർക്ക്‌ സുരക്ഷയും ആദായവും ഉറപ്പിക്കുകയാണ്‌ വിവിധ പദ്ധതികളിലൂടെ എൽഡിഎഫ്‌ സർക്കാർ. 
വേലിയേറ്റ രേഖയിൽനിന്ന്‌ 50 ‌ മീറ്ററിനുള്ളിൽ അധിവസിക്കുന്ന മുഴുവൻ ജനങ്ങളെയും സുരക്ഷിതമേഖലയിലേക്ക്‌ മാറ്റുന്ന പുനർഗേഹം പദ്ധതി, തീരത്ത് ഒരു ഹരിത കവചം –‘ബഫർ സോൺ’, കല്ലുമ്മക്കായ, കടൽ മത്സ്യ വിത്തുല്പാദന കേന്ദ്രം തുടങ്ങി വിവിധ  പദ്ധതികൾ, മത്സ്യബന്ധന മേഖലയിൽ ഏറെ മാറ്റം സൃഷ്‌ടിച്ചു.
കല്ലുമ്മക്കായ, 
കടൽ മത്സ്യ 
വിത്തുൽപാദന കേന്ദ്രം 
ഗുണമേന്മയുള്ള മത്സ്യവിത്തുകൾ കർഷകർക്ക്‌ ലഭിക്കാത്ത പ്രശ്‌നങ്ങൾ ഏറെയാണ്‌. ഇത്‌ പരിഹരിക്കാനാണ്‌ സംസ്ഥാനത്തെ ആദ്യത്തെ കല്ലുമ്മക്കായ, കടൽ മത്സ്യ വിത്തുല്പാദന കേന്ദ്രം പുതിയങ്ങാടിയിൽ ആരംഭിക്കുന്നത്‌. ഇതിലൂടെ  വിത്തിനായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്‌ ഒഴിവാക്കാം. വർഷം 50‌ ലക്ഷം വീതം കടൽ മത്സ്യക്കുഞ്ഞുങ്ങളും കല്ലുമ്മക്കായ വിത്തും ഉൽപാദിപ്പിക്കുകയാണ്‌ ലക്ഷ്യം. സംസ്ഥാന സർക്കാർ അഞ്ചുകോടി രൂപയാണ്‌ പദ്ധതിക്കായി അനുവദിച്ചത്‌. 
വീട്‌ നിർമാണത്തിന്‌ 17 കോടി
കാറ്റിലും മഴയിലും ഉലയാത്ത വീട്ടിലേക്ക്‌ ചേക്കേറാൻ നിരവധി മത്സ്യത്തൊഴിലാളികൾക്ക്‌  എൽഡിഎഫ്‌ ഭരണത്തിൽ സാധിച്ചു. 2016-–- 17ൽ  ജില്ലയിൽ 50 വീടുകളാണ്‌ അനുവദിച്ചത്‌.  95.50 ലക്ഷം രൂപ സഹായമായി നൽകി. ഭൂരഹിതർക്ക്‌ ഭൂമി വാങ്ങി വീട്‌ നിർമിക്കുന്ന പദ്ധതിയിൽ  92 പേർക്ക് 4.5 കോടി രൂപ  നൽകി. മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതി പ്രകാരം 2017-–- 18ൽ 48 പേർക്ക്‌ സ്ഥലം വാങ്ങി നൽകി. വീടുനിർമാണം പുരോഗമിക്കുന്നു. 3.78 കോടിയാണ് ഈ പദ്ധതിയിൽ അനുവദിച്ചത്. പുനർഗേഹം പദ്ധതിയിൽ  26 പേരുടെ സ്ഥലം രജിസ്ട്രേഷൻ നടപടി പൂർത്തീകരിച്ചു. ഭവന നിർമാണത്തിന് 10 ലക്ഷം രൂപയാണ് ഇവർക്ക് അനുവദിക്കുക.  
 
 
സ്‌ത്രീകൾക്കായി ‘സാഫ്’
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളുടെ പുരോഗതിക്കും ഉന്നമനത്തിനുംവേണ്ടി ഫിഷറീസ് വകുപ്പിന് കീഴിൽ ആരംഭിച്ച പദ്ധതിയാണ്‌ സാഫ് (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൺ). സാഫിന്റെ കീഴിൽ 48 യൂണിറ്റുകൾ ജില്ലയിലുണ്ട്‌. ടെയ്‌ലറിങ്ങ്, പലഹാര നിർമാണം, ഹോട്ടൽ, ബ്യൂട്ടിപാർലർ, മെഴുകുതിരി നിർമാണം, ഫാൻസി സ്റ്റോർ, ഡ്രൈഫിഷ് യൂണിറ്റ്, ഹയർഗുഡ്സ്, മത്സ്യ വിപണനം, സൂപ്പർമാർക്കറ്റ് എന്നിവ സാഫിന്റെ കീഴിൽ പ്രവർത്തിക്കുന്നു. യൂണിറ്റ് അംഗങ്ങളുടെ കഴിവും ബിസിനസ് പ്രാവിണ്യവും വർധിപ്പിക്കാൻ എല്ലാ വർഷവും സാങ്കേതിക പരിശീലനവും നൽകുന്നു‌. പ്ലസ്ടു കഴിഞ്ഞ പെൺകുട്ടികൾക്ക്  അഭിരുചി വികസന പരിശീലനമാണ് ‘തീരനൈപുണ്യ'. ഇത് പ്രകാരം സ്റ്റൈപ്പന്റോടുകൂടി രണ്ടുമാസം ദൈർഘ്യമുള്ള പരിശീലനം നൽകുന്നു.