2020ലെ അവസാന ചന്ദ്രഗ്രഹണത്തിന് സാക്ഷിയാകാനൊരുങ്ങി ശാസ്ത്രലോകം. ഈ വര്‍ഷത്തെ നാലാമത്തെയും അവസാനത്തേതുമായ ചന്ദ്രഗ്രഹണം നാളെ ( നവംബര്‍ 30ന് ) നടക്കും. ഇത് ഒരു പെനംബ്രല്‍ ചന്ദ്രഗ്രഹണമായിരിക്കും. പെനംബ്രല്‍ ചന്ദ്രഗ്രഹണ സമയത്ത്, ചന്ദ്രന്‍ ഭാഗികമായോ പൂര്‍ണ്ണമായോ അപ്രത്യക്ഷമാകില്ല. അല്‍പ്പം മങ്ങുക മാത്രമായിരിക്കും ചെയ്യുക.
അത് പൂര്‍ണ്ണചന്ദ്രനാണോ ഗ്രഹണ ചന്ദ്രനാണോ എന്ന് സാധാരണ കാഴ്ചയില്‍ തിരിച്ചറിയാനാവില്ല ഇരുണ്ട നിഴലിന് (അംബ്ര) പകരം ഭൂമിയുടെ നിഴലിന്റെ (പെനംബ്രല്‍) മങ്ങിയ പുറം ഭാഗത്തിലൂടെ ചന്ദ്രന്‍ നീങ്ങുമ്പോള്‍ ഇത് സംഭവിക്കുന്നു. ഈ സമയത്ത് ചന്ദ്രന്റെ നിഴല്‍ കുറച്ച് മണിക്കൂര്‍ നേരം കൂടുതല്‍ ഇരുണ്ടതായി മാറും. 2020 ലെ അവസാന ചന്ദ്രഗ്രഹണം ഇന്ത്യയിലെ 'കാര്‍ത്തിക് പൂര്‍ണിമ' നാളുകളിലാണ് നടക്കുന്നത് എന്നതും പ്രത്യേകതയാണ്.
പെനംബ്രല്‍ ചന്ദ്രഗ്രഹണം
വടക്കന്‍, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യയുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ പ്രതിഭാസം കാണാനാകും. സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുന്നതിനാല്‍ നടക്കുന്ന ഒരു ആകാശ പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. മൂന്ന് തരം ചന്ദ്രഗ്രഹണം ഉണ്ട് പൂര്‍ണ ചന്ദ്രഗ്രഹണം, ഭാഗിക ചന്ദ്രഗ്രഹണം, പെനംബ്രല്‍ ചന്ദ്രഗ്രഹണം. നാളെ നടക്കുന്നത് നാലാമത്തേതാണെന്ന് പറഞ്ഞല്ലോ? മറ്റു മൂന്നു ചന്ദ്രഗ്രഹണവും സംഭവിച്ചത് ജനുവരി 10, ജൂണ്‍ 5, ജൂലൈ 4 എന്നീ തിയതികളിലായിരുന്നു. ഈ വര്‍ഷം സംഭവിച്ച എല്ലാ ചന്ദ്രഗ്രഹണങ്ങളും പെനംബ്രല്‍ ആയിരുന്നു എന്നതും പ്രത്യേകതയാണ്.
ചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം
നവംബര്‍ 30 ന് സംഭവിക്കുന്ന ഗ്രഹണം 4 മണിക്കൂറും 21 മിനിറ്റും നീണ്ടുനില്‍ക്കുമെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, ഗ്രഹണത്തിന്റെ ഒരു ഭാഗം മാത്രമേ ഇന്ത്യയില്‍ ദൃശ്യമാകൂ. കാരണം, ചന്ദ്രന്‍ കുറച്ച് സമയത്തേക്ക് ചക്രവാളത്തിന് താഴെയായിരിക്കും. ചന്ദ്രഗ്രഹണം ഉച്ചക്ക് 1:04 മുതല്‍ ദൃശ്യമാകും, വൈകുന്നേരം 3:13 ന് ഉച്ചസ്ഥായിലെത്തി 5:22 ന് അവസാനിക്കും. മുമ്പത്തെ ചന്ദ്രഗ്രഹണവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇതിന് കൂടുതല്‍ ദൈര്‍ഘ്യമുണ്ടാകും.
ഇന്ത്യയില്‍ ദൃശ്യമാകുന്ന ഇടങ്ങള്‍
നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞ തവണത്തെപ്പോലെ ഇപ്രാവശ്യം ആകാശവിസ്മയത്തിന് സാക്ഷ്യം വഹിക്കാന്‍ ഇന്ത്യക്ക് കഴിയില്ല. രാജ്യത്തെ ഭൂരിഭാഗം ഇടങ്ങളിലും ഇത് ദൃശ്യമായേക്കില്ല. കാരണം, ചന്ദ്രഗ്രഹണം ചക്രവാളത്തിന് താഴെയായിരിക്കും. എന്നിരുന്നാലും, ബിഹാര്‍, അസം, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അല്‍പം വ്യക്തമായി കാണാനാകും. ആദ്യ പകുതിയില്‍ ദൃശ്യപരത സാധ്യത കൂടുതലായിരിക്കും. യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പസഫിക്, അറ്റ്‌ലാന്റിക് എന്നിവയുടെ പല ഭാഗങ്ങളും ഈ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കും.
അടുത്തത് സൂര്യഗ്രഹണം
ഈ വര്‍ഷം ഭാഗികമോ പൂര്‍ണ്ണമോ ആയ ഗ്രഹണങ്ങളൊന്നും ഉണ്ടായിട്ടില്ല. നവംബര്‍ 30ന് ശേഷം സംഭവത്തിനുശേഷം, ഈ വര്‍ഷത്തില്‍ ഒരു ഗ്രഹണം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. ഡിസംബര്‍ 14 ന് സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.