പോലീസിന് ഇനി കണ്ണൂർ രണ്ട് ജില്ലകൾ.

കണ്ണൂർ : ജില്ലാ പോലീസ് വിഭാഗത്തെ കണ്ണൂർ സിറ്റി,കണ്ണൂർ റൂറൽ എന്നിങ്ങനെ രണ്ടായി വിഭജിച്ചു. കണ്ണൂർ സിറ്റിക്ക് കമ്മീഷണറും കണ്ണൂർ റൂറലിന് എസ്.പി.യുമാണ് ഇനി മുതലുണ്ടാവുക.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി ആർ.ഇളങ്കോയെ നിയമിച്ചു.കണ്ണൂർ റൂറൽ എസ്.പിയായി നവനീത് ശർമ്മയെയും നിയമിച്ചു.

ജില്ലയിലെ പോലീസ് ആസ്ഥാനം വിഭജിച്ചത് മലയോര മേഖലയിലെ ജനങ്ങൾക്ക് ചില പോലീസ് സേവനങ്ങൾ ലഭിക്കാൻ കാലതാമസം ഉണ്ടാക്കും. ഏറ്റവുമധികമാളുകൾക്ക് ആവശ്യമായി വരുന്ന പോലീസ്  ക്ലിയറൻസ് സർട്ടിഫിക്കറ്റ് പോലുള്ളവ ലഭിക്കാൻ കിഴക്കൻ മലയോരത്തുള്ളവർ ഇനി മാങ്ങാട്ടുപറമ്പിലെ റൂറൽ പോലീസ് ആസ്ഥാനത്തെത്തണം.

മുൻപ് ഇത് കണ്ണൂരിലെ പോലീസ് ആസ്ഥാനത്ത് നിന്ന് ലഭിക്കുമായിരുന്നു. ജില്ലയിലെ കണ്ണൂർ,തലശ്ശേരി സബ് ഡിവിഷനുകൾ യോജിപ്പിച്ചാണ് കണ്ണൂർസിറ്റി പോലീസ് വിഭാഗം രൂപീകരിച്ചത്.തളിപ്പറമ്പ്,ഇരിട്ടി സബ് ഡിവിഷനുകൾ സംയോജിപ്പിച്ച് കണ്ണൂർ റൂറൽ പോലീസ് വിഭാഗവും നിലവിൽ വന്നു.