വാഹന ഉടമകൾക്ക് LDF സർക്കാരിന്റെ കൈത്താങ്ങ് : ബസ്സുകള്‍ക്ക് നികുതി ഒഴിവാക്കി; മറ്റു വാഹന നികുതിയിലും ഇളവുകൾ...

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും ഈ വർഷം ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനം. ദീര്‍ഘകാലമായി കുടിശ്ശികയുള്ള മോട്ടോര്‍ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാ വാഹന ഉടമകള്‍ക്കും അനുവാദം നല്‍കിതായി മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കുടിശ്ശിക — 2021 മാര്‍ച്ച് 20 മുതല്‍ ആറ് പ്രതിമാസ തവണകള്‍, ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കുടിശ്ശിക — മാര്‍ച്ച് 20 മുതല്‍ എട്ട് പ്രതിമാസ തവണകള്‍,രണ്ട് വര്‍ഷം മുതല്‍ നാല് വര്‍ഷം വരെയുള്ള കുടിശ്ശിക — മാര്‍ച്ച് 20 മുതല്‍ പത്ത് പ്രതിമാസ തവണകള്‍ പ്രകാരമാണ് തവണകള്‍ അടയ്ക്കാന്‍ സാവകാശം നല്‍കിയിട്ടുള്ളത്.

നാല് വര്‍ഷത്തില്‍ കൂടുതല്‍കാലം കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ബാധകമായ ഇളവുകളോടെ കുടിശ്ശിക തുക അടച്ച് തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ നിലവിലുണ്ട്. റവന്യൂ റിക്കവറി നടപടി നേരിടുന്നവര്‍, വാഹനം നഷ്ടപ്പെട്ടവര്‍, വാഹനം പൊളിച്ചവര്‍ എന്നിവര്‍ക്കും ഈ പദ്ധതി പ്രകാരം ഇളവുകളോടെ കുടിശ്ശിക നികുതി തുക അടയ്ക്കാം.

നികുതി കുടിശ്ശികയായതിനാല്‍ വാഹനം ഓടിക്കാന്‍ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. എല്ലാ വാഹന ഉടമകള്‍ക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. സംസ്ഥാന സര്‍ക്കാറിന്റെ ‘സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ പങ്കെടുത്ത നിരവധി ആളുകളുടെ ഒരാവശ്യമായിരുന്നു കുടിശ്ശിക വാഹന നികുതി അടയ്ക്കാന്‍ സാവകാശം അനുവദിക്കണമെന്നത്. ഇന്ധന വിലയില്‍ വന്ന വന്‍ വര്‍ധനവിനും കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട ദുരിതങ്ങള്‍ക്കുമിടയില്‍ സര്‍ക്കാര്‍ അനുവദിച്ച ഈ ആനുകൂല്യങ്ങള്‍ വാഹന ഉടമകള്‍ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.