സംസ്ഥാന സര്‍ക്കാരിന്റെ പുതിയ കാല്‍വെപ്പ്‌ : സ്കൂള്‍ കുട്ടികള്‍ക്ക് ഇനിമുതല്‍ ഭക്ഷ്യ കൂപ്പണ്‍ | State Government Initiate Food coupons for Kerala school children

 

കൊവിഡ് കാലത്ത് സംസ്ഥാനത്തെ സാധാരണ ജനങ്ങളുടെ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച ഭക്ഷ്യ കിറ്റ് വിതരണം വലിയ സ്വീകാര്യത നേടിയിരുന്നു. ഇതിന് പിന്നാലെ സ്കൂള്‍ കുട്ടികള്‍ക്കും ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചിരുന്നു.

സംസ്ഥാനത്തെ എണ്‍പത് ലക്ഷത്തിലധികം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം ഇപ്പോ‍ഴും തുടരുന്നുണ്ട്. ഇതിന് പിന്നാലെ സ്കൂളുകള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കുന്നതുവരെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യകൂപ്പണ്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.

കോവിഡ് കാലത്ത് പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് ഇനിയുള്ള മാസങ്ങളിലും തുടരും. ഈ അധ്യയന വർഷം സ്കൂളുകൾ പൂർണ്ണമായി തുറന്നു പ്രവർത്തിക്കുന്നതു വരെ ഭക്ഷ്യകിറ്റുകൾക്ക് പകരം ഭക്ഷ്യ കൂപ്പണുകൾ ആയിരിക്കും നൽകുന്നത്.

കോവിഡ്-19 സർവൈവൽ കിറ്റുകളുടെ തയ്യാറാക്കലും വിതരണവും സപ്ലൈകോ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ കൂപ്പൺ നൽകാൻ തീരുമാനിച്ചത്. പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് 300 രൂപയുടേയും, യു.പി.വിഭാഗത്തിലെ കുട്ടികൾക്ക് 500 രൂപയുടേയും കൂപ്പണുകളാണ് നൽകുന്നത്. കൂപ്പണുകൾ ഉപയോഗിച്ച് സപ്ലൈകോ വിൽപ്പന കേന്ദ്രങ്ങളിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ വാങ്ങാവുന്നതാണ്.