സ്വപ്നങ്ങൾ തീരം തൊടുന്നു... മത്സ്യ തൊഴിലാളികൾക്കായി ഒരുങ്ങുന്നത് 128 കുടുംബങ്ങൾക്കായുള്ള പാർപ്പിട സമുച്ഛയങ്ങൾ..

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി മനോഹര പാർപ്പിട സമുച്ചയം പൊന്നാനിയിൽ ഉയരുന്നു‌. പ്രവൃത്തി അവസാനഘട്ടത്തിലായ സമുച്ചയത്തിലേക്ക്‌ 128 കുടുംബങ്ങൾ താമസം മാറും.

പൊന്നാനി ഹാർബറിൽ രണ്ടേക്കർ സ്ഥലത്ത് 16 ബ്ലോക്കായാണ്‌ നിർമാണം. ഇരുനിലയിലുമായി ഒരു ബ്ലോക്കിൽ എട്ട്‌ വീടുകളുണ്ടാവും. 12.8 കോടിയാണ് ചെലവ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ടീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.

രണ്ട് ബെഡ് റൂം, ലിവിങ് റൂം, ഡൈനിങ് ഹാൾ, ബാത്ത് റൂം എന്നിവയ്‌ക്കൊപ്പം കുട്ടികൾക്ക് പഠിക്കാനുള്ള പ്രത്യേക സൗകര്യവും മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പാർപ്പിട സമുച്ചയത്തിനോട് ചേർന്ന് സ്വയംതൊഴിൽ കേന്ദ്രം, കോച്ചിങ് സെന്റർ, വായനശാല, ബാങ്ക് തുടങ്ങിയവുമായി കമ്യൂണിറ്റി യൂട്ടിലിറ്റി സെന്ററും രണ്ടാം ഘട്ടത്തിൽ ഇവിടെ ആരംഭിക്കും.