2000 രൂപാ നോട്ടുകളുടെ അച്ചടി നിർത്തി...

പുതിയ 2000 രൂപ നോട്ടുകള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലും വിതരണം ചെയ്യില്ലെന്ന് റിസര്‍വ് ബാങ്ക്. 2019 മുതല്‍ രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറന്‍സിയുടെ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ 500 രൂപ നോട്ടും 2000 രൂപ നോട്ടുമാണ് രാജ്യത്ത് പ്രചാരത്തിലുള്ള ഏറ്റവും മൂല്യമുള്ള കറന്‍സികള്‍. നിലവില്‍ വിപണിയിലുള്ള ഈ രണ്ട് കറന്‍സികളുടെയും മൂല്യം ആകെ പ്രചാരത്തിലുള്ള കറന്‍സികളുടെ മൂല്യത്തിന്റെ 85.7 ശതമാനം വരും.

ഈ സാഹചര്യത്തില്‍ കൂടിയാണ് രാജ്യത്തെ 2000 രൂപ നോട്ടിന്റെ വിതരണം റിസര്‍വ് ബാങ്ക് കുറച്ചിരിക്കുന്നത്. 2020 ല്‍ തന്നെ ഈ നോട്ടിന്റെ അച്ചടി ബാങ്ക് നിര്‍ത്തിവെച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ ഉയര്‍ത്തിയാണ് റിസര്‍വ് ബാങ്ക് മൂല്യമേറിയ കറന്‍സിയുടെ അച്ചടി നിര്‍ത്തിയതെന്നും സൂചനയുണ്ട്. നോട്ടുനിരോധനത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് 2000 രൂപയുടെ കറന്‍സി പുറത്തിറക്കിയത്.