ന്യൂഡൽഹി : എ.ടി.എം ഇടപാട് ചാർജ് വർധിപ്പിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകി ആർ.ബി.ഐ. ഇൻറർചേഞ്ച് ചാർജും, ധനകാര്യേതര ഇടപാടുകളുടെ ചാർജുമാണ് വർധിപ്പിക്കാൻ അനുമതി നൽകിയത്. ഇതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. 2014ലാണ് ഇതിന് മുമ്പ് ചാർജുകൾ വർധിപ്പിച്ചത്. ചാർജുകളിൽ മാറ്റം വരുത്തിയിട്ട് വർഷങ്ങളായെന്ന വാദം ആർ.ബി.ഐ മുഖവിലക്കെടുക്കുകയായിരുന്നു.
ഇൻറർചേഞ്ച് ചാർജ് 15ൽ നിന്ന് 17 രൂപയാക്കി വർധിപ്പിക്കാനാണ് അനുമതി. എ.ടി.എം കാർഡ് നൽകുന്ന ബാങ്ക് എ.ടി.എം സർവീസ് പ്രൊവൈഡർക്ക് നൽകുന്ന ചാർജാണിത്. ഉപയോക്താക്കൾ ഇതര ബാങ്കിന്റെ എ.ടി.എം ഉപയോഗിച്ച് പണം പിൻവലിക്കുമ്പോഴാണ് ഈ ചാർജ് ബാങ്കുകൾ എ.ടി.എം പ്രൊവൈഡർമാർക്ക് നൽകുന്നത്. ധനകാര്യേതര ഇടപാടുകളുടെ ചാർജ് അഞ്ച് രൂപയിൽ നിന്ന് ആറ് രൂപയായും വർധിപ്പിക്കും.
ഇതോടെ എ.ടി.എമ്മിൽ നിന്ന് കൂടുതൽ തവണ പണം പിൻവലിച്ചാൽ ഉപയോക്താക്കൾക്ക് ചുമത്തുന്ന ചാർജും ബാങ്കുകൾ വർധിപ്പിക്കും. നിലവിൽ പ്രതിമാസം സ്വന്തം ബാങ്കിന്റെ എ.ടി.എമ്മിൽ നിന്ന് അഞ്ച് ഇടപാടുകളും മറ്റ് ബാങ്കുകളിൽ മൂന്ന് ഇടപാടുകളും നടത്താനാണ് അനുമതിയുള്ളത്. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും 20 രൂപ ചാർജായി നൽകണം. ഇത് 21 രൂപയായി ബാങ്കുകൾ വർധിപ്പിക്കും. 2022 ജനുവരി ഒന്ന് മുതൽ പുതിയ ചാർജ് നിലവിൽ വരും. ഇതിനൊപ്പം നികുതിയുമുണ്ടാകും.