കൊവിഡ് വ്യാപനത്തില്‍ അടുത്ത 100 -125 ദിവസങ്ങള്‍ രാജ്യത്തിന് നിര്‍ണായകമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍. കൊവിഡിനെതിരെ ഇതുവരെ നമുക്ക് പ്രതിരോധശേഷി കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നും മുന്നൊരുക്കങ്ങള്‍ അതിവേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈറസിന്റെ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വകഭേദങ്ങള്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുകയാണ്. ലോകാരോഗ്യ സംഘടന നല്‍കുന്ന, മൂന്നാംതരംഗത്തിന്റെ മുന്നറിയിപ്പ് തള്ളിക്കളയരുതെന്നും ഡോ. വി കെ പോള്‍ നിര്‍ദേശിച്ചു. മ്യാന്‍മര്‍, മലേഷ്യ, ബംഗ്ലാദേശ് അടക്കം അയല്‍രാജ്യങ്ങളിലും കേസുകള്‍ വര്‍ധിക്കുകയാണെന്ന് നീതി ആയോഗ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. മൂന്നാം തരംഗം മുന്നില്‍കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.