ദിനംപ്രതി ഇന്ധന വില കൂടുന്നു, സാധാരണക്കാരുടെ നടുവൊടിക്കുന്നു : അവർ വില കുറയ്ക്കില്ല, പക്ഷെ നിങ്ങൾക്ക് ഇന്ധന ഉപഭോഗം കുറക്കാൻ കഴിയും, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ....

പെട്രോൾ വില 100 കടന്നു നിൽക്കുന്ന ഈ സമയത്ത് അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ നമുക്ക് ഇന്ധന ചിലവിൽ ഏകദേശം 30 ശതമാനം തുക ലാഭിക്കാം എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. നമ്മുടെ ഡ്രൈവിംഗ് ശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയ മാത്രം മതി.

ഇന്ധന വില കുതിക്കുകയാണ്. സംസ്ഥാനത്ത് പലയിടത്തും പെട്രോൾ വില 100 കടന്നു. ഡീസൽ വില അധികം താമസമില്ലാതെ സെഞ്ചുറി അടിക്കും. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന ഒന്നാണ് ഇന്ധന വിലവർദ്ധനവ്. കോവിഡ് മൂലം ജോലി നഷ്ടപെട്ട് ജീവിതം ദുരിതത്തിലായിരിക്കുന്ന പലർക്കും കൂനിന്മേൽ കുരുവാണ് ഇന്ധന വിലക്കയറ്റം. ഇന്ധന വില നിയന്ത്രിക്കാൻ നമുക്കാകില്ലല്ലോ. അപ്പോൾ പിന്നെ സ്വന്തം വാഹനത്തിന് പരമാവധി മൈലേജ് നേടുക എന്നതാണ് ഏക വഴി. അൽപ്പമൊന്നു ശ്രദ്ധിച്ചാൽ നമുക്ക് ഇന്ധന ചിലവിൽ ഏകദേശം 30 ശതമാനം തുക ലാഭിക്കാം എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇതിനായി നമ്മുടെ ഡ്രൈവിംഗ് ശൈലിയിൽ ചെറിയ മാറ്റങ്ങൾ അനിവാര്യമാണ്. ഇവ വ്യക്തമാക്കുന്ന കുറിപ്പ് അടുത്തിടെ സംസ്ഥാന മോട്ടോർ വാഹന വിഭാഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസക്തമായത് വിശദമായി വായിക്കാം.

​വേഗത എത്രയാവാം?

ഇക്കോണമി റേഞ്ചിൽ വാഹനമോടിക്കുന്നത് ശീലമാക്കുക, പ്രത്യേകിച്ച് വീതി കുറഞ്ഞതും വളവ് തിരിവുകൾ ഉള്ള റോഡുകളിൽ. നിരന്തരമായ പരിശീലനം ഇതിന് ആവശ്യമാണ്. ഇരുചക്ര വാഹനങ്ങൾ ഏകദേശം 40 കിലോമീറ്റർ വേഗതയിലും മറ്റ് വാഹനങ്ങൾ 50 കിലോമീറ്റർ ആവറേജ് സ്പീഡ് വരുന്ന രീതിയിൽ ആവണം വാഹനം ഓടിക്കേണ്ടത്. എൻജിൻ RPM മീറ്റർ (Tachometer) ഉള്ള വാഹനങ്ങളിൽ എൻജിൻ സ്പീഡ് എക്കോണമി റേഞ്ചിൽ നില നിർത്തുന്ന രീതിയാണ് കൂടുതൽ ഉചിതം. വാഹനത്തിന്റെ വേഗത 60 കിലോ മീറ്ററിൽ 7.5 ശതമാനവും, 70 കിലോ മീറ്ററിൽ 22 ശതമാനവും, 80 കിലോ മീറ്ററിൽ 40 ശതമാനവും, 90 കിലോ മീറ്ററിൽ 63 ശതമാനവും അധിക ഇന്ധനം നഷ്ടപ്പെടുമെന്ന് മനസിലാക്കുക.

​മുൻകൂട്ടി കാണുക

സ്മൂത്തായി ഡ്രൈവിംഗ് ചെയ്യുക എന്നത് ഒരു കലയാണ്. ഓരോതവണയും ബ്രേക്ക് ചവിട്ടുമ്പോൾ ടയറിനും ബ്രേക്ക് ലൈനറിനും തേയ്മാനം സംഭവിക്കുന്നതിനോടൊപ്പം അത്രയും വേഗതയിലേക്ക് വാഹനത്തിനെ എത്തിക്കാൻ ചിലവായ ഇന്ധനം കൂടിയാണ് നമ്മൾ കത്തിച്ചു കളയുന്നത്.

ദൂരെ ട്രാഫിക് സിഗ്നലുകളൊ വാഹനങ്ങളുടെ ബ്ലോക്കുകളൊ വളവുകളൊ കണ്ടിട്ടും ആക്സിലറേറ്റർ ചവിട്ടി വേഗതയിൽ ഓടിച്ചു വന്ന് തൊട്ടടുത്തുമ്പോൾ മാത്രം ബ്രേക്ക് ചവിട്ടുന്നത് എത്ര മണ്ടത്തരം ആണെന്ന് ഓർത്തു നോക്കൂ. മുൻകൂട്ടി കാണുകയും ആക്സിലറേറ്ററിൽ നിന്ന് കാലെടുക്കുകയും ചെയ്താൽ ബ്രേക്ക് ചെയ്യാതെ തന്നെ വാഹനത്തിന്റെ വേഗത കുറയും. ഈ രീതിയിലുള്ള ഡ്രൈവിംഗ് രീതികൾ വഴി വാഹനത്തിന്റെ തേയ്മാനവും ഇന്ധന നഷ്ടവും ഏകദേശം 40 ശതമാനംവരെ കുറക്കാവുന്നതാണ്. മാത്രവുമല്ല യാത്രക്കാരെ കുലുക്കി മറിക്കുന്നതും ഒഴിവാക്കാം.


​ശരിയായ ഗിയറിന്റെ ഉപയോഗം

വേഗതക്ക് അനുസരിച്ചുള്ള ഗിയർ സെലക്ഷനും വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ലോ ഗിയറിൽ കൂടുതൽ ആക്സിലറേറ്റർ കൊടുക്കുന്നതും ഉയർന്ന ഗിയറിൽ കൊടുക്കാതിരിക്കുന്നതും ഇന്ധന നഷ്ടം ഉണ്ടാക്കുന്നു, കയറ്റങ്ങളിൽ ലോ ഗിയറിൽ കൂടുതൽ ആക്സിലറേറ്റർ കൊടുക്കുന്നതും സിറ്റികളിലെ തിരക്കുകളിൽ ഉയർന്ന ഗിയറിൽ ആക്സിലറേറ്റർ കൊടുക്കാതെ ഓടിക്കുന്നതും 20 ശതമാനം ഇന്ധനം അധിക നഷ്ടമാകുന്നതിന് കാരണമാകും.


​ക്രൂയിസ് കൺട്രോൾ ഉപയോഗപ്പെടുത്തുക

ഇപ്പോൾ ധാരാളം വാഹനങ്ങളിൽ ക്രൂയിസ് കൺട്രോൾ സവിധാനമുണ്ട്. ആക്സിലേറ്ററിൽ കാൽ കൊടുക്കാതെ ക്ലച്ചിൽ നിന്ന് കാലെടുത്ത് വണ്ടിയുടെ ഗതിഗോർജ്ജം കൊണ്ട് വാഹനം മുന്നോട്ട് പോകുന്ന രീതിയാണ് ക്രൂയിസ് കൺട്രോൾ ഒരുക്കുന്നത്. ഈ അവസരത്തിൽ വീലുകൾ എൻജിനെ കറക്കുന്നതിനാൽ ഇന്ധനം ഒട്ടും തന്നെ ചിലവാകുന്നില്ല എന്ന കാര്യം അറിഞ്ഞിരിക്കുക. ക്രൂയിസ് കൺട്രോൾ സംവിധാനം ഉള്ള വാഹനങ്ങളിൽ അത് ഉപയോഗപ്പെടുത്താം.

​ലോങ്ങ് ഐഡലിംഗ്

ട്രാഫിക് സിഗ്നലിലോ മറ്റോ 30 സെക്കൻഡിൽ കൂടുതൽ സമയം നിർത്തി ഇടേണ്ടി വരികയാണെങ്കിൽ എൻജിൻ ഓഫ് ആക്കുന്നതാണ് നല്ലത്. സ്റ്റാർട്ട് ചെയ്യുന്നതിന് ചെലവാകുന്നതിനേക്കാൾ കൂടുതൽ ഇന്ധനം അല്ലെങ്കിൽ നഷ്ടമാകും. വലിയ വാഹനങ്ങളിൽ ഒരുമണിക്കൂർ എൻജിൻ ഓൺ ആയിരുന്നാൽ തന്നെ മണിക്കൂറിൽ രണ്ടു ലിറ്റർ ഇന്ധനം നഷ്ടമാകും. ക്ളച്ചിലും ബ്രേക്കിലും കാൽ വച്ച് കൊണ്ട് വാഹനം ഓടിക്കുന്ന ശീലം ഒഴിവാക്കുന്നതും ഇന്ധനം ലഭിക്കാൻ സഹായിക്കും.