ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ ചാനുവിലൂടെ : ഭാരോദ്വഹനത്തിൽ ചാനുവിനു വെള്ളി.. | Tokyo Olympics India Got First Medal

ടോക്കിയോ : ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലെ ഉജ്വല പ്രകടനത്തോടെ മണിപ്പൂരുകാരി മീരാഭായ് ചാനുവാണ് ഇന്ത്യയുടെ അഭിമാനമായത്. 21 വർഷത്തിനു ശേഷമാണു ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം. ചൈനയുടെ ലോക ഒന്നാം നമ്പർ സിഹുയി ഹോയ്ക്കാണ് ഈ ഇനത്തിൽ സ്വർണം. 

സ്നാച്ചിൽ 84 കിലോഗ്രാമും 87 കിലോഗ്രാമും ഉയർത്തിയതിനു ശേഷം 89 കിലോഗ്രാം ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ചാനു രണ്ടാം സ്ഥാനത്തായിരുന്നു. അതേ സമയം 94 കിലോഗ്രാം ഉയർത്തി സിയുവി സ്നാച്ചിൽ ഒളിംപിക് റെക്കോർഡ് സ്ഥാപിച്ചു. പിന്നീടു ക്ലീൻ ആൻഡ് ജെർക്കിലെ ആദ്യ ശ്രമത്തിൽ 110 കിലോഗ്രാം ഉയർത്തിയ ചാനു രണ്ടാം ശ്രമത്തിൽ 115 കിലോഗ്രാം ഉയർത്തിയാണു മെഡൽ ഉറപ്പിച്ചത്. 

2000ലെ സിഡ്നി ഒളിംപിക്സിൽ 69 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽ മെഡൽ നേട്ടത്തിലെത്തുന്നത്. ഉത്തര കൊറിയ മത്സരത്തിൽനിന്നു പിൻമാറിയതോടെ 2 താരങ്ങൾ ഒഴിവായപ്പോൾ ചാനുവിന്റെ ലോക റാങ്കിങ് നാലിൽനിന്നു രണ്ടിലേക്ക് എത്തിയിരുന്നു.