വിന്റേജ് കാറുകൾക്ക് ഇനി പ്രത്യേക രജിസ്‌ട്രേഷൻ, മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തു. | Vintage Vehicle Registration

രാജ്യത്തെ വിന്‍റേജ് വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനവും നമ്പര്‍ പ്ലേറ്റും ഏര്‍പ്പെടുത്തി മോട്ടര്‍ വാഹന നിയമം ഭേദഗതി ചെയ്‍തു. ഇതിന്റെ ഭാഗമായി വിന്റേജ് വാഹനങ്ങള്‍ കാര്‍ രജിസ്ട്രേഷനായി കേന്ദ്രീകൃത സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

50 വര്‍ഷത്തിലേറെ പഴക്കമുള്ള, വാണിജ്യ ആവശ്യത്തിനുപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളാണ് വിന്റേജ് വാഹനങ്ങളായി പരിഗണിക്കുക. ഈ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പറില്‍ VA എന്നു കൂടി സംസ്ഥാന കോഡിനു ശേഷം ചേര്‍ക്കും. ആദ്യ രജിസ്ട്രേഷന് 20,000 രൂപയാണ് ഫീസ്. 10 വര്‍ഷം ആണ് കാലാവധി.പുനര്‍ രജിസ്ട്രേഷന് 5000 രൂപയാണ് ഫീസ്.

പ്രദര്‍ശന, ഗവേഷണ ആവശ്യങ്ങള്‍ക്കും കാര്‍ റാലിക്കും പുറമേ ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികള്‍ക്കും മാത്രമേ വിന്റേജ് വാഹനങ്ങള്‍ ഓടിക്കാവൂ. ഈ വാഹനങ്ങള്‍ മറ്റ് വാഹനങ്ങളെപ്പോലെ പതിവായി ഉപയോഗിക്കാന്‍ കഴിയില്ല, മാത്രമല്ല ഉടമകള്‍ക്ക് അവ വാണിജ്യപരമായും ഉപയോഗിക്കാന്‍ കഴിയില്ല.

2020 നവംബറില്‍ പുറത്തിറക്കിയ കരട് ചട്ടങ്ങള്‍ വിന്റേജ് മോട്ടോര്‍ വാഹനങ്ങളെ ഇരുചക്രവാഹനങ്ങളും ഫോര്‍ വീലറുകളും (വാണിജ്യേതരവും വ്യക്തിഗതവുമായ ഉപയോഗം) ഉള്ളവയും ആദ്യത്തെ രജിസ്ട്രേഷന്‍ തീയതി മുതല്‍ 50 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവയുമാണെന്ന് നിര്‍വചിക്കാനാണ് ശ്രമിച്ചത്.

എന്നാല്‍ ഈ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ വിന്റേജ് മോട്ടോര്‍ വെഹിക്കിള്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനുള്ള വ്യവസ്ഥകളും തുടങ്ങിയ കരട് വിജ്ഞാപനത്തിലെ ചില നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നിലവില്‍ വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പ്രക്രിയ നിയന്ത്രിക്കുന്നതിന് നിയമങ്ങളൊന്നുമില്ല. ഈ നിയമങ്ങള്‍‌ 1989ലെ സെന്‍‌ട്രല്‍‌ മോട്ടോര്‍‌ വെഹിക്കിള്‍ നിയമങ്ങളില്‍ ഉള്‍പ്പെടുത്താന്‍‌ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.